“അനശ്വരത”യുടെ കാമുകര്‍
കരുണാകരന്‍

ഒരാള്‍ക്ക്‌ മരണവുമായുള്ള ജന്തുബന്ധംപോലെ ഒന്നാണോ, എഴുത്തുകാര്‍ക്ക്‌ അവരുടെ എഴുത്തുമായുള്ളത് എന്ന് തീര്‍ച്ച പറയാനാവില്ല. 

 മരിക്കും എന്ന ബോധ്യത്തില്‍ നിന്നും വളരെ ദൂരെ നില്‍ക്കുന്ന ഒരാളെയാണ്, അല്ലെങ്കില്‍, ജീവിതം മോഹിക്കുന്നത്. അയാളുടെ പ്രവര്‍ത്തി മുഴുവന്‍ അങ്ങനെയൊരു ‘അകല’ത്തെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നു. 


എന്നാല്‍, എഴുത്തുമായുള്ള എഴുത്തുകാരുടെ ബന്ധം അവരെ തങ്ങളുടെതന്നെ ‘അനിവാര്യമായ കാണാതാവലി’ലേക്ക് എപ്പോഴും അടുപ്പിക്കുന്നു – അതുകൊണ്ടാണ് അവര്‍ “അനശ്വരത”യുടെ കാമുകര്‍കൂടിയായത്. അതിനാല്‍, അവരുടെ ജീവിതം ഒരേസമയം നശ്വരതയുടെയും അനശ്വരതയുടെയും കളിസ്ഥലംപോലെയാകുന്നു, ജനനിബിഡമെന്നും നിശൂന്യമെന്നും എപ്പോഴും പ്രകടിപ്പിക്കുന്നു.

 എന്തുകൊണ്ടാണ് “അവര്‍” അങ്ങനെയായത്? മറ്റ് എന്തിനേക്കാളും, സാഹിത്യം, ആദര്‍ശാത്മകമായ ഒരു പ്രവര്‍ത്തി എന്ന് അതിനെത്തന്നെ കണ്ടുപിടിച്ചതുകൊണ്ടാകും, ഒരു കാരണം. എഴുത്തിന്റെ ജീവിതം അങ്ങനെയൊരു കഥകൂടി പറയുന്നു. അത്തരമൊരു ഓര്‍മ്മ പറയാനാണ് ഈ കുറിപ്പ്. 

 കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ വായിച്ച ഒരു പുസ്തകം, “അനാഥം ഈ അഗ്നിവീണ” എന്ന നോവലായിരുന്നു. എം.ടി. ഉണ്ണിക്കണ്ണന്‍റെ നോവല്‍, മാളുബെന്‍ പ്രസിദ്ധീകരിച്ചത്. ഈ നോവല്‍, എം.ഗോവിന്ദന്‍റെ ജീവിതകഥയാണ്. അദേഹത്തിന്റെ ബാല്യം, യൌവനം, വാര്‍ധക്യം, മരണം എല്ലാം പറയുന്നതിനൊപ്പം, ആ ജീവിതത്തില്‍ എക്കാലത്തേക്കുമായി തമ്പടിച്ചിരുന്ന ഒരു എഴുത്തുകാരനെയും കഥ ഓര്‍മ്മിക്കുന്നു. എം. ഗോവിന്ദനെ എപ്പൊഴൊക്കെ ഓര്‍ത്തുവോ, അപ്പോഴൊക്കെ ഞാന്‍ ഒരാളുടെ എഴുത്തും അയാളുടെ മരണവും തമ്മിലുള്ള ബന്ധവും ഓര്‍ക്കുന്നു. രണ്ടിലുമുള്ള ആദര്‍ശത്തെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങുന്നു. 

ഈ കുറിപ്പിലെ ആദ്യത്തെ വരികളില്‍ എന്നപോലെ. തന്റെ ജീവിതത്തെ എഴുത്തില്‍ പിടിച്ചുനിര്‍ത്താന്‍ വളരെയധികം ആഗ്രഹിച്ച ഒരാള്‍, താന്‍ കവിമാത്രമാണ് എന്ന് വിശ്വസിച്ച ഒരാള്‍, തന്റെ ജീവിതാ വസ്ഥയെ ലോകത്തിലേക്കും കാലത്തിലേക്കും പടര്‍ത്തിയതിന്റെ കഥയാണ് എം. ഗോവിന്ദന്റെ ജീവിതം. 

അങ്ങനെയുള്ള അനവധി സന്ദരഭങ്ങള്‍ ഈ നോവലിലുണ്ട്. പലപ്പോഴും അത് ദുഖം തരും, വേദനിപ്പിക്കും. അപ്പോഴും, സര്‍ഗാത്മകതയിലുള്ള അനിഷേധ്യമായ വിശ്വാസം പുതുക്കുന്ന ഒരാളെ നമ്മുക്ക് കണ്ടുകിട്ടുകയും ചെയ്യും. അനാഥനാണ് താന്‍ എന്ന് ഗോവിന്ദന്‍ വിശ്വസിച്ചിരുന്നു, ഭാര്യ, പത്മാവതിയോട് അത് ഇടയ്ക്കൊക്കെയും പറഞ്ഞിരുന്നു. അങ്ങനെയൊരു ‘സ്വത്വ’ത്തില്‍ കുടുങ്ങിയ ഒരു ബാല്യം, അച്ഛന്‍ ബ്രാഹ്മണനായതുകൊണ്ടു മാത്രം ഗോവിന്ദനുണ്ടായിരുന്നു.

 ഒരുപക്ഷെ ഇങ്ങനെയാണത് : അയിത്തം മകനെ അച്ഛനില്‍ നിന്നും അച്ഛന്‍റെ ഇല്ലത്തുനിന്നും അകറ്റുന്നു, ദാരിദ്ര്യം അയാളെ എകാകിയാക്കുന്നു – ഏകാന്തത അയാളെ കവിതയിലേക്ക് കൊണ്ടുപോകുന്നു, കവിത അയാളെ ലോകത്തിലേക്കും ജീവിതത്തിലേക്കും നയിക്കുന്നു. ഇന്ത്യയും കേരളവും ലോകവും ഗോവിന്ദനെ എങ്ങനെയെല്ലാം കൊണ്ടുപോയി എന്ന് നോവലില്‍ പറയുന്നുണ്ട്, വിശദമായല്ലെങ്കിലും. 

എന്നാല്‍, അതിനേക്കാള്‍, ഈ നോവല്‍ ഗോവിന്ദന്റെ ‘ബന്ധങ്ങളെ’പ്പറ്റിയാണ്, തന്നോടും തനിക്ക് ചുറ്റും ഉള്ളവരോടും തന്റെതന്നെ ‘ആദര്‍ശ’ങ്ങളോടും. ഇതിലൊക്കെ താന്‍ ആരാണ് എന്ന് ചോദിക്കുന്നപോലെയും തോന്നും. അവസാന നാളുകളില്‍ ഒരു സമയം ആത്മഹത്യയ്ക്ക് ശ്രമിച്ചതില്‍ വരെ.
 ഭാര്യ, പത്മാവതിയുടെ മരണത്തിനു (അവരുടെ ബന്ധവും അവരുടെ കലഹങ്ങളും അവരുടെ സ്നേഹവും കഥയിലെ ജീവിതംതന്നെയാണ്) തൊട്ടു പിറകെ, 

 ഏറ്റവും ഹൃദയസ്പ്രുക്കായി തോന്നിയ ഒരു സന്ദര്‍ഭം ഗോവിന്ദനെ, അദ്ധേഹത്തിന്റെ അന്ത്യനാളുകളില്‍ കാണാന്‍ എത്തുന്ന ഒ.വി. വിജയന്റെയാണ്. അവരുടെ രണ്ടുപേരുടെയും കൂടിക്കാഴ്ച്ച, ഗോവിന്ദന്റെ ‘സര്‍പ്പം’ എന്ന പ്രശസ്തമായ കഥ വിജയന്‍ ഓര്‍ക്കുന്നത്, സംസാരത്തിനോടുവില്‍ ഉറങ്ങാന്‍ പോയ ഗോവിന്ദനെ ഉണര്‍ത്താതെ പിന്നെ അവിടെനിന്നും മടങ്ങുന്ന വിജയന്‍, അങ്ങനെ സ്നേഹവും ആദരവും കരുതലുമുള്ള ആ ബന്ധം പറയുന്നതിന്റെ അടുത്ത അധ്യായം (അവസാനത്തേതും) ഗോവിന്ദന്റെ മരണത്തെപ്പറ്റിയായതും യാദൃശ്ചികമാവില്ല. 

  എഴുത്തുകാരനെയും അയാളുടെ മരണത്തെയും വീണ്ടും ഒറ്റയ്ക്ക് യാത്രയാക്കുന്ന പോലെയാണ് അത് – വീണ്ടും വിജയന്‍റെ ഒരു കത്ത്‌ ഗോവിന്ദന് കിട്ടുമ്പോഴും. ആ കത്തില്‍ വിജയന്‍ വരച്ച ചിത്രങ്ങള്‍ നോക്കിയിരിക്കുന്ന ഗോവിന്ദനെ കാണുമ്പോഴും.. നമ്മുടെ നോവലുകളുടെ സാമ്പ്രദായികപാരമ്പര്യത്തില്‍ വരും, ഈ എഴുത്തും ഭാവനയും : ഭാഷയിലും സമീപനത്തിലും.

  ഉണ്ണിക്കണ്ണന്‍, ഗോവിന്ദന്റെ ബന്ധുകൂടിയായതുകൊണ്ടാകും, ഗോവിന്ദനോടുള്ള ആദരവും സ്നേഹവുമാണ് ഈ നോവലിന്റെ പ്രധാന ഉറവ, ഒരുപക്ഷെ എഴുത്തുകാരന്‍തന്നെ തന്റെ പൂര്‍വ്വസ്മൃതിയിലേക്ക് എത്തുന്നപോലെയും.... 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image