ഗംഗ 

എം ഗോവിന്ദന്‍ 

വിവര്‍ത്തനം "സി ജെ ജോര്‍ജ്

ഗംഗ എന്ന ആദിരൂപം ഈ നാട്ടിലെ ഭഗീരഥന്‍ എന്ന ഭരണാധികാരിയുടെ ഉദ്യമത്തിന്റെ ഫലമായി സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്കിറങ്ങിയതാണത്രേ ഗംഗാനന്ദി. മനുഷ്യവര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനുവേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്ന് അഗ്നി കട്ടെടുത്തു സമ്മാനിച്ച പ്രൊമിത്തിയൂസിന്റേതിനേക്കാള്‍ മഹത്തരമായ ഒന്നാണ് അദ്ദേഹത്തിന്റെ നേട്ടം.

 യൂറോപ്യന്‍ മനസ്സില്‍ പ്രൊമിത്തിയനുണ്ടായ സ്വാധീനം കവിതയെയും രാഷ്ട്രീയചിന്തയെയും ജീവത്താക്കുന്ന തരത്തില്‍ അതിശക്തമാണ്. മനുഷ്യമനസ്സിലെ സ്വാതന്ത്രദാഹത്തിന്റെ പ്രതീകമായി ഷെല്ലി അതിനെ കൈകൊണ്ടു പാറയില്‍ ബന്ധിതനായ പ്രൊമിത്തിയൂസായാണ് തൊഴിലാളിവര്‍ഗ്ഗത്തെ കാറല്‍ മാര്‍ക്‌സ് കണ്ടത്. കഷ്ടപ്പെടുന്ന തൊഴിലാളി വിഭാഗത്തിന്റെ ചേതനയെ ഇതു തട്ടിയുണര്‍ത്തി. 

     രണ്ട് അത്ഭുതങ്ങളാണ് ഭഗീരഥന്‍ കാഴ്ചവെച്ചത്. സ്വര്‍ഗ്ഗീയമായ അഗ്നിസ്ഫുരണങ്ങള്‍ പേറുന്ന ഗംഗാജലത്തെ അദ്ദേഹം താഴേക്കു കൊണ്ടുവന്നു. ഓടയിലെ ഗംഗയോടൊപ്പം ശിവപ്രതീകത്തിന്റെ മൂന്നാം കണ്ണില്‍ അഗ്നിയുണ്ട്. അവ പരസ്പരം ബന്ധപ്പെട്ടതു തന്നെ. ഇന്ത്യക്കാരായ നമുക്ക് ജലം ജീവന്‍ തന്നെയാണ്. ഉണ്മയുടെയും ആയിത്തീരലിന്റെയും ചാക്രികതയില്‍ ജീവശക്തിയായി അതെപ്പോഴുമുണ്ട്. ജലം ജീവശ്വാസത്തെവരെ ഉള്‍ക്കൊളളുന്നു. അത്യുന്നതങ്ങളില്‍ സങ്കേതം തേടി നൃത്തമാടുന്ന കരിനീലസുന്ദരികളായ മഴമേഘങ്ങള്‍ ജലവും അഗ്നിയും വായുവും പേറുന്നു! സ്വര്‍ഗ്ഗത്തിന്റെയും ഹിമാലയത്തിന്റെയും സന്തതിയായ ഗംഗയും അങ്ങനെതന്നെയാണ്.

     ഭാരത വര്‍ഷത്തിന്റെ സ്ഥാപകപിതാവായ ഭരതന് ജന്മം നല്‍കാന്‍ വിധിക്കപ്പട്ട (മേനകയുടെയും വിശ്വാമിത്രന്റെയും മകളായ) ശകുന്തളയെപ്പോലെ. ഗംഗ നദി മാത്രമല്ല. ഓരോ ഇന്ത്യക്കാരന്റെയും മനസ്സിനെ ചരിത്രബോധത്താലും ആദിരൂപമായ ഓര്‍മ്മകളാലും തിളങ്ങുന്ന ഊര്‍ജ്ജസ്വലമായ ശക്തികേന്ദ്രം കൂടിയാണത്. അവളൊരു സംസ്‌കാരത്തിനും നാഗരികതയ്ക്കും ജന്മമേകി. തെട്ടിലാട്ടി താരാട്ടി താലോലിച്ച് ചിരിയുടെ ചിറ്റോളങ്ങളാല്‍ ആരചിച്ച കുഞ്ഞുഗാനതല്ലജങ്ങളാലും പിന്നെപ്പിന്നെ ആഡംബരപൂര്‍ണ്ണമായ പ്രമോല്ലാസസംഗീതത്താലും അവളെ ഊട്ടിവളര്‍ത്തിയെടുത്തു. ശ്രുതിയും വേഗവും മാറിവന്നതിനൊപ്പം അവളുടെ രാഗവും പ്രകൃതിയും രൂപാന്തരപ്പെട്ടു. പ്രതിസന്ധിഘട്ടങ്ങളില്‍ വിശുദ്ധമായ താരാട്ട് വിലാപമായി, പ്രേമസംഗീതം വിഷാദാര്‍ദ്രമായി. അല്ലാത്തപ്പോള്‍ മറയില്ലാത്ത രണോത്സുകതയും അഗാധമായ ആവേശവും കൊണ്ട് അവളുടെ ഭാവചലനങ്ങള്‍ പൊടുന്നനേ ഭയാനകവും മൗലികമായ ക്രോധവേശത്താല്‍ ഉരുള്‍പൊട്ടിയൊഴുകുന്ന ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന താണ്ഡവമായി മാറി. 


 ഇന്ത്യയുടെ എല്ലാവിധ സമ്മേളനവും ഗംഗയിലുണ്ട്. മൗനത്തിനായുളള അതിന്റെ വിരക്തമായ ദാഹം, ബോധോദായത്തിലേക്കുളള ആരോഹണം, വശ്യമായ പരിശുദ്ധ, സംശയലേശമെന്യേയുളള സ്വീകരണേയിരിക്കുന്ന ഒഴുക്ക്.... 

 ഒരേസമയം സംഭവവബഹുലമായ ചരിത്രത്തിന്റെ ഏറ്റിറക്കങ്ങളിലും വിശാലതയിലുമുളള ഒഴുകിപ്പറക്കല്‍. ഗംഗയില്‍ പലതും സമന്വയിക്കുന്നു. അവളില്‍ കാവ്യദേവതയായ മ്യൂസ് ഉണ്ട്. വിദ്യാദേവി മിനര്‍വയുണ്ട്. ക്ലിയോയും ഓര്‍ഫ്യൂസുമുണ്ട്. ഓരോ ഇന്ത്യക്കാരന്റേയും ആന്തരതന്ത്രികളെ സ്പന്ദിപ്പിച്ച് അതീന്ദ്രിയതയിലേക്കെത്തിക്കുന്ന സംഗീതത്തിന്റെയും കവിതയുടേയും അനശ്വരസ്രോതസ്സാണ് അവള്‍. 

 അവള്‍ കവികളും ക്രാന്തദര്‍ശികളും ജ്ഞാനികളും അവരുടെ അസ്തിത്വവഴക്കങ്ങളെ പരിവര്‍ത്തിച്ച് ആത്മീയ തരംഗദൈര്‍ഘ്യത്തെ ഗംഗയുടെ ഭാവത്തിലേക്കും സംഗീതത്തിലേക്കും വിലിപ്പിക്കുന്നു. വാക്കുകളുടേയും പ്രതീകങ്ങളുടെയും ഇന്ദ്രജാലങ്ങളിലൂടെ ജനതയുടെ മനസ്സിലേക്കു കടന്നുവരികയും, ഭൂവൈവിധ്യങ്ങള്‍ക്കതീതമായ മാനസികൈക്യത്തിലേക്ക് ഏകോപിപ്പിക്കുവാന്‍ വെമ്പുകയും ചെയ്യുന്ന നാനാവര്‍ണ്ണമായ നാദധാരകളും ഇഴചേരലുകളും ചേര്‍ന്നൊരുക്കുന്ന സംഗീതം ഗംഗയുടെ ബഹുമുഖമായ ആവിഷ്‌ക്കരണങ്ങളില്‍ ഏകസ്വരമായിത്തീരുന്നു. 

      സ്ഥലപരമായി ഗംഗ ഒരു പ്രത്യേക ബിന്ദുവില്‍ ത്രിവേണിയാണ്. കാലത്തിലും അങ്ങനെതന്നെ എന്നെ സംബന്ധിച്ചേടത്തോളം ഇന്ത്യയുടെ ഭൂതകാലങ്ങളെക്കുറിച്ചുളള ഓര്‍മ്മയും വര്‍ത്തമാനത്തിലൂടെ ഭാവിയുടെ മഹാസാഗരങ്ങളിലേക്കുളള ഒഴുക്കിന്റെ പ്രതീകവുമാണ് ഗംഗ.(ജവഹര്‍ലാല്‍ നെഹ്‌റു, വില്‍ ആന്റ് ടെസ്റ്റ്‌മെന്റ്, 1954 ജൂണ്‍ 7 ന് റിക്കോര്‍ഡ് ചെയ്തത്.) ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന്റെയും പരമ്പരാഗതബോധത്തിന്റെയും മുമ്പോട്ടുളള കുതിപ്പുകളില്‍ സ്ഥലകാലങ്ങളെ വലയംചെയ്യുന്ന  നിരന്തര സാന്നിദ്ധ്യമാണ് ഗംഗ. 


ഇന്ത്യക്കാര്‍ അവരുടെ വംശീയ പരിസരത്തിന്റെ വൈജാത്യം, ജാതിപരമായ അസമത്വങ്ങള്‍, ദേശീയവും പ്രാദേശികവും സാംസ്‌കാരികവുമായ സവിശേഷതകള്‍ എന്നിവയക്കുപരിയായി ഗംഗയുടെ പ്രൗഢിയിലും ചാരുതയിലും ദൃഢമായി കണ്ണിചേര്‍ന്നിരിക്കുന്നു. കാലങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യന്‍ ക്ലാസിക്കുകള്‍ വിശേഷിച്ച് രാമായണവും മഹാഭാരതവും നേരിട്ട് ഗംഗയാല്‍ പ്രചോദിതമായവയാണ്. അതുവഴി അവയുടെ തുടര്‍ച്ചയായി നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട എല്ലാ സാഹിത്യജനുസ്സുകളുടെയും അവയുടെ ഇണക്കുകണ്ണികളെയും ചേര്‍ത്തുനിര്‍ത്തുന്ന ഊര്‍ജ്ജമായി ഗംഗ നിലകൊളളുന്നു.

    കവിതയില്‍, പ്രത്യേകിച്ചു ദക്ഷിണേന്ത്യന്‍ കവിതയിലുളള ഇതിന്റെ സ്ഥലകാലപരമായ പ്രത്യക്ഷീകരണത്തെ ആഴത്തിലും വ്യാപ്തിയിലും അടയാളപ്പെടുത്താനുളള ഉദ്യമങ്ങളൊന്നും തന്നെ നാളിതുവരെ ഉണ്ടായിട്ടില്ല. അത് എന്നത്തേക്കാളും പ്രസക്തമാണിപ്പോള്‍. ഗംഗയും അതിനെക്കുറിച്ചുളള പരമ്പരാഗതവിജ്ഞാനവും ഐതിഹ്യങ്ങളും പ്രാചീന കാലതൊട്ടിന്നോളം തെന്നിന്ത്യന്‍ കവികള്‍ക്ക് മതപരവും മതേതരവുമായ ഒടുങ്ങാത്ത വിഭവങ്ങള്‍ നല്കിപ്പോന്നിട്ടുണ്ട്. 

      ക്രിസ്തുവര്‍ഷം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇളംകോ അടികളുടെ ചിലപ്പതികാരമെന്ന തമിഴിലെ ആദ്യകാവ്യത്തില്‍ ഇതു വ്യക്തമാക്കുന്ന സൂചനകള്‍ നല്കുന്നുണ്ട്. കവിതകള്‍, വീരഗാനങ്ങള്‍, നാടോടിവാങ്മയം, കീര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ഗണനീയമായ ഒരു സാഹിത്യം ഉണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ആദിശങ്കരന്റെ ഗംഗാസ്‌ത്രോത്രമാണ്. 

 തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ സാഹിത്യം കൂടുതല്‍ക്കുടുതലായി യൂറോപ്യന്‍ സ്വാധീനത്തിന് വിധേയമാകുന്ന ആധുനികകാലത്തേയ്ക്കു വരുമ്പോഴും കവിതയുടെ പ്രവാഹത്തില്‍ നിന്ന് ഗംഗാ നദി പിന്‍വാങ്ങുന്നില്ല. ദേശീയതയുടെ ഉദയതരംഗങ്ങള്‍ കവികളെ ഉണ്മയുടെ ചാരുതയും പ്രൊഢിയും വൈപുല്യവും സാഫല്യവും വര്‍ണ്ണിക്കുന്ന നിരവധി കവിതകള്‍ക്ക് ഇന്ത്യ വീണ്ടും കാരണായി. ദേശാഭിമാനരപുനരുത്ഥാനത്തിന്റെ ഈ പുതുതരംഗത്തിന്റെ പ്രതിനിധികളാണ് സുബ്രഹ്മണ്യഭാരതി. കുമാരനാശാന്‍, വളളത്തോള്‍, വിശ്വനാഥ് സത്യനാരായണ, ആചാര്യരായ പ്രവലുക സുബ്ബറാവു, എം. ഗോവിന്ദപ്പൈ തുടങ്ങിയവര്‍ കന്നടയിലെ ഡി.ആര്‍.ബേന്ദ്രേ,ഗോപാലകൃഷ്ണ അഡിഗ, എസ്.സി. കമ്പര്‍, തമിഴിലെ യോഗീസുധാന്ദ ഭാരതി, കോതമംഗലം സുബ്ബു, കെ. വി. ജഗന്നാഥന്‍, സി.എസ്. ചെല്ലപ്പ, മലയാളത്തിലെ ജി. ശങ്കരക്കുറുപ്പ്, കുഞ്ഞിരാമന്‍നായര്‍, തെലുങ്കിലെ ഡി.വി. കൃഷ്ണശാസ്ത്രി, അരുദ്ര, നാരായണറാവു തുടങ്ങിയവര്‍ സമകാലികകവിതയില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നവരില്‍ ചിലരാണ്.

  ഇനിയും തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്ന അനവധി യുവകകവികള്‍ ഉണ്ട്. ഉണ്ടായിരിക്കണം. ഗംഗയുമായി ബന്ധപ്പെട്ട കവിതാലോകത്തിന്റെ സ്പഷ്ടമായ ഒരു ചിത്രം ലഭിക്കണമെങ്കില്‍ വളരെ വിപുലമായ ഒരു പഠനം ആവശ്യമായി വരും. ഗംഗയെ സംബന്ധിച്ച് ബിംബങ്ങളും ആലോചനകളും കുറെ വര്‍ഷങ്ങളായി എന്നെവേട്ടയാടുകയായിരുന്നു. 

എന്തുകൊണ്ട്? ്യൂഞാന്‍ അത്ഭുതപ്പെടുന്നു. ഒരുപക്ഷെ ആവിഷ്‌ക്കാരത്തിനു വെമ്പുന്ന മൂകമായ വംശീയ അസ്വാസ്ഥ്യമോ? ചിന്തകളുടെ മിടിപ്പോ ചിറകടിച്ചുപറക്കാന്‍ മോഹിച്ച് വെളിപ്പെടലിന്റെ വ്യഥപൂണ്ടു വിരിയുന്ന ഒരു ബിംബകല്പനയയോ? സ്ഥായിത്വത്തിനായുളള മൗലികസത്തയുടെ അസ്പഷ്ടമായ ആകാംഷയോ? യുക്തിസഹമായ ചട്ടുക്കൂടോ സ്വരൂപമോ ഇല്ലാത്ത അശാന്തതയോ? എന്തായിരുന്നാലും അസ്വസ്ഥതയാണത്.
 ഏതൊരു ഇന്ത്യക്കാരനും ഉടലു നല്കിയ പാട്ടിനോടും താളത്തോടും അനുനാദനം ചെയ്യാനും പ്രതിസ്ഫന്ദിക്കാനും അവസാനം എന്റെ സത്താസാകല്യത്തിനും സാദ്ധ്യമാവുകയാണോ? അതെ, തീര്‍ച്ചയായും അതെന്റേതുമാണല്ലോ. 
 തകര്‍ന്ന മണ്‍തരിയാകാം
 തണുത്ത മരണമാകാം 
 എങ്കിലീ മണ്‍തരിയെന്റെ 
 എങ്കിലീ മരണമെന്റെ 
 എങ്കിലീ വികാരമെന്റെ 
 ഞാനതിന്റെ, യതെന്റേതും
 അതിന്‍ ജീവിതഗര്‍വ്വങ്ങള്‍
 അതിന്റെ ജീര്‍ണ്ണപര്‍വ്വങ്ങള്‍

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image