അതിജീവനത്തിന്റെ ഉദാത്ത മാതൃക

എസ് സുന്ദര്‍ദാസ്

പീഡനാനുഭവങ്ങളില്‍ പതറാതെയും തളരാതെയും അര്‍ത്ഥ പൂര്‍ണമായ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സ്ത്രീക്ക് കഴിയുമെന്നതിന്റെ ഉജ്വലമായ മാതൃകയാണ് നദിയ മുറാദ്. അവര്‍ ഹൃദയ രക്തം കൊണ്ടെഴുതിയ 'ലാസ്റ്റ്‌ഗേള്‍' അതിന്റെ സാക്ഷ്യമാണിത്.

സമാനതകളില്ലാത്ത കൊടിയ പീഡനത്തിന്റെ കഥയാണ് നദിയാ മുറാദിന്റെ ജീവിതം. കൃത്യമായിപ്പറഞ്ഞാല്‍, ഐ എസ് ഭീകരരുടെ തടവില്‍കഴിയേണ്ടിവന്ന മൂന്ന് മാസക്കാലത്തെ ജീവിതം. 

അതിക്രൂരമായ ലൈംഗിക പീഢനമാണ് ഭീകരരില്‍ നിന്നും അവക്ക് നേരിടേണ്ടിവന്നത്. അതിന്റെ നേര്‍ വിവരണമാണ് 'ലാസ്റ്റ്‌ഗേള്‍'അവരുടെ പുസ്തകം. അവര്‍ക്ക് സമാധാനത്തിനുള്ള നോബെല്‍ പുരസ്‌കാരം ലഭിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഈ പുസ്തകം, ലോകത്തില്‍ മറ്റൊരു പെണ്‍കുട്ടിക്കും ഇതുപോലൊരു അനുഭവം ഇനി ഉണ്ടാകരുതേ എന്നും താനാകട്ടെ ഇത്തരം അനുഭവം നേരിടുന്ന ലോകത്തിലെ അവസാനത്തെ പെണ്‍കുട്ടി എന്നും ഉള്ള പ്രാര്‍ത്ഥനയാണ് .''I want to be the last girl in the world with a story like mine' എന്ന് നദിയ ആഗ്രഹം പ്രകടിപ്പിക്കുന്നുമുണ്ട്.

വടക്കന്‍ ഇറാക്കിലെ ഒരു അതിര്‍ത്തി ഗ്രാമായ കൊചോവില്‍ നിവസിവന്ന യസീദികള്‍ നേരിടുന്ന ഭീകരാക്രമണങ്ങള്‍ വിവരിച്ചു കൊണ്ടാണ് നദിയ തന്റെ അനുഭവവിവരണം തുടങ്ങുന്നത്. 

'തടവിലെ എന്റെ ജീവിതകഥയും ഇസ്ലാമിക് സ്റ്റേറ്റിനെതിരായ എന്റെ ജീവിതകഥയും' എന്ന ഉപശീര്‍ഷകം പുസ്തകത്തിന്റെ ഉള്ളടക്കം സൂചിപ്പിക്കുന്നു. 2014-ല്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോകുമ്പോള്‍ ഒരു   വിദ്യാര്‍ത്ഥിനിയായിരുന്ന നദിയക്ക് പ്രായം 21 വയസ്സ്. ഹൈസ്‌കൂളില്‍ അവസാന വര്‍ഷ പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു നദിയ. ഏക ദൈവവിശ്വാസികളായയ സീദിമതക്കാര്‍ ഒരു ന്യൂനപക്ഷ വിഭാഗമാണ്. ലോകത്തിലാകമാനമായി ഒരു ദശലക്ഷത്തില്‍ കുറവുമാത്രമായിരുന്നു അവരുടെ അംഗസംഖ്യ. ഐ എസ് ഭീകരരുടെ കൂട്ടക്കൊലക്ക് നിരന്തരം വിധേയരാകേണ്ടിവന്ന അവരുടെ അംഗ സംഖ്യ ഇന്ന് അതിലും എത്രയോ കുറവാണ്. 

2014-ല്‍ ഒറ്റ ദിവസം കൊചോവിലെ രണ്ട് യസീദി കര്‍ഷകരെ കാണാതായി. അടുത്ത ദിവസം അവരെ തട്ടിക്കൊണ്ടൂപോയ ഭീകരര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 40,000 ഡോളര്‍! അല്ലെങ്കില്‍ ആ കര്‍ഷകരും അവരുടെ കുടുംബങ്ങളും ഇസ്ലാം മതം സ്വീകരിക്കണം എന്നായിരുന്നു അവരുടെ ഉപാധി. കടുത്ത മതവിശ്വാസികളായ യസീദികള്‍ക്ക് മതം മാറ്റം അചിന്ത്യമായിരുന്നു. അവര്‍ മടിച്ചു നിന്നതോടെ അടുത്ത ദിവസം ഗ്രാമത്തിലെ ഒരു തുറസ്സായ സ്ഥലത്ത് രണ്ട് കര്‍ഷകരുടേയും മൃതദേഹങ്ങള്‍ കാണപ്പെട്ടു. 

അടുത്ത ദിവസങ്ങളില്‍ ഇത്തരം ആക്രമണങ്ങളും കൊലകളും പതിവായി. ഒരു ദിവസം ഐ എസ് ഭീകരര്‍ കൊചോ ഗ്രാമം ആക്രമിച്ച് ഒട്ടേറെ ഗ്രാമവാസികളെ തട്ടിക്കൊണ്ടു പോയി. പുരുഷന്മാരെയെല്ലാം അപ്പോള്‍ത്തന്നെ വധിക്കുകയും സ്ത്രീകളെ ഒരു ബസില്‍ കടത്തിക്കൊണ്ടു പോകുകയുമായിരുന്നു. അവരില്‍ ഒരാളില്‍ നദിയ. നദയോയയുടെ അമ്മയേയും സഹോദരങ്ങളേയും അവര്‍ വധിച്ചു. നദിയ അടക്കമുള്ള പെണ്‍കുട്ടികളെ അവര്‍ കൊണ്ടു പോയത് അടിമച്ചന്തയിലേക്കാണ്. ഐ എസ് അധീനതയിലുള്ള മേഖലകളില്‍ ഇത്തരം അടിമച്ചന്തകള്‍ ഇന്നും നിലനില്‍ക്കുന്നു. ഐ എസ് ഭരണ സംവിധാനത്തിലെ ഒരു ജഡ്ജിയാണ് നദിയയെ വിലയ്ക്ക് വാങ്ങിയത്. 

ജഡ്ജിയുടെ വസതിയില്‍ അതിക്രൂരമായ ലൈംഗിക പീഡനത്തിനാണ് നദിയവിധേയയായത്. ബലാല്‍ സംഗത്തിനുമുമ്പ് പെണ്‍കുട്ടികളെ അവര്‍ ഒരു വധുവിനെപ്പോലെ അണിയിച്ചൊരുക്കും. പിന്നെ അതിക്രൂരമായ ബലാല്‍സംഗം. ഇതിനിടയില്‍ ഇര കണ്ണടക്കാാന്‍ പാടില്ല. കണ്ണടച്ചാല്‍ ക്രൂരമായിമര്‍ദ്ദിക്കും. ഈ വിധത്തില്‍ അനേക ദിവസങ്ങള്‍ നദിയ തള്ളിനീക്കി. ഒരിക്കല്‍ ജനാലയിലൂടെ ചാടി രക്ഷപ്പെടാന്‍ നദിയ ശ്രമിച്ചപ്പോള്‍ പിടികൂടപ്പെട്ടൂ. ഇതിനുള്ള ശിക്ഷയായി ജഡ്ജി തന്റെ അംഗരക്ഷകരെക്കൊണ്ട് നദിയയെ കൂട്ട ബലാല്‍സംഗം ചെയ്യിച്ചു.

ഒടുവില്‍ ഭീകരരുടെ തടവില്‍നിന്നും നദിയ എങ്ങിനെ രക്ഷപ്പെട്ടുവെന്നത് ഏത് ത്രില്ലറിനേയും വെല്ലുന്ന കഥയാണ്. ഇറാക്കിലെ നഗരങ്ങളിലൊന്നായ മൊസൂളിലാണ് ഐ എസ് ഭീകരര്‍ നദിയയേയും മറ്റും തടവില്‍വെച്ചിരുന്നത്. ഒരു രാത്രിയില്‍ ഐ എസ് തടങ്കലില്‍ നിന്നും രക്ഷപ്പെട്ട നദിയ നഗരത്തിലെ ഒരു സുന്നിമുസ്ലീം കുടുംബത്തില്‍ അഭയം തേടി. കുടുംബനാഥനായ ജബാര്‍ ഒരു സുന്നിയുവതിയുടെ പേരിലുള്ള വ്യാജ ഐ ഡി സംഘടിപ്പിച്ചാണ് നദിയയെ മൊസൂളില്‍ നിന്നും കുര്‍ദിഷ് അധീനതയിലുള്ള കിര്‍കുക്കിലേക്ക് അതി സാഹസികമായി ഒളിച്ചുകടത്തിയത്.

നദിയയുടെ ആ രക്ഷപ്പെടല്‍ അതിവിശാലമായ ഒരു ജീവിതദൗത്യത്തിലേക്കായിരുന്നു. ഐക്യ രാഷ്ടസഭയുടെ ഗുഡ്‌വില്‍ അംബാസഡര്‍ ആയ അവര്‍ ഇന്ന് യസീദികള്‍ക്കുമ്മ് സംഘര്‍ഷമേഖലകളിലെ പീഡിതരായ സ്ത്രീകള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുകയാണ്. ആ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് നോബെല്‍ പുരസ്‌കാരം.

മനുഷ്യാവകാശ പ്രവര്‍ത്തകയും ലണ്ടനില്‍ അഭിഭാഷകയുമായ അമല്‍ കൊളൂണി ഈ പുസ്തകത്തിന് എഴുതിയ അവതാരികയില്‍ പറയുന്നു:'' നദിയസ്വന്തംശബ്ദം മാത്രമല്ലതിരിച്ചറിഞ്ഞത്. മനുഷ്യക്കുരുതിയ്ക്ക് ഇരയായ ഓരോ യസീദിയുടേയും പീഡനത്തിനിരയാകുന്ന ഓരോസ്ത്രീയുടേയും നിരാലംബമാക്കപ്പെടുന്ന ഓരോ അഭയാര്‍ത്ഥിയുടേയും ശബ്ദമായി മാറുക കൂടിച്ചെയ്തു അവള്‍.'' പീഡനാനുഭവങ്ങളില്‍ പതറാതെയും തളരാതെയും അര്‍ത്ഥ പൂര്‍ണമായ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സ്ത്രീക്ക് കഴിയുമെന്നതിന്റെ ഉജ്വലമായ മാതൃകയാണ് നദിയ മുറാദ് എന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image