ഗോവിന്ദനെ പരിചയപ്പെടുന്നത് 1946 ലാണ്. മദിരാശിയില്‍ പഠിക്കാന്‍ ചേര്‍ന്ന് ആറുമാസം കഴിഞ്ഞപ്പോഴായിരിക്കണം, മദിരാശി കേരള സമാജം ശനിയാഴ്ചതോറും നടത്താറുളള സാഹിതീ സഖ്യത്തില്‍ വെച്ചാണ് ആദ്യം കണ്ടുമുട്ടുന്നത്. പിന്നീട് അദ്ദേഹം താമസിക്കുന്ന പ്രസിദ്ധമായ 77ആ ഹാരിസ് റോഡിലെ വീട്ടില്‍ വൈകുന്നേരങ്ങളില്‍ നിത്യപതിവുകാരനായി. അദ്ദേഹം മരിക്കുവോളം ഈ ബന്ധം നാള്‍ക്കുനാള്‍ സുദൃഢമായിത്തീരുകയായിരുന്നു. വസ്തുനിഷ്ഠമായി ഗോവിന്ദനെക്കുറിച്ച് എന്തെങ്കിലും കുറിക്കാന്‍ എനിക്ക് കഴിയില്ല. ആത്മനിഷ്ഠമായ കാഴ്ചപ്പാടിന്റെ ചായം അപ്പോള്‍, ഈ കുറിപ്പില്‍ കലര്‍ന്നിരിക്കുമെന്നതു തീര്‍ച്ച.
നീണ്ട കാലത്തെ പരിചയവും പല രംഗങ്ങളിലും ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ പശ്ചാത്തലവുമൊക്കെ ഉണ്ടെങ്കിലും ഗോവിന്ദന്‍ എന്ന വ്യക്തിയെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാദിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. പൂര്‍ണ്ണമായല്ല ഭാഗികമായിപ്പോലും മനസ്സിലാക്കാന്‍  സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. പൂര്‍ണ്ണമായല്ല ഭാഗികമായിപ്പോലും  മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. 
ഗോവിന്ദന്‍ ആദ്യകാലം ചെലവഴിച്ചിരുന്നത് പ്രധാനമായും രാഷ്ട്രീയ രംഗത്തായിരുന്നു. ദേശീയ പ്രചോദിതമായ സ്വാതന്ത്ര്യസമരത്തിന്റെ സജീവ പ്രവര്‍ത്തകനായിട്ടല്ല, സാമൂഹ്യ നീതി കൈവരിക്കാനുളള ഉദ്യമങ്ങളില്‍ ശ്രദ്ധ പതിച്ചിട്ടുളള ഒരു ഭടനായിട്ട്. ഇതുകൊണ്ടായിരിക്കണം സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയില്‍ നടന്ന പല രാഷ്ട്രീയതകടിം മറികളേയും സൂക്ഷ്മമായി മനസ്സിലാക്കുകയും അതിന് തന്റേതായ അര്‍ത്ഥങ്ങള്‍ കണ്ടെത്തുകയും ചെയ്ത ഒരു ഗോവിന്ദനെ നമുക്ക് കാണാനിടയായത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാട്ടാനും അതിന്റെ അര്‍ത്ഥവ്യാപ്തി മനസ്സിലാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇരുളും മനുഷ്യഹൃദയങ്ങളില്‍ വൈരവും പരസ്പരം നശിപ്പിക്കാനുളള ഹാലിളക്കവും സര്‍വ്വത വ്യാപിച്ചുകൊണ്ടിരുന്നപ്പോള്‍ മനുഷ്യനെ ഉണര്‍ത്താനും ഉയര്‍ത്താനും കലാസമിതികളും നവസാഹിതി പ്രസ്ഥാനവുമായി ഗോവിന്ദന്‍ വഴികാട്ടിയായി നടന്നിരുന്നു. നെഹ്രുവിന്റെ പല ധീരമായ കാല്‍വെയ്പ്പുകളെ അദ്ദേഹം ഉത്സാഹത്തോടെ അഭിനന്ദിക്കുന്നതു കാണാനും ഇടയായിട്ടുണ്ട്.  ഇന്ദിരാഗാന്ധിയുടെ വരവോടെ ആദ്യമാദ്യം ഇന്ത്യ ഒരു പുതിയ ആരോഗ്യകരമായ വഴിത്തിരിവിലെത്തിയിരിക്കുന്നു എന്നദ്ദേഹം പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷ വളരെ പെട്ടെന്നു കെട്ടാറുകയുണ്ടായി. 
മനുഷ്യന്‍ മനുഷ്യനെ അശുദ്ധവസ്തുവായി മാറ്റി നിര്‍ത്തുന്ന ഒരവസ്ഥ നൂറ്റാണ്ടായി നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന വസ്തുത അദ്ദേഹം പലപ്പോഴും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ജാതിയും വര്‍ഗവും  എന്ന അദ്ദേഹത്തിന്റെ ആദ്യലേഖനം (ഇംഗ്ലീഷ്) ആണ് അത് പ്രസിദ്ധീകരിച്ച ഇന്‍ഡിപ്പെന്‍ഡന്റ് ഇന്ത്യയുടെ പത്രാധിപരും കൂടിയായിരുന്ന എം.എന്‍.റോയിയുമായി പരിചയമുണ്ടാക്കുന്നത്. 1974-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പോട്രി ആന്‍ഡ് റിനൈസാന്‍സ് - ആശാന്‍ ശതാബ്ദിപ്പതിപ്പിലെ കുറിപ്പവസാനിക്കുന്നതും ഇതേ വിഷയത്തിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ടാണ്, പിന്നീട് എഴുതിയ പല ലേഖനങ്ങളിലും (ഉദാ : ഓടക്കുഴലും കടുംതുടിയും മറ്റും) ഈ വിഷയത്തിന്റെ തന്നെ വര്‍ത്താമാനാവസ്ഥയും മിത്തോളജിക്കലായ സങ്കലപങ്ങളും ഇഴപിരിച്ചുകാണിക്കാന്‍ ശ്രമിച്ചിട്ടുളളതായി കാണാം.
മരിക്കുന്നതിനു രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുമ്പ്  ചെയ്ത ഒരു പ്രസംഗത്തിലും (ഡോ. കെ. ബി. മേനോന്‍ അനുസ്മരണ പ്രസംഗം - കോഴിക്കോട് ) ഈ പൊളളുന്ന സത്യത്തിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടുകയുണ്ടായി. 67 ശതമാനം ജനങ്ങളെ മാറ്റി നിര്‍ത്തി 13 ശതമാനം ജനങ്ങളെ പ്രതിനീധീകരിച്ച്                                 രൂപം കൊടുത്തതും പാസ്സാക്കിയെടുത്തതും ഭൂരിപക്ഷം ജനങ്ങളെ ഏതെങ്കിലും ഞായത്തിന്റെയോ തിരിമറികളുടേയോ പേരില്‍ മാറ്റി നിര്‍ത്താനുളള ഈ പ്രവണത എന്നോ തുടങ്ങിയതാണ്. ഈന്നും അതു നിര്‍ബാധം തുടരുന്നു. ഏറെയാളുകളെ എന്തിന്റെയെങ്കിലും പേരില്‍ മാറ്റി നിര്‍ത്തുന്ന ഈ ദുരാചാരത്തിനും അക്രമത്തിനും എതിരെ എന്നും അദ്ദേഹത്തിന്റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കാമായിരുന്നു. 
കടുവാക്കുഴിയുടെ സ്വാതന്ത്ര്യമല്ല അവിടെ നിവസിക്കുന്ന ജനങ്ങളുടെ - ഓരോ മനുഷ്യന്റെയും ആണിന്റെയും പെണ്ണിന്റെയും സ്വാതന്ത്ര്യമാണ് കാതലായ പ്രശ്‌നം. ഈ പ്രശ്‌നത്തെ പല കോണുകളില്‍ കൂടി കാണാനും അവയെക്കുറിച്ചുളള വിശദമായ ചര്‍ച്ചകളിലേക്കും പരിഹാരങ്ങളിലേക്കും നമ്മുടെ ശ്രദ്ധ തിരിച്ചിവിടാനുമാണ് ഗോവിന്ദന്‍ അദ്ദേഹത്തിന്റെ ആയുസ്സു മുഴുവന്‍ ചെലവഴിച്ചത്.
1948 മുതല്‍ ഗോവിന്ദന്‍ ഏറെ ശ്രദ്ധിച്ചിരുന്നത് സാഹിത്യ സാംസ്‌കാരിക രംഗത്തുണ്ടായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനകാലത്തും കവിതകളെഴുതിയിരുന്നെങ്കിലും സ്വന്തം   പേരുവെച്ച് കവിതകളും ലേഖനങ്ങളും നാടകങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നത് ഈ കാലത്തോടെയാണ്.
സാഹിത്യ രചനകളില്‍ കവിഞ്ഞ് ഗോവിന്ദന്‍ സാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിച്ചിരുന്നത് പലപ്പോഴും എഴുത്തുകളിലൂടെയും (പേഴ്‌സണല്‍ ലെറ്റേഴ്‌സ് ) ചെറിയ ചെറിയ ഒത്തുചേരലുകളിലൂടെയുമായിരുന്നു. ഗോവിന്ദനു ചുറ്റും ഒരു ചങ്ങാത്തക്കൂട്ടം എന്നുമുണ്ടായിരുന്നു. സാഹിത്യകലാസാംസ്‌കാരിക വിഷയങ്ങളെക്കുറിച്ചുളള നിരവധി ചര്‍ച്ചകളും ആശയവിനിമയവും നടത്താനുളള അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഗോവിന്ദന്‍ നിര്‍വ്വഹിച്ചിട്ടുളള പങ്ക് അസദൃശമാകുന്നു. കേരളത്തിനകത്തും പുറത്തും ഇങ്ങനെ എത്രയോ കൂട്ടായ്മകള്‍ നടന്നിട്ടുണ്ട്. ഇതൊക്കെ നടക്കുമ്പോള്‍ തുച്ഛശമ്പളക്കാരനായ ഗോവിന്ദനും അതേ നിലയ്ക്കുളള അദ്ദേഹത്തിന്റെ സ്‌നേഹിതന്മാരും എങ്ങിനെ ഇതൊപ്പിക്കുന്നുവെന്ന് ഇപ്പുറത്ത്  കുറെ ശങ്കാലുക്കളുമുണ്ടായിരുന്നു. ശങ്ക ശങ്കയായി ഏറെ നാള്‍ പുലര്‍ത്തിപ്പോരാന്‍ പറ്റില്ലല്ലോ. അങ്ങിനെയവര്‍ അദ്ദേഹത്തെ അമേരിക്കന്‍                                  ചിലപ്പോള്‍ ഉറക്കെയും എന്നാല്‍ കുശുകുശുപ്പ് പ്രസ്ഥാനമായി നിരന്തരമായും തുടര്‍ന്നിരുന്നു.
ഗോവിന്ദന്‍ മരിച്ചെങ്കിലും ഈ കുശുകുശുപ്പു പ്രസ്ഥാനം ഇന്നും നിലച്ചിട്ടില്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
കലാസാഹിത്യരംഗങ്ങളില്‍ ഗോവിന്ദന്റെ നില്പ് അന്ന് - എന്നല്ല ഇന്നും - പലര്‍ക്കും അലോസരമുണ്ടാക്കുന്നത്. 
പുരോഗമന സാഹിത്യത്തെ ചൊല്ലി വലിയ തര്ക്കവിതര്‍ക്കങ്ങള്‍ നടന്നിരുന്ന കാലമായിരുന്നു അന്ന് ഉയര്‍ന്നുകേട്ട ഒരു പെരുംപോരൂര്‍ സാഹിത്യകാരന്‍  ഏതു ചേരിയില്‍ എന്നായിരുന്നു പെട്ടെന്ന് ഉത്തരം പറയാന്‍ ആരും മുന്നോട്ടുവന്നില്ല. ധീരസാഹസികരായ നമ്മുടെ വലിയ എഴുത്തുകാരന്‍ പോലും ഉത്തരം മുട്ടി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് വളരെ സൗമ്യമായിട്ടെങ്കിലും ധീരമായി ഗോവിന്ദന്‍ ഉരച്ചത് മനുഷ്യന്റെ ചേരിയില്‍ എന്ന് മനുഷ്യന്റെ ചേരിയോ അങ്ങിനെയുമൊരു ചേരിയുണ്ടോ എന്ന പരിഹാസത്തിന്റെ കുഴമ്പുകള്‍ നിറഞ്ഞ് ആകാശം തന്നെ ഇരുണ്ടുപോയിരുന്നു. മനുഷ്യന്‍ ഹാ എത്ര മനോഹരമായ പദം എന്നു പറഞ്ഞ മാക്‌സിം ഗോര്‍ക്കിയെ പിടിച്ച് നാഴികയ്ക്ക് നാല്‍പതുവട്ടം ആണയിടുന്നവരാണ് ഈ പരിഹാസവീരന്മാരെന്നത് ഇന്നും ഒരു പ്രഹേളികയായവശേഷിക്കുന്നു. 
മാര്‍ക്‌സിസം സാമാന്യം ഭംഗിയായി പഠിച്ചിട്ടുളള ആളാണ് ഗോവിന്ദന്‍ മാര്‍ക്‌സിസത്തിന്റെ പ്രവര്‍ത്തനമേഖലയില്‍ ഏറെക്കാലം കര്‍മ്മനിരതനായിരിക്കുകയും മാര്‍ക്‌സിസിനത്തില്‍ നിന്നു മുന്നോട്ടുപോയാലേ മനുഷ്യവിമോചനം സാധിക്കുകയുളളുവെന്ന് അനുഭവബോധ്യം വരികയും ചെയ്ത എം.എന്‍. റോയിയുമൊത്തുളള പ്രവര്‍ത്തനം ഗോവിന്ദന്ന് ഈ രംഗത്തുളള ചിന്താശീലത്തെ വിവൃതമാക്കാന്‍  ഒട്ടേറെ സഹായിച്ചിട്ടുണ്ട്. ലോകദര്‍ശനങ്ങള്‍, ഇന്ത്യന്‍ ഫിലോസഫി, പിന്നെ മനുഷ്യന്റെ പരിണാമ ചരിത്രം ആധുനിക ശാസ്ത്രം സാങ്കേതികശാസ്ത്രം ഇങ്ങനെ നിരവധി വിഷയങ്ങള്‍ ഗ്രഹിക്കുകയും അവയെ തന്റെ ആത്മാവിന്റെ സാരാംശ ഉയര്‍ന്ന ചിന്തയേയും തന്റെ മനസ്സാക്ഷിയുടേയും സ്വതന്ത്രമായ മനോവ്യാപാരത്തിന്റേയും വെളിച്ചത്തില്‍  നല്പുംതില്പും അറിഞ്ഞ്  സ്വീകരിക്കാനുളളവനാണ് മനുഷ്യന്‍. എന്ന് ഗോവിന്ദന്‍ വിശ്വിസിച്ചിരുന്നു. ഈ പ്രപഞ്ചത്തിന്റെ നാരായ വേരു മനുഷ്യനാണ് എന്നും ഈ പ്രപഞ്ചത്തില്‍ ഇന്നു നാം കാണുന്ന സൗഭാഗ്യങ്ങളുടെയെല്ലാം കാരണക്കാരന്‍ മനുഷ്യനാണെന്നും ഇവയൊക്കെ ഒരുപക്ഷേ നശിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വവും  മനുഷ്യനായിരിക്കുമെന്നും അദ്ദേഹം പൂര്‍ണ്ണമായി വിശ്വിസിച്ചിരുന്നു.  മനുഷ്യനാണ് മനുഷ്യന്റെ മുരട് എന്ന പഴമൊഴിയില്‍ അദ്ദേഹം ഒരു പഴുതും കണ്ടില്ല. 
അപ്പോള്‍ സാഹിത്യമായാലും കലയായാലും മറ്റേതു മനുഷ്യപ്രവര്‍ത്തനമായാലും അതിന്റെ ബീജമായിരിക്കേണഅടത് മനുഷ്യനാണ്. ലക്ഷ്യം മനുഷ്യന്റെ  നന്മയാണ്, മനുഷ്യന്റെ വികാസമാണ്, മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. മനുഷ്യന്റെ ചേരിയിലല്ലാതെ സാഹിത്യകാരനോ കലാകാരനോ നില്‍ക്കാന്‍ സാദ്ധ്യമല്ല എന്നാണ് ഗോവിന്ദന്‍ വാദിച്ചത്. അന്ന് പിണങ്ങിപ്പിരിഞ്ഞവര്‍രപോലും ഇന്ന് ഇക്കാര്യത്തില്‍ യോജിപ്പുളളവരാണ് എന്ന് തോന്നുന്നു.
മനുഷ്യന്റെ ചേരിയില്‍ ആളെച്ചേര്‍ക്കാന്‍ നടന്ന ഈ പച്ചമനുഷ്യന്‍ ജയിച്ചോ തോറ്റോ? 
ഉത്തരം നല്‍കേണ്ടത്  നാമോരുത്തരുമാണ് അദ്ദേഹത്തോടൊപ്പം  പ്രവര്‍ത്തിച്ചവര്‍. അദ്ദേഹത്തോടൊപ്പം ജീവിച്ചവര്‍. അദ്ദേഹത്തെ അനുകൂലിച്ചവരും എതിര്‍ത്തവരും. 
മനുഷ്യന്റെ ചേരി വലുക്കാനുളള അദ്ദേഹത്തിന്റെ പ്രയത്‌നത്തില്‍ പങ്കുകൊളളാന്‍ സാഹിതകാരന്മാരും കലാകാരുമുണ്ടായിരുന്നു. കലാപ്രവര്‍ത്തകരും വെറും ആസ്വാദകരുമുണ്ടായിരുന്നു. കച്ചവടമോ തൊഴിലോ ചെയ്തു ജീവിക്കുന്ന ഒരിക്കലും അറിയപ്പെടാന്‍ ആഗ്രഹമില്ലാത്ത ആദര്‍ശശാലികളായ സാധാരണക്കാരുണ്ടായിരുന്നു. തൊഴിലാളികളും തൊഴിലാളി നേതാക്കുളുമുണ്ടായിരുന്നു. ഇവരൊടൊക്കെ സമഭാവനയില്‍ പെരുമാറാനും  തന്റെ  ഈ സന്ദേശത്തെ അവരിലും അവരില്‍കൂടി ചുറ്റുപാടുമുളള മനുഷ്യരിലും എത്തിക്കാനും അദ്ദേഹം കഠിനമായി യത്‌നിച്ചു.
ആരോഗ്യത്തെ നശിപ്പിച്ചു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ തന്നെ അമേരിക്കന്‍ ഡോളറിന്റെ വായ്ത്താരികള്‍ അദ്ദേഹം ശ്രുതിമധുരമായ ഒരു ഗാനം പോലെ ആസ്വദിച്ചുകൊണ്ടിരുന്നു. ഒരിക്കലും ഇക്കാര്യത്തെക്കുറിച്ച് മനസ്സുനൊന്തു വിതുമ്പുന്നതും എനിക്ക് കാണാനിടയായിട്ടുണ്ട്.
എന്നാല്‍ ഒരിക്കലും അദ്ദേഹം ഒന്നിന്റെയും മുമ്പില്‍ തല കുമ്പിട്ടിട്ടില്ല അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരില്‍  ചിലര്‍, അദ്ദേഹത്തെക്കാള്‍ ബുദ്ധിശക്തിയിലും കഴിവിലും മുന്തിയവര്‍, മിടുക്കന്മാര്‍ നാലുപപിച്ചക്കാശിനുവേണ്ടി. ചെറിയ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി തല കുമ്പിടുന്നത് കാണാനുളള നിര്‍ഭാഗ്യവും എനിക്കുണ്ടായി. അങ്ങിനെ നോക്കുമ്പോള്‍ പലപ്പോഴും ഇല്ലായ്മകളുടെയും കഠിനമായ പൂച്ഛത്തിന്റേയും കുശുകുശുപ്പു പ്രസ്ഥാനത്തിന്റേയും താന്‍തന്നെ ഇല്ലാതാക്കപ്പെടുമോ എന്ന ഭീതിദമായ അവസ്ഥയുടെയും മദ്ധ്യത്തിലും അദ്ദേഹം തന്റെ തന്റെ ചെറിയ ജീവിതം ചെറിയ തരത്തില്‍ അദ്ദേഹത്തെ ഇതിന് പ്രാപ്തനാക്കിയത് മനുഷ്യനിലുളള വിശ്വാസമാണ്. തന്നില്‍ തന്നെയുളള വിശ്വാസം, തന്നിലിക്കുമെന്ന മനുഷ്യന്റെ ഭാഗമാണ് ചുറ്റുപാടുമുളള വ്യക്തികളെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഏതെങ്കിലും ഒരു മനുഷ്യനെ മുന്തിയവനോ, മറ്റൊരുവനെ താഴ്ന്നവനെന്നോ ആയി കാണാന്‍ ഗോവിന്ദനു കഴിഞ്ഞിരുന്നില്ല. മനുഷ്യരില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന മഹാസിദ്ധയെ കാണാനും അതിനെ ഉണര്‍ത്തി ദേശത്തിനും സമൂഹത്തിനും  കലയ്ക്കും സാഹിത്യത്തിനും ഉപകാരപ്രദമാക്കിത്തീര്‍ക്കാനും വേണ്ടിയുളള യജ്ഞമായിരുന്നു ആ ജീവിതം.
ഗോവിന്ദന്റെ ലേഖനങ്ങള്‍, കവിതകള്‍, കഥകള്‍, 'നീ മനുഷ്യനെ കൊല്ലരുത്' എന്ന നാടകം ഇനിയും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നിരവധി ഉപന്യാസങ്ങള്‍ എന്നിവയെക്കാള്‍ എത്രയോ അധികമാണ് അദ്ദേഹം സുഹൃത്തക്കള്‍ക്കയച്ചിട്ടുളള എഴുത്തുകള്‍. നിരന്തരമായി എഴുത്തുകള്‍ എഴുതുന്ന പ്രകൃതക്കാരനായിരുന്നു ഗോവിന്ദന്‍. തന്റെ കയ്യില്‍ വരുന്ന ഗ്രന്ഥങ്ങള്‍ അതത് വിഷയങ്ങളുമായി ബന്ധമുളള സ്‌നേഹിതന്മാര്‍ക്ക് അയച്ചുകൊടുക്കുന്നതും പതിവായിരുന്നു. ഇത് കേരളീയരായ സുഹൃത്തുക്കളുടെ ഇടയില്‍ മാത്രം ഒതുങ്ങുന്ന സംഗതിയായിരുന്നില്ല. ഇന്ത്യയ്ക്ക്കത്തും പുറത്തുമുളള ഒരു വലിയ സുഹൃദ്‌വലയമുണ്ടായിരുന്നു ഗോവിന്ദന്.
മലയാളവും മറ്റ് ഭാഷകളുമായി, സാഹിത്യവും മറ്റ് കലകളുമായി ഒരു പാലമായി വര്‍ത്തിച്ചവനാണ് ഗോവിന്ദന്‍. ഇതിന്റെ ഫലമത്രെ സമീക്ഷയുടെ നാല് ഇംഗ്ലീഷുപതിപ്പുകള്‍. ഇത്രയും ലേഖനങ്ങളും കവിതകളും ഉള്‍ക്കൊളളുന്നതും മലയാളം, മറ്റു ദേശഭാഷാ സാഹിത്യം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ മുതലായ ഭാഷകളിലെ നവോത്ഥാനസ്മരണ ഉണര്‍ത്തുന്ന രചനകള്‍ എല്ലാം ചേര്‍ന്ന ഇത്തരം ഗ്രന്ഥങ്ങള്‍ മലയാള ദേശത്ത് മുമ്പുണ്ടായിട്ടില്ല. ഇവയെല്ലാം എഡിറ്റ് ചെയ്തത് ഗോവിന്ദനാണ്. ഒരു എഡിറ്റര്‍ എന്ന നിലയില്‍ നവസാഹിതി. ഗോപുരം, സമീക്ഷയുടെ മലയാളപ്പതിപ്പുകള്‍ എന്നിവയിലൂടെ ഗോവിന്ദന്റെ കഴിവുകള്‍ നേരത്തെതന്നെ തെളിയിക്കപ്പെട്ടതാണ്.
ഗോവിന്ദന്റെ ഒരു ലേഖനത്തില്‍ 'അരചന് അബദ്ധം പറ്റും' എന്ന പഴമൊഴി എടുത്തു ചേര്‍ത്തിട്ടുണ്ട്. ആരാണീ അരചന്‍? പണ്ടുകാലത്ത് നാട്ടുപ്രമാണിയും പിന്നീട് നാട്ടിലെ രാജാവും ചില രാജ്യങ്ങളില്‍ സീസര്‍, കൈസര്‍, സാര്‍, ഫ്യൂറര്‍ അങ്ങിനെ പല രൂപാന്തരങ്ങളും അതിന് വന്നിരിക്കാം. ഏതായാലും അധികാരം കയ്യാളുന്നവന് തെറ്റുപറ്റുകയില്ല എന്നാണ് ആ പഴമൊഴിയുടെ പൊരുള്‍. രാജാവിനെ പ്രത്യക്ഷദൈവമായിക്കണ്ട ഇന്ത്യക്കാര്‍ക്ക് മാത്രമല്ല മറ്റു ദേശക്കാര്‍ക്കും രാജഭക്തി ഈശ്വരഭക്തിക്കും തുല്യമാണ്. ഇതിനെ തുരുത്തിയ മറ്റൊരു മൊഴിയുണ്ട്. തെറ്റു മനുഷ്യനേ പറ്റു (ലൃൃീൃ ശ െവൗാമി) നാം സ്വീകരിക്കുന്ന സ്വീകരിക്കേണ്ട മാര്‍ഗ്ഗം ഏതാണ്? ഗോവിന്ദന് ഇക്കാര്യത്തില്‍ സംശയമേതുമുണ്ടായിരുന്നില്ല തെറ്റു വരുത്തുന്ന മനുഷ്യന്‍ തെറ്റു തിരുത്തിക്കൊളളും. തെറ്റുതിരുത്തലിന്റെ പരിവര്‍ത്തനത്തിന്റെയും പരിണാമത്തിന്റെയും ചരിത്രമാണ് മാനവചരിതം. ഈ ചരിത്രത്തിന്റെ നൂലാമാലകള്‍ - കുരുക്കുകള്‍ അഴിക്കാനാണ് ഗോവിന്ദന്‍ തന്റെ ജീവിതം മുഴുവന്‍ യത്‌നിച്ചത്.
മനുഷ്യനെക്കുറിച്ചുളള മൂലസങ്കല്പം ഗോവിന്ദനെ ജനായത്തസമ്പ്രദായത്തിന്റെ വക്താവാക്കിത്തീര്‍ത്തു. അവസാനം അദ്ദേഹം എഴുതിയിട്ടുളള ലേഖനവും ജനായത്തസമ്പ്രദായത്തെക്കുറിച്ചുളളതാണ്. എന്താണ് ജനായത്തസമ്പ്രദായം? അത് ഒരാള്‍ക്കൂട്ടത്തിന്റെ പ്രകമ്പനവും ഘോരാട്ടാഹസവുമാണോ? അതോ വിവേകികളായ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും അവയുടെ സമവായവുമാണോ? ജനായത്തസമ്പ്രദായത്തിന്റെ ദൂഷ്യങ്ങളെന്ത്? ഇവയെക്കുറിച്ചെല്ലാം വളരെ സരളമായും എന്നാല്‍ വ്യക്തമായും എഴുതിയിട്ടുളള സാമാന്യം നീണ്ട ലേഖനമാണത്. ജനായത്തമെന്നൊക്കെപ്പറയുന്നത് ബുര്‍ഷ്വാ പെറ്റിബുര്‍ഷ്വാ കുടിലതന്ത്രമാണ് എന്ന് വിശ്വസിക്കുകയും ആ വിശ്വാസത്തെ ആള്‍ക്കൂട്ടത്തില്‍ അടിച്ചേല്പിക്കാന്‍ അഹോരാത്രം ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ഇന്നും ഇതൊക്കെ അരോചകമായിത്തോന്നാം. 
വ്യക്തികള്‍ ചേര്‍ന്ന സമൂഹത്തിന്റെ സഹജമായ ജൈവാവസ്ഥയാണ് ജനായത്തം. വ്യക്തിയെ നിഹനിച്ചിട്ട്, വ്യക്തിയെ നിരസിച്ചിട്ട് ഒരു ജൈവസമൂഹത്തെ സങ്കല്പിക്കാനോ കരുപ്പിടിപ്പിക്കാനോ സാധിക്കുകയില്ല. അങ്ങിനെ ശ്രമിച്ചുട്ടളളതിന്റെ തിക്താനുഭവങ്ങള്‍ ഇന്ന് നമുക്ക് ചുറ്റും കാണാറായിട്ടുണ്ടല്ലോ. വ്യക്തികള്‍ ചേരുന്ന സമൂഹത്തില്‍ വ്യക്തികളും വ്യക്തികളും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടാകാം. ആശയാദര്‍ശ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അഭിപ്രായ വ്യത്യാസങ്ങളെ ഭിന്നമായ് ചിന്താരീതികളെ ഭിന്ന സങ്കല്പങ്ങളെ എങ്ങിനെ ഒരുക്കൂട്ടിപ്പോകാം? തല കൊയ്യുന്നതാണോ '' മാര്‍ഗ്ഗം? തലകൊയ്യുന്നത് വളരെ പഴയ മാര്‍ഗ്ഗമാണ്. പ്രാകൃതമാണെന്നും കരുതപ്പെടുന്നു. അപ്പോള്‍ പ്രാകൃതമാര്‍ഗ്ഗം വെടിഞ്ഞ് ഒരു പുതിയ സരണി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുന്നു. ജനായത്തം അനിവാര്യമായിത്തീരുന്നതിവിടെയാണ്.
ആരുടേ ചേരിയില്‍ എന്ന ചോദ്യത്തിലെ ഭീഷണിപ്പോലെതന്നെ ജനകീയജനാധിപത്യത്തിന്റെ ഭീഷണിയും 48 മുതലേ കേരളത്തിലെ അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ജനായത്ത സമ്പ്രദായത്തിന്റെ മൂല്യബോധത്തിലേക്ക് ജനങ്ങളെ അടുപ്പിക്കാന്‍ ലക്ഷ്യം. സമ്പ്രദായം എന്നിവ വിശദമാക്കാന്‍ ഗോവിന്ദന്‍ അത്യധികം പാടുപെട്ടിട്ടുണ്ട്.  സാഹിത്യം രചിക്കുന്നത് ആരുടെ തീരുമാനമനുസരിച്ചായിരിക്കണം? എന്ന മറ്റൊരു ചോദ്യവും ഇക്കാലത്തുയുര്‍ന്നിരുന്നു. ശിരോമണിമാരും പ്രഫസര്‍മാരും കല്പിക്കുന്നതനുസരിച്ചു വേണോ? മലയാളത്തില്‍ ശിരോമണിമാരും പ്രഫസര്‍മാരും കല്പിച്ചിതനുസരിച്ച് അറിയപ്പെട്ടവരാരും ഒരു കൃതിപോലും രചിച്ചിട്ടില്ല പിന്നെ ഈ ചോദ്യത്തിലെ കുസൃതി എന്താണ്? ്‌നിരരക്ഷരും നിരാലംബരുമായ അധസ്ഥിതവര്‍ഗ്ഗത്തിന്റെ മേല്‍ കങ്കാണി ചമഞ്ഞ തങ്ങള്‍ - നേതാക്കന്മാര്‍ - അവരുടെ അഭിരുചിക്ക് അനുസരിച്ച് കൃതികള്‍ രചിച്ചാലേ അവ പുരോഗമനസാഹിത്യമാവുകയുളളു എന്നായിരുന്നു വാദം. ഏകാധിപത്യധിക്കാരത്തിന്റെയും പുഴുത്ത നാടുവാഴിജന്മിവഴക്കത്തിന്റെയും ഈ അപസ്മാരചേഷ്ടകളെ ശക്തിയുക്തം എതിര്‍ക്കാനും മുമ്പിട്ടിറങ്ങിയത് ഗോവിന്ദനായിരുന്നു. കഴിഞ്ഞ നാല്പത്തഞ്ചിലേറെക്കൊല്ലമായി ഗോവിന്ദന്‍ തന്റെ സംവാദങ്ങള്‍, ലേഖനങ്ങള്‍, കവിതകള്‍, കഥകള്‍, നാടകങ്ങള്‍ എന്നിവയില്‍ക്കൂടി പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചത് ഇത്തരം കാര്യങ്ങളാണ്. അവ വേണ്ടപോലെ മനസ്സിലാക്കാനോ ഉള്‍ക്കൊളളാനോ നമുക്കു കഴിഞ്ഞിട്ടുണ്ടോ?
ഞാനും മറ്റവനും തമ്മിലുളള വ്യത്യാസമുണ്ടല്ലോ ആ വ്യത്യാസം മാറി മനുഷ്യന്‍ എന്ന സങ്കല്പത്തില്‍ എത്താതെ നമുക്ക് രക്ഷയില്ല എന്നതാണ് ഗോവിന്ദന്റെ മതം. അപ്പോള്‍ ഈ ഭൂമിക്ക് ശ്രീയായിരിക്കുന്ന, ഈ ഭൂമിയെ മാറ്റിമറിക്കുന്ന ആ മനുഷ്യെന്ന കേന്ദ്രബിന്ദുവിലേക്ക് കേരളീയരെയും ഒട്ടൊക്കെ ഭാരതദേശത്തിലെ ഇതരഭാഗങ്ങളിലെ ജനങ്ങളെയും എത്തിക്കാന്‍ വേണ്ടിയുളള, ഒരുപക്ഷെ, ഏകാന്തപഥികനായിട്ടുളള ശ്രമമാണ് ഗോവിന്ദന്‍ നിര്‍വ്വഹിച്ചുകൊണ്ടിരുന്നത്. മാറുന്നവനേ മനുഷ്യനാകൂ എന്നു ഗോവിന്ദന്‍ ശഠിച്ചിരുന്നു. മാറുന്നവനെ മാറ്റത്തെ ത്വരിതപ്പെടുത്താനും അതിന്റെ കാരകശക്തിയായിത്തീരാനും കഴിയുകയുളളുവെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.  മറ്റുളളവരെല്ലാം മാറട്ടെ ദുഷിച്ചു നാറിയ സാമൂഹ്യക്രമം മാറട്ടെ അതില്‍പിന്നെ താനും മാറിക്കൊളളാമെന്ന തന്ത്രവും അടവും എന്നും ഗോവിന്ദന് അപഹാസ്യമായി തോന്നിയിരുന്നു.
ഈ തന്ത്രവും അടവും ഭാഷയിലും പ്രയോഗത്തിലും ആശയപ്രചരണ രീതിയിലും കലര്‍പ്പും കാലുഷ്യവും കാകോളവുമായി പ്രത്യക്ഷപ്പെടുമ്പോള്‍ ഗോവിന്ദന്‍ എന്നും വാഗ്ഭടനായി രംഗത്തുവരുമായിരുന്നു. ജയകേരളം  ലോകവാണി എന്ന മദിരാശി പ്രസിദ്ധീകരണങ്ങളില്‍ വാഗ്ഭടന്‍ എന്ന തൂലികാ നാമത്തില്‍ ഗോവിന്ദന്‍ കറെ ലേഖനങ്ങളും കുറിപ്പുകളും എഴുതിയിട്ടുണ്ട്. നര്‍മ്മവും ഐറണിയും ആക്ഷേപഹാസ്യവും നുര കുത്തുന്ന  ഈ രചനകളൊന്നും പുസ്തകരൂപത്തില്‍ പ്രകാശിതമായിട്ടില്ല. അമ്പതുകളിലും അറുപതുകളിലും നമ്മുടെ നാട്ടില്‍ കൊടുകുത്തി വിലസിയിരുന്ന ക്ഷുദ്രമായ ആശയപ്രചരണകോലാഹലത്തിന്റെ നേരെ ഗോവിന്ദന്‍ എടുത്ത നിലപാട് വ്യക്തമാക്കുന്ന അത്തരം കുറിപ്പുകള്‍ക്ക് ഇന്നും പ്രസക്തിയിണ്ട്. ആടിനെ പട്ടിയാക്കുന്ന വിദ്യ പ്രയോഗിക്കുവാന്‍ മിടുക്കുളളവര്‍ ഇന്ന് നമ്മുടെ നാട്ടില്‍ പണ്ഡിതന്മാരും ജ്ഞാനവൃദ്ധന്മാരുമായി പരിശോഭിക്കുകയാണല്ലോ. അവരുടെയൊക്കെ ഉള്ളിലെ അടിയൊഴുക്കുകളായിരുന്ന നാടുവാഴിജന്മിമനസ്ഥതിയുടെ നഗ്നചിത്രങ്ങള്‍ എന്തുമാത്രം ജുഗുപ്‌സാവഹവും ഭീകരവുമാണെന്ന് തെളിയിക്കുന്നവയായിരുന്നു ആ കുറിപ്പുകള്‍. 
മനുഷ്യന്റെ ചേരിയില്‍ എന്ന ആ പ്രസിദ്ധമായ ലേഖനം പോലും പുസ്തകരൂപത്തില്‍ വന്നതായി ഞാനോര്‍ക്കുന്നില്ല.
നാം ജീവിച്ച ഈ കാലഘട്ടത്തില്‍, സ്ഥാനമാനങ്ങളെച്ചൊല്ലി കലഹിച്ചു നടക്കുന്നവരുടെയും അവയില്‍ ചിലത് കിട്ടിയതിന്റെ പേരില്‍ കുന്തിച്ചു നടക്കുന്നവരുടെയും  ഈ കാലഘട്ടത്തില്‍ അത്തരം സ്ഥാനമാനങ്ങളെ വിലവെക്കാതെ, അംഗീകാരങ്ങളെ കണക്കാക്കാതെ അവരെക്കൊണ്ടൊക്കെ കിട്ടാവുന്#ിന സുഖസൗകര്യങ്ങളെ തൃണവല്‍ഗണിച്ച് തന്റെ കഷ്ടപ്പാടുകളില്‍ ആരെങ്ങനെ പങ്കെടുക്കുന്നുവെന്ന് സമൂഹത്തേയോ ലോകത്തേയോ ഒരിക്കലും അറിയിക്കാതെ ഇങ്ങനെയും ഒരു മനുഷ്യന്‍ നമ്മുടെകൂടെ ജീവിച്ചിരുന്നുവെന്നത് നമുക്ക് എന്നും അഭിമാനിക്കാവുന്ന കാര്യമാണ്.
പാരനന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം. 
മാനിയായിരുന്നു ഗോവിന്ദന്‍ മൃതിയില്‍ പോലും.


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image