ഗാന്ധി ജയന്തിയുടെ ഒന്നര നൂറ്റാണ്ടു കടക്കുമ്പോള്‍ ഗാന്ധി ഭവന്‍ എന്ന പേരില്‍ വീടും ആലംബവും നഷ്ട്ടപ്പെട്ട ആയിരത്തിലേറെ  പേരെ സംരക്ഷിക്കുന്ന ഒരു വ്യക്തിയെക്കാള്‍ ആദരിക്കാന്‍ പറ്റിയ മറ്റാരുണ്ട് .ഗാന്ധി സ്വപ്നം കണ്ട ആദര്‍ശങ്ങള്‍ തനതായ നിലയില്‍ നടപ്പാക്കി വരുന്ന പുനലൂര്‍ സോമരാജന്‍ ഗാന്ധിയുടെ ഒരു വന്‍ പ്രതിമക്കു കീഴില്‍ അന്യ ജീവനെ സ്വജേവന്‍ പോലെ കണ്ടു ഏറ്റവും ഉചിതമായ രീതിയില്‍ സംരക്ഷിക്കുന്നു .പുതിയ കാലത്തെ കാരുണ്യപ്രവര്‍ത്തനം എന്താകണമെന്നു ഒരു വ്യാഴവട്ടം കൊണ്ടു ഗാന്ധിഭവന്‍ ലോകത്തിനു മനസ്സിലാക്കി കൊടുത്തു .മതിലുകളില്ലാതെ വളരുകയാണ് ഈ സ്നേഹരാജ്യം.സ്നേഹം കൊടുത്തു സന്തോഷം വാങ്ങുന്ന ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ ആദ്യമായി ഒരു മാധ്യമത്തിനു അനുവദിച്ച  അഭിമുഖം.നവലോകം.കോം അസിസ്റ്റന്റ്‌ എഡിറ്റര്‍ ബാബു ഇരുമലയുമായി നടത്തിയ ദീര്‍ഘ സംഭാഷണം .

പുനലൂര്‍ സോമരാജന്‍ ഗാന്ധി ഭവന്‍ കുടുംബത്തില്‍ 


? താങ്കള്‍ എന്തായിരുന്നു 

 ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്.കുട്ടിക്കാലവും വിദ്യാഭ്യാസ കാലവും ഒക്കെത്തന്നെ കഷ്ടതയും വേദനയും നിറഞ്ഞതായിരുന്നു. പലപ്പോഴും സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് പഠിക്കേണ്ടി വന്നു. സ്കൂൾ കാലത്തിനു ശേഷമുള്ള പഠനം പ്രൈവറ്റായിട്ടായിരുന്നു. അദ്ധ്യാപകനായി സമാന്തര വിദ്യാഭ്യാസ മേഖലയിൽ 1Oവർഷക്കാലം പ്രവർത്തിക്കുകയുണ്ടായി. ബാലജനസഖ്യം പോലെയുള്ള സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പിന്നിട്ട് ഒരുപാട് സംഘടനകളിൽ ഞാൻ ചേരുകയുണ്ടായി. ആകാശവാണിയുടെ ബാലലോകത്തിനു വേണ്ടി സംസ്ഥാനതലത്തിൽ ക്ലബ്ബുകൾ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകി. മദ്യവർജന പ്രവർത്തനങ്ങൾ ഒരു കാലഘട്ടത്തിൽ എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ഗാന്ധിജി എന്റെ മനസിൽ എപ്പോഴും സ്വപ്നമായി നിലകൊണ്ടു. വായിച്ചപ്പോഴൊക്കെ എന്തുകൊണ്ട് ഗാന്ധിജിയെ നമുക്ക് ജീവിതത്തിൽ പകർത്തി കൂട എന്ന് തോന്നിയിട്ടുണ്ട്. ഗാന്ധിജി നടന്ന പാതയിലൂടെ എന്തുകൊണ്ട് നമുക്ക് നടന്നു കൂട എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് ഞാൻ ജനിച്ചത്.എന്റെ അച്ഛൻ ഒരു കമ്മ്യൂണിസ്റ്റ് വക്താവായിരുന്നു. എങ്കിലും മഹാത്മ ഗാന്ധിജിയെ ഞാൻ കണ്ടിരുന്നത് രാഷ്ട്രീയത്തിനും അപ്പുറമുള്ള ഒരു മഹത്വമായിട്ടാണ്. അങ്ങനെ ഗാന്ധിജിയുടെ ആ ചിന്തകളെ ഒരു വിപ്ലവ മനസുള്ള എന്റെ ചിന്തകളോട് ചേർത്തു വയ്ക്കുകയായിരുന്നു. ഗാന്ധിമാർഗത്തിലൂടെ, ഗാന്ധിജിയുടെ പ്രായോഗിക ജീവിതത്തിലൂടെ എനിക്ക് കടന്നു പോകേണ്ടി വന്നു. 

 ? പൊതു പ്രവർത്തകനായിരുന്നു, കച്ചവട സ്ഥാപനങ്ങൾ നടത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട് .


 ചെറുപ്പകാലത്ത് ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുമായി ചേർന്നു നിന്നുള്ള പ്രവർത്തനമുണ്ടായിരുന്നു. പിന്നീട് ഞാൻ സാമൂഹ്യ സംഘടനകളിലാണ് പ്രവർത്തിച്ചത്. സമൂത്തിഹത്തെ സ്നേഹിക്കുന്ന ഒട്ടേറെ പൊതു പദ്ധതികളോട് എനിക്ക് ബന്ധമുണ്ടായിരുന്നു. അതുപോലെ നിരവധി കച്ചവട സ്ഥാപനങ്ങളും നടത്തിയിരുന്നു. 


 
പുനലൂര്‍ സോമരാജന്‍


?എങ്ങിനെയാണ് ജീവകാരുണ്യ പ്രവർത്തന രംഗത്തേക്ക് വരുവാൻ ഇടയായത്. 

 മൂന്നാം വയസിൽ എന്റെ അമ്മ മരണപ്പെട്ടു. അത് എന്റെ മനസിൽ ഒത്തിരി ആർദ്രത ഉണ്ടാക്കി. യേശു ക്രിസ്തുവും മഹാത്മ ഗാന്ധിജിയും ശ്രീനാരായണ ഗുരുവുമൊക്കെ എന്റെ ജിവിതത്തിലേക്ക് വെളിച്ചം വീശി.മതേതര ചിന്തയായിരുന്നു എന്റെ മനസിലുള്ളത്. എന്റെ വീടിനു ചുറ്റുപാടും എല്ലാ സമുദായങ്ങളിലും പെട്ടവർ താമസിക്കുന്നുണ്ടായിരുന്നു. എല്ലാവരും തമ്മിൽ നല്ല സൗഹൃദം പുലർത്തിയിരുന്നു. ജാതിയും മതവും ഉണ്ടെങ്കിലും നമ്മൾ ഏതിൽ പെടുന്നുവെന്ന് ചിന്തിക്കുന്ന സാഹചര്യം അന്നില്ല. ആചാരാനുഷ്ഠാനങ്ങൾ അനുസരിക്കുമെങ്കിലും മനുഷ്യർ എല്ലാവരും ഒന്നാണെന്ന ചിന്തയുള്ളൊരു കാലം. ഗ്രാമീണ ജീവിതം എപ്പോഴും മനസിൽ ആർദ്രത ഉണ്ടാക്കുന്നതായിരുന്നു.

അച്ഛൻ ആദ്യം വ്യാപാര മേഖലയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. പിന്നീട് പുനലൂർ പഞ്ചായത്തിലെ ഒരു ജീവനക്കാരനായി മാറി. അച്ഛനും സാമൂഹ്യ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടായിരുന്നു. തെരുവിൽ അലയുന്ന മനോരോഗികളെയൊക്കെ വീട്ടിൽ കൊണ്ടുവന്ന് മുടിയും താടിയും വെട്ടി കുളിപ്പിച്ച് ഭക്ഷണം വസ്ത്രം പണം ഒക്കെ നൽകി തിരിച്ചയച്ചിരുന്നു തമിഴ് നാട്ടിൽ നിന്നും അക്കാലത്ത് ധാരാളം കുട്ടികൾ പുനലൂരിൽ ട്രെയിനിൽ വന്നിറങ്ങുമായിരുന്നു. അവരെയും കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് സ്വന്തം നാടുകളിലേക്ക് പറഞ്ഞു വിടുമായിരുന്നു. അത് കണ്ട് എന്റെ മനസിൽ അങ്ങനെ ഒരു ചിന്ത വളർന്നു .

മൂന്നാം വയസിൽ  എനിക്ക് അമ്മയെ നഷ്ടപെട്ടു. അമ്മമാരോടുള്ള ആർദ്രത, ആരാധന ഒക്കെ എപ്പോഴും എന്റെ മനസിലുണ്ടായിരുന്നു. ഏതൊരമ്മയെ കണ്ടാലും ഞാനവരോട് കുശലം പറയും. അങ്ങനെയൊരു മനസുള്ള ഞാൻ 2003 ൽ ഒരു യാത്രയിൽ കൊട്ടാരക്കരയ്ഒക്കടുത്തു വച്ച് വന്ദ്യവയോധികയായ ഒരു അമ്മയെ കാണുവാൻ, സംസാരിക്കുവാൻ ഇടയായി. അമ്മയെ നോക്കുവാൻ ആരുമില്ല, കിടപ്പാടം ഉൾപ്പെടെ ഒന്നുമില്ല. അമ്മ കൂടെ വരുവാൻ സന്നദ്ധത പ്രകടിപ്പിച്ചു. അമ്മയെ കൂട്ടിക്കൊണ്ട് വന്ന് രണ്ട് മുറിയുള്ള ഒരു കൊച്ചു വീട് പത്തനാപുരത്ത് വാടകയ്ക്ക് എടുത്ത് താമസിപ്പിച്ചു. ആ തുടക്കമാണ് ഇന്ന് കാണുന്ന ഗാന്ധിഭവനെന്ന ആശയത്തിലേക്ക് എത്തിച്ചത്. 

 10 വർഷക്കാലം ഞാൻ അദ്ധ്യാപകനായിരുന്നു, പിന്നിട് ചില വ്യാപാര സ്ഥാപനങ്ങൾ നടത്തി എന്നൊക്കെ പറയുകയുണ്ടായല്ലൊ. സാമ്പത്തിക മെച്ചങ്ങൾ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും എന്റെ മനസ്സിൽ എപ്പോഴും ഒരു ശൂന്യത, ഒരു കുറവ്അനുഭവപ്പെട്ടിരുന്നു. സഹായം അഭ്യർത്ഥിച്ചു വരുന്നവർക്ക് കടം മേടിച്ചിട്ടായാലും കൊടുക്കുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളൊക്കെ തന്നെ എന്നെ ഒരു ജീവകാരുണ്യ പ്രവർത്തകനാക്കി മാറ്റിയതിൽ പ്രധാന പങ്കുണ്ട്. 


 ?എങ്ങിനെയാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനായത്.


 ഒരമ്മയിൽ തുടങ്ങി. പിന്നെ പല അമ്മമാർ വന്നു. ഒറ്റപ്പെട്ടു പോയ പുരുഷ വയോജനങ്ങൾ വന്നു. പ്രവർത്തനം മുന്നോട്ട് പോയപ്പോൾ പല വീടുകൾ എടുക്കേണ്ടി വന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉൾപ്പെടെ പല വിധത്തിലുള്ള പ്രയാസങ്ങൾ ഉണ്ടായിരുന്നു. കച്ചവട സ്ഥാപനങ്ങൾ കുറെക്കാലം കൂടി കൊണ്ടു നടന്നു.പിന്നീട് ഒരോന്നോരോന്നായി അവസാനിപ്പിക്കുകയായിരുന്നു. സഹായിക്കുവാൻ എത്തിയവരിൽ നിന്നുള്ള പ്രശ്നങ്ങൾ ധാരാളമായിരുന്നു. പല വിധത്തിലുള്ള താൽപ്പര്യങ്ങൾ ഉള്ളവർ, സ്ഥാപനത്തിന്റെ പേരു പറഞ്ഞ് പണം പിരിച്ചവർ, സ്ത്രീകളോട് മോശമായി പെരുമാറിയവർ. പ്രശ്നക്കാരെ എല്ലാം പറഞ്ഞു വിട്ടു. 

 ? കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നോ .


 ആദ്യം ഇല്ലായിരുന്നു. ഇതൊക്കെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാകും എന്ന പ്രയാസവും, ആശങ്കയും ഭാര്യക്കുണ്ടായിരുന്നു. പിന്നീട് അതു മാറി. 


 ?ആദ്യകാലത്ത് തരണം ചെയ്യേണ്ടി വന്ന പ്രശ്നങ്ങൾ പറയുമോ.


 2005 ആയപ്പോഴേക്കും സ്ഥലപരിമിതിയും, ആഹാര പ്രശ്നങ്ങളും രൂക്ഷമായി. 100നടുത്ത് കാരുണ്യ കുടുംബാംഗങ്ങൾ അന്നുണ്ടായിരുന്നു. കുട്ടികളും വയോജനങ്ങളും അതിൽ തന്നെ ബുദ്ധിമാന്ദ്യമുള്ളവർ ,മനോനില തെറ്റിയവർ കൂടാതെ ഒരോയിടത്തും ജീവനക്കാർ ഉൾപ്പെടെ ഉണ്ടായിരുന്നു പത്തനാപുരത്തെ നാലു കേന്ദ്രങ്ങളിലായാണ് കഴിഞ്ഞത്. ജീവനക്കാർക്ക് തുടക്കം മുതൽ തന്നെ ചെറിയ ശംബളം കൊടുക്കുമായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ വന്നപ്പോൾ ഭാര്യയുടെ സ്വർണം ആദ്യമൊക്കെ പണയം വച്ചു, പിന്നീട് വിൽക്കുവാൻ തുടങ്ങി. ഒരുപാട് കടബാദ്ധ്യതകളിലേക്ക് കാര്യങ്ങൾ നീങ്ങി. കടകളിൽ നിന്ന് സാധനങ്ങൾ തന്നിരുന്നവരൊക്കെ തരാതായി. അങ്ങനെ ഒത്തിരി ക്ലേശങ്ങൾ ഉണ്ടായി. കല്യാണസദ്യ നടക്കുന്ന സ്ഥലങ്ങളിൽ പോയി കാത്തു നിന്ന് അധികം വരുന്ന ആഹാരം ശേഖരിക്കുമായിരുന്നു. 

പുനലൂര്‍ സോമരാജന്‍ കുടുംബം

?പ്രതീക്ഷകൾ ഉണ്ടായിരുന്നോ .

 പ്രതീക്ഷ ഇല്ലാതിരുന്നിടത്ത് പലപ്പോഴും അത്ഭുതങ്ങൾ നടന്നുവെന്നു തന്നെ പറയാം. മിക്കപ്പോഴും വേദനകളാണ് ഉണ്ടായിരുന്നത്. പിന്നീട് വാടക കെട്ടിടങ്ങൾ എല്ലാം തന്നെ ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. അങ്ങനെ വന്നപ്പോഴാണ് വസ്തു വാങ്ങണം, കുറെപ്പേർ സഹായിക്കാം എന്നു പറഞ്ഞത്. അങ്ങനെയൊക്കെ പറഞ്ഞത് നടക്കാതെ വന്നപ്പോഴാണ് ഗാന്ധിഭവൻ ഇപ്പോൾ പ്രവർത്തിക്കുന്ന കുണ്ടയത്തെ സ്ഥലത്തിന് എഗ്രിമെന്റ് വയ്ക്കുന്നത്. ആധാരം നടത്തുമ്പോൾ പണം ഇല്ലാതെ വന്നതിനെ തടർന്ന് ഭാര്യയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലങ്ങളും, തുടർന്നു വന്ന കച്ചവട സ്ഥാപനങ്ങൾ കൂടിയും വിറ്റു. കൊച്ചു കുട്ടിയായിരുന്നിട്ടും മകൻ അമലിന്റെ ഉൾപ്പെടെ പിന്തുണ കരുത്തായി. സ്ഥലം വാങ്ങിയ ശേഷം ഷെഡ്ഡുകൾ വച്ച് കാരുണ്യ കുടുംബാംഗങ്ങളെ ഇങ്ങോട്ട് മാറ്റുകയായിരുന്നു. പലരുടെയും സഹായ സഹകരണങ്ങൾ കിട്ടി. അങ്ങനെ ഗാന്ധിഭവൻ പ്രസ്ഥാനം മുന്നോട്ടു പോയി. കാരുണ്യ കുടുംബാംഗങ്ങളുടെ ചികിത്സ കാര്യങ്ങളിൽ ഉൾപ്പെടെ പലപ്പോഴും പ്രയാസങ്ങൾ ഉണ്ടായി. എന്നാൽ അതിനെയൊക്കെ എങ്ങനെയൊക്കെയോ തരണം ചെയ്യാനായി. ?പ്രതിസന്ധികളിലും തളരാത്തതിനു പിന്നിലെ കാര്യമെന്താണ്. വലിയൊരു ശക്തി സഹായിക്കാൻ ഉണ്ടെന്ന ആത്മവിശ്വാസം കരുത്തു പകരുന്നതാണ്. എന്റെ മനസിൽ മൂന്നു പേർ എപ്പോഴും ഉണ്ടായിരുന്നു. ക്രിസ്തുവും, ഗാന്ധിജിയും, ഗുരുവും തന്നെ. എന്റെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും ഞാൻ ക്രിസ്തുവിനെയാണ് മുറുകെ പിടിച്ചിട്ടുള്ളത്‌. ഈ കുരിശാണ് എനിക്ക് ബലം തരുന്നത്.( കഴുത്തിലെ കുരിശുമാല കാണിക്കുന്നു) ഈ മൂന്നു വ്യക്തിത്വങ്ങളുടെയും സന്ദേശങ്ങളെ എനിക്ക് ഒരുമിച്ച് കാണാനാകും. ക്രിസ്തുവും ,ഗാന്ധിജിയും, ഗുരുവും ചെയ്തു കാണിച്ചത് പരിവർത്തനങ്ങളാണ്. മൂന്നു തരം കാഴ്ച്ചപ്പാടുകളാണവ.

 

കലാം ഗാന്ധി ഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ 

? 2005 മുതലുള്ള ഗാന്ധിഭവന്റെ പ്രവർത്തനങ്ങളെ വിശദീകരിക്കുമോ.

 ഗാന്ധിഭവന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്താൽ ഒരു സ്പെഷ്യൽ സ്കൂൾ തുടങ്ങാനായി. ഗാന്ധിഭവനെന്ന ഒറ്റ കൂരയ്ക്കു കീഴിൽ ഒട്ടേറെ സ്ഥാപനങ്ങൾ വന്നു. ഓൾഡ് ഏജ് ഹോം, ഡിസ്ഏബിൾഡ് സെന്റർ, സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്റർ, ഹെൽത്ത് റീഹാബിലിറ്റേഷൻ സെന്റർ.കെൽസ യൂണിറ്റ്, വനിതാ കമ്മീഷൻ യൂണിറ്റ്, ഗാർഹിക നിയമ സർവീസ് പ്രൊവൈ ഡിങ്ങ് സെൻറർ, കൊല്ലം ജില്ലയുടെ ഷെൽട്ടർ ഹോം അങ്ങനെ ഗാന്ധിഭവന്റെ കേന്ദ്ര ഓഫീസിനോടനുബന്ധിച്ച് നിരവധി സൗകര്യങ്ങളുണ്ട്‌. ജില്ലാ പഞ്ചായത്തുമായി ചേർന്ന് കൊല്ലം കരീപ്രയിൽ വയോജന സംരംഭം , അടൂ രിൽ ഡീ അഡിക്ഷൻ സെന്റർ, പാലിയേറ്റീവ് കെയർ സെന്റർ കൂടാതെ ഇലയിട്ട് ഉച്ചസദ്യ മാത്രം നൽകുന്ന ആഹാരശാല, ആലപ്പുഴയിലെ ഹരിപ്പാട് ,കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് ,മലപ്പുറം ജില്ലയിലെ വണ്ടൂർ എന്നിവിടങ്ങളിൽ ഗാന്ധിഭവന് യൂണിറ്റുകളുണ്ട്. ഇടുക്കി ജില്ലയിലെ തൊടുപുഴ യൂണിറ്റ് പ്രവർത്തന സജ്ജമാകാറായി. തിരുവനന്തപുരത്ത് റീജീണൽ സെന്റർ, തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിലും, കൊല്ലം ജില്ലയിലെ പുത്തൂരിലും തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇവ തുടങ്ങി. സ്നേഹ രാജ്യം, പൗരദ്ധ്വനി ,ആരോഗ്യ ശാസ്ത്രം പ്രസിദ്ധീകരണങ്ങൾ കൂടാതെ പുസ്തക പ്രസാധനവും, പുസ്തക സ്റ്റാളും നടത്തുന്നുണ്ട്. 


 ?പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടോ. 

 ധാരാളം.ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. കള്ളക്കേസുകൾ എടുത്തിട്ടുണ്ട്. പണപ്പിരിവു കൊടുക്കാത്തതിന്റെ പേരിൽ പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ട്. പുതുതായി വന്ന പോലീസ് അധികാരിയെ ചെന്നു കാണാതിരുന്നതിന്റെ വൈഷമ്യം അനുഭവിച്ചിട്ടുണ്ട്. ഉറച്ച ആത്മവിശ്വാസം കൊണ്ട് എല്ലാററിനെയും മറികടക്കാനായി. ശുദ്ധമായ കൈകൾ നമ്മൾ കാത്തു സൂക്ഷിക്കുന്നു. എനിക്കോ കുടുംബത്തിനോ വസ്തുവകകൾ ഒന്നുമില്ല. എല്ലാം ഗാന്ധിഭവന് സമർപ്പിച്ചു. വളരെ സുതാര്യമായാണ് ഇവിടത്തെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നുവോ അതേ ഘടനയിലാണ് ഇവിടത്തെ കാര്യങ്ങൾ നീങ്ങുന്നത്. സത്യത്തെ മുറുകെ പിടിച്ചുള്ള പ്രവർത്തനമാണ് ഇവിടത്തേത്. സത്യം പരാജയപ്പെട്ടതായി ഒരു ചരിത്രത്തിലും കാണുന്നില്ല. ഈശ്വരന്റെ ഒരു പിൻബലം നന്മയ്ക്കൊപ്പം കാണുമെന്ന ഉറച്ച വിശ്വാസം ഉള്ളതുകൊണ്ട് ഒരു അലട്ടലുമില്ല, എന്തുവന്നാലും തരണം ചെയ്യാനാകും എന്ന തോന്നൽ തന്നെ മുന്നിട്ടു നിൽക്കുന്നു. 350ലധികം പേർ ഗാന്ധിഭവനിൽ സേവനം അനുഷ്ടിക്കുന്നുണ്ട്. അവർക്കെല്ലാം ചെറിയ വരുമാനവും കിട്ടുന്നുണ്ട്. ആ കുടുംബങ്ങൾക്കെല്ലാം നിലനിന്നുപോകാനാകുന്നുണ്ട്. അവരുടെ പ്രാർത്ഥനയും ഒരു ശക്തിയാണ്. ഈ കുടുംബത്തിലെ അച്ഛന്മാരും അമ്മമാരും ഒറ്റപ്പെട്ടുപോയവരും ഉണ്ട്. ഇവരൊക്കെ നൽകുന്ന ഒരു ബലവും, സ്നേഹവും ഉണ്ട്. ആ സ്നേഹത്തിന്റെ ശക്തിയാണ് ഗാന്ധിഭവനെ നിലനിർത്തുന്നത്. ഇടമില്ലാതെ വന്ന ജനപ്രതിനിധികളും ചലച്ചിത്ര താരങ്ങളും, സാഹിത്യകാരന്മാരും, ഉന്നതോദ്യോഗസ്ഥരും ഒക്കെ ഈ കുടുംബത്തിലെ അംഗങ്ങളായിരുന്നു, ഇപ്പോഴുമുണ്ട്. ഒരുപാടു പേരെ പരിരക്ഷിക്കുവാൻ ഗാന്ധിഭവന് കഴിഞ്ഞു.


 ?അങ്ങയുടെ ഒരുദിവസം എങ്ങനെയാണ് നീങ്ങുന്നത്. 

 പുറത്തെങ്ങും പോകാത്ത ദിവസങ്ങൾ പകുതിയെങ്കിലുമുണ്ട്. ഗാന്ധിഭവനിൽ നിൽക്കുന്ന ദിവസം അതിരാവിലെ ഒരു ചായയൊക്കെ കഴിച്ച് കൈലിയും ഷർട്ടും ധരിച്ച് ഞാൻ എല്ലാ ഇടങ്ങളിലും പോയി എല്ലാവരേയും കാണും. എന്റെ കണ്ണുകൾ പരതുക എവിടെയെങ്കിലും കുഴപ്പമുണ്ടോ, പ്രശ്നങ്ങളുണ്ടോ എന്നായിരിക്കും. പോരായ്മകൾ ഞാൻ കണ്ടു പിടിക്കും. അവ കുറിച്ചു വച്ച് ബന്ധപ്പെട്ട വിഭാഗത്തിലെ ഒരോരുത്തർക്കും നിർദ്ദേശം കൊടുക്കും. അമ്മമാരെയും അച്ഛന്മാരെയും കുഞ്ഞുങ്ങളെയും എല്ലാം പോയി കാണും. അവരെ തലോടും, നമസ്തെ പറയും .അങ്ങനെ അവരുടെ ആളായി മാറും. അവരും എന്നോട് അങ്ങനെ തന്നെ. അതു കഴിഞ്ഞാൽ ഓഫീസ് കാര്യങ്ങൾ ഒരോ സെക്ഷനിലും ശ്രദ്ധിക്കും. ഇവിടെ പല ഡിപ്പാർട്ടുമെന്റുകളായിട്ടാണ് പ്രവർത്തിക്കുന്നത്. അതിന്റെയെല്ലാം പ്രവർത്തനങ്ങൾ നിരീക്ഷിക്കും. സന്ദർശകരെ സ്വീകരിച്ചാനയിക്കും. അവർക്ക് വേണ്ടത് ചെയ്യും. അവരുടെ കൂട്ടത്തിൽ ഉണ്ടാകും. എല്ലാ ദിവസവും 12 മണിക്ക് തുടങ്ങുന്ന സർവ്വ മത പ്രാർത്ഥനയുണ്ട്. അതിൽ പങ്കെടുക്കാനും ഒപ്പം ചേർന്ന് നിൽക്കാനും അതിലെത്തും. അതു കഴിഞ്ഞാലും എപ്പോഴും ഇവർക്കിടയിൽ ഞാനുണ്ടാകും. ഇതിനിടയിൽ പലവിധത്തിലുള്ള ആവശ്യങ്ങളുണ്ടാകും. പലരും അത്തരം കാര്യങ്ങൾക്കായി വരും. അവരെ ആശ്വസിപ്പിക്കുവാൻ താല്പര്യപൂർവം പെരുമാറും. ഒരുപാട് സാഹിത്യ-സാംസ്ക്കാരിക പ്രോഗ്രാമുകൾ ഗാന്ധിഭവനിൽ നടക്കാറുണ്ട്. അതിലെല്ലാം കഴിവതും പങ്കുചേരാറുണ്ട്. ഇതൊരു സാംസ്ക്കാരിക കേന്ദ്രമായി, ഒരു കലാകേന്ദ്രമായി എപ്പോഴും ചലിക്കുന്ന ഒരു സംരംഭമായി നടത്തിക്കൊണ്ടു പോകുന്നു. 


 ?എല്ലാ ഭാഗത്തും ഒരു കണ്ണെത്താറുണ്ടോ. 


 എല്ലാ ഭാഗത്തും എന്റെ തന്നെ കണ്ണെത്താറുണ്ട് .എനിക്കിവിടത്തെ 1300ൽ കൂടുതലുള്ള മുഴുവൻ ആളുകളേയും നേരിട്ട് തന്നെ അറിയാം. ഏതു സാഹചര്യത്തിൽ ജീവിച്ചിരുന്നു, അവരെങ്ങനെ ഇവിടെ വന്നു അവരുടെ രീതി, മനസ് എല്ലാം അറിയാം. അപൂർവ്വം ചിലരുടെ പേരുകൾ അറിയാത്തതുണ്ടാകും. ചില പേരുകളൊക്കെ അങ്ങോട്ടുമിങ്ങോട്ടും മാറി പോകാറുണ്ട്. അവരുടെ പരാതികളും പരിഭവങ്ങളും പ്രശ്നങ്ങളുമൊക്കെ എന്നോട്‌ പങ്കു വയ്ക്കാറുണ്ട് .സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുവാൻ കഴിയാത്ത ഒന്നുമില്ല. നമ്മുടെ ഹൃദയത്തിൽ നിന്നുള്ള സ്നേഹത്തെ വേണം പകർന്നു കൊടുക്കുവാൻ. അല്ലാതെ പുറമെ ആഭിനയിച്ചുള്ള സ്നേഹത്തെക്കുറിച്ചല്ല ഞാൻ പറഞ്ഞത്. പ്രശ്നങ്ങളുള്ള ആളുകൾ ഇവിടെയുണ്ട്. 300ൽ അധികം വരും മാനസിക രോഗികളുടെ തന്നെ എണ്ണം. അവരാരും ഗാന്ധിഭവനിൽ വയലന്റാകുന്നില്ല. പല പ്രശ്നങ്ങളുണ്ട്, പല കാര്യങ്ങളുണ്ട്, പലതും പറഞ്ഞു കൊണ്ടിരിക്കും. ഇന്ത്യയുടെ പ്രസിഡന്റ് എന്നു പറയുന്ന ആളുണ്ട് .ബ്രൂണെ സുൽത്താന്റെ മകനാണെന്നു പറയുന്ന ആളുണ്ട്. ഡി.ജി.പി.ആണെന്നും പറയുന്ന ആളുണ്ട്. അങ്ങനെ പലതരത്തിലുള്ള വർ, അവരോടെല്ലാം ഒരോരുത്തർക്കും വേണ്ട വിധത്തിൽ ഇടപെടുകയും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശ്രമിക്കുകയും ചെയ്യാറുണ്ട് .70 വയസുള്ള ഒരു മനോരോഗി കൂടെ കൂടെ വന്ന് എന്റെ വിവാഹം എന്നാണെന്ന് ചോദിച്ചു കൊണ്ടേ ഇരിക്കാറുണ്ട് . ഓണം കഴിഞ്ഞു നടത്താം എന്നു പറഞ്ഞാൽ ശരി എന്ന് പറഞ്ഞ് പോകും. അവരുടെ മനസ് മനസിലാക്കി, അവരുടെ രീതിക്കനുസരിച്ച് കാര്യങ്ങളിൽ ഇടപെട്ട് പരിഹരിച്ചു കൊടുക്കും. എച്ച്.ഐ.വി.പേഷ്യന്റ്സ് ഉൾപ്പെടെ ഉള്ളവർ ഇവിടെ ഉണ്ട്, പീഢനങ്ങളിൽ പെട്ട് ഗർഭം ധരിച്ചവരും ഇവിടെ ഉണ്ട്. അവരിൽ പലരെയും കോടതി ഇടപെട്ട് ഇവിടെ എത്തിക്കുന്നു. പ്രസവം കഴിഞ്ഞ് കുട്ടികൾക്കൊപ്പം കഴിയുന്നവർ ഇവിടെ പലരും ഉണ്ട്. അച്ഛനും അമ്മയും ഇല്ല എന്നതിന്റെ വിഷമം അറിയാതെ വളരെ ചിട്ടയോടെയാണ് അവരിവിടെ ജീവിക്കുന്നത്‌. ശാരീരിക വൈകല്യമുള്ളവരുടെ എണ്ണം തന്നെ 200നടുത്ത് വരും. ബുദ്ധിമാന്ദ്യമുള്ളവർ അതിലേറെയുണ്ട്. ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂളിൽ വീടുകളിൽ നിന്ന് വരുന്നവർ ഉൾപ്പെടെ 218 പേരുണ്ട്. 


 ? ഗാന്ധിഭവന്റെ വലിയൊരു പ്രൊജക്ടിനായി മുൻ വശത്ത് വാങ്ങിയ ഒന്നര ഏക്കർ ഭൂമിയിൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനം നിലച്ചുപോയെന്നു കേട്ടു .

 ലുലു മാൾ ഉടമ യൂസഫലി സാർ ആദ്യം ഇവിടെ വന്നപ്പോൾ ഒരു കോടി രൂപ തരുവാൻ ഇടയായി. ആ രൂപ അതുപോലെ തന്നെ ആർക്കിടെക്റ്റ് ശങ്കറിന്റെ ഹാബിറ്റാറ്റിന് കെട്ടിട നിർമാണത്തിനായി കൈമാറുകയായിരുന്നു. പണി തുടങ്ങി. ഗാന്ധിഭവന്റെ ബഡ്ജറ്റിനു മേലെയുള്ള ഒരു പദ്ധതിയാണ് ശങ്കർ പ്ലാൻ ചെയ്തത്. പൈലിങ്ങിന്റെ സമയത്ത് ചില സാമൂഹു വിരുദ്ധർ ഇടപെട്ട് പണത്തിനായി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. അങ്ങനെ പണി മുടങ്ങുകയായിരുന്നു. ആ പണി വീണ്ടും തുടങ്ങുവാൻ പോകുകയാണ്. അഞ്ചു കോടി രൂപ ചെലവുവരുന്ന പദ്ധതി യൂസഫലി സാർ തന്നെ നേരിട്ട് നിർവഹിച്ചു തരുമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. 200 പേർക്ക് എല്ലാ സൗകര്യങ്ങളോടു കൂടി താമസിക്കുന്നതിനുള്ള 40000 സ്ക്വയർ ഫീറ്റുള്ള മുറികളും, ഡോർമിറ്ററികളും ഉള്ള ആശുപത്രിയുടെ സൗകര്യങ്ങളുള്ള കെട്ടിടം അവിടെ ഉയരുവാൻ പോകുന്നു. കൂടാതെ യുസഫലി '', സാറ് തന്ന പണം കൊണ്ട് വാട്ടർ ട്രീററ്മെന്റ് പ്ലാന്റ് തുടങ്ങി.സ്പെഷ്യൽ സ്കൂളിന് 75 സെന്റ് സ്ഥലം സ്കൂൾ ബസ് കടബാദ്ധ്യതകൾ തീർക്കുവാൻ 30 ലക്ഷം രുപ ഇതൊക്കെ അദ്ദേഹം നൽകുകയുണ്ടായി. പ്രതിവർഷം ഒരു കോടി രൂപ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. ഇവിടത്തെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലും സംതൃപ്തിയിലും ആണ് അദ്ദേഹത്തിന്റെ തുടർ സഹായങ്ങൾ ലഭിച്ചു വരുന്നത്. എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്, മതേതരത്തം ഉയർത്തിപ്പിടിക്കുന്നു അതൊക്കെയാണ് അദ്ദേഹത്തിന്റെ ശ്രദ്ധ ഗാന്ധിഭവനിലേക്ക് പതിയുവാൻ ഇടയാക്കിയത്. 


 ? ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമ സ്വരാജ് തന്നെയാണോ ഗാന്ധിഭവനിലുള്ളത്.

 ഇവിടെ സ്നേഹ ഗ്രാമം എന്നൊരു പഞ്ചായത്തുണ്ട്. വർഷം തോറും തെരഞ്ഞെടുപ്പ് നടക്കുന്നു. ഒൻപത് മണ്ഡലങ്ങളാണ് ഉള്ളത്. 27 വാർഡുകൾ ഉണ്ട്. രണ്ട് പാനൽ ഉണ്ടാകാറുണ്ട്. സ്വതന്ത്രന്മാരും. അതു കൊണ്ടു തന്നെ വീറുറ്റ മത്സരവും നടക്കാറുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാതൃകയിൽ ഒരു കമ്മീഷനാണ് ഇലക്ഷൻ നടത്തുക. ബാലറ്റു പേപ്പറും, ബൂത്തും ക്യൂവും ഒക്കെയുണ്ടാകാറുണ്ട്. സെപ്റ്റംബറിൽ ഇലക്ഷൻ.ഒക്ടോബർ രണ്ടിന്‌ അധികാരമേൽക്കും. തെരഞ്ഞെടുക്കപ്പെടുന്നവരാണ് പഞ്ചായത്ത് ഭരിക്കുക. ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ പ്രതിപക്ഷം ഇല്ല. നല്ലതിനു വേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കും. ആവശ്യങ്ങൾ കമ്മറ്റി കൂടി തീരുമാനിച്ച് ട്രസ്റ്റിനെക്കൊണ്ട് നടത്തിക്കുന്നു. ഏറ്റവും നല്ല ശുചിത്വമുള്ള പ്രസ്ഥാനം എന്ന നിലക്കാണ് കേരളത്തിൽ ഒരു ജീവകാരുണ്യ സ്ഥാപനത്തിന് ഐ.എസ്.ഒ.സർട്ടിഫിക്കറ്റ് ലഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ മതേതര കുടുംബം എന്നതിനുള്ള ബഹുമതി ഏഷ്യബുക്സ് തന്നിട്ടുണ്ട്. ഗാന്ധിഭവനകത്ത് ഒരു ഗ്രാമീണ അന്തരീക്ഷമുണ്ട്. ഒരു ഗ്രാമത്തിനു വേണ്ട എല്ലാം അവിടെയുണ്ട്. ബാർബർഷാപ്പ്, ലൈബ്രറി, ടെയ്ലറിങ് ഷോപ്പ് ,നാടകശാല ... അങ്ങനെയങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. ഞാൻ തന്നെ പ്ളാൻ ചെയ്ത് ചെയ്യിക്കുകയായിരുന്നു. സാഹചര്യവും, സാമ്പത്തിക അവസ്ഥയും അനുസരിച്ച് പുതുക്കലുകളും, ചേർക്കലുകളും ഇപ്പോഴും നടത്തി വരികയാണ്. 


 ?കാരുണ്യ കുടുംബാംഗങ്ങൾക്ക് പ്രാഥമികമായിട്ടു വേണ്ട സൗകര്യങ്ങൾ ഇപ്പോഴുണ്ടോ.

 മിക്ക സൗകര്യങ്ങളും ആയിട്ടുണ്ട്. പുതുതായി വരുന്നവർക്ക് തുടക്കത്തിൽ എന്തെങ്കിലും കാര്യങ്ങൾ ഇല്ലാതെ വന്നാലും താമസിയാതെ അവയെല്ലാം പരിഹരിച്ചു കൊടുക്കാറുണ്ട്. മെഡിക്കൽ സൗകര്യങ്ങൾ കുറെക്കൂടി വർദ്ധിപ്പിക്കേണ്ടതുണ്ട്. അത്യാവശ്യത്തിന് അലോപ്പതി, ആയുർവേദം, ഹോമിയോ വിഭാഗങ്ങൾ ,ഡോക്ടർമാർ, 30നടുത്തു് നേഴ്സിങ്ങ് സ്റ്റാഫ് ,സഹായികളായി 60 സ്റ്റാഫ് ,മരുന്നുകൾ, ആമ്പുലൻസ്, മോർച്ചറി എല്ലാമുണ്ട്. നല്ല അടുക്കള, പാട്ടത്തിനെടുത്ത രണ്ടേക്കർ കൃഷിയിടം ഉണ്ട്. ഒട്ടേറെ നിർമാണങ്ങൾ ഇപ്പോഴും നടന്നു വരുന്നു. ഒട്ടേറെ ഉൽപ്പന്നങ്ങൾ ഗാന്ധിഭവന്റേതായുണ്ട്. മിൽമ, ആയുർവേദ ശാല തുടങ്ങിയവയുമുണ്ട്. മിനിമാർക്കറ്റ് പ്രവർത്തിക്കുന്നുണ്ട്.

 ?ആരെല്ലാമാണ് സഹായിക്കുവാൻ ഉള്ളത്.

 മകൻ അമലുണ്ട്. ജോയിന്റ് സെക്രട്ടറി ദുവനചന്ദ്രൻ എന്റെ കരുത്താണ്. പേരുകൾ പറഞ്ഞാൽ തീരാത്ത അതു പോലത്തെ ഒത്തിരി ആളുകൾ സഹകരിക്കുന്നുണ്ട്. ?എന്തെല്ലാം പ്രശ്നങ്ങളെയാണ് ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നത്. അത് ഒത്തിരി പ്രശ്നങ്ങളുണ്ട്. ചികിത്സ സംബന്ധിച്ചു തന്നെ നിരവധി കാര്യങ്ങൾ ഉണ്ടാകുന്നു. പോലീസുമായി, പല വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരുമായി ബന്ധപ്പെട്ടും പലതും സംഭവിക്കാറുണ്ട്. സാമ്പത്തിക ചെലവുകൾ പലപ്പോഴും പ്രതീക്ഷിച്ചതിലും പതിന്മടങ്ങാവും. ഇതെല്ലാം എങ്ങനെയോ നടക്കുന്നു. പരാജയപ്പെടുന്നില്ല എന്നിടത്താണ് ഗാന്ധിഭവന്റെ വിജയം കാണുന്നത്. 


 ? നട തള്ളുക എന്നതു പോലത്തെ ഒരു പ്രശ്നം അനുഭവപ്പെടാറുണ്ടോ. തീർച്ചയായും. ഒരുപാട് ആളുകളെ കുടുംബാംഗങ്ങൾ തന്നെ ഉപേക്ഷിക്കുകയാണ് .അതിനെതിരെ ശബ്ദമുയർത്തുവാൻ തുടങ്ങിയതാണ് ഗാന്ധിഭവൻ ഗുരു വന്ദന സംഗമം. 1400 ദിവസങ്ങളിലേക്ക് അടുത്തു തന്നെ പുർത്തീകരിക്കും. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കാർഡിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ?ഗാന്ധിഭവന് ഈ വർഷത്തെ ബഡ്ജറ്റിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചുകിട്ടി അല്ലെ . ആ തുക ഉപയോഗിച്ച് ചെങ്ങന്നൂരിൽ കെട്ടിടം നിർമിച്ച് വരുന്നു .സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് ഗ്രാന്റായി തരികയായിരുന്നു. 

 ? അങ്ങും കുടുംബവും ഗാന്ധിഭവന്റെ പുറത്ത് താമസിക്കുക എന്ന ആശയം, താൽപ്പര്യം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടൊ. ഇല്ല. ഒരിക്കലുമില്ല. ഞാനും ഭാര്യയും താമസിക്കുന്നത് കുടിൽ എന്ന 200 സ്ക്വയർ ഫീറ്റുള്ള ചെറിയൊരു മുറിയിലാണ്.കേരളത്തിലെ ഏറ്റവും വലിയ ഗാന്ധി പ്രതിമ നിൽക്കുന്നതിന്റെ തൊട്ടടുത്തു തന്നെ. ഞങ്ങൾ ഈ സൗകര്യങ്ങളിൽ പൂർണ തൃപ്തരാണ്. കുടുംബാംഗങ്ങളും, ബന്ധക്കാരും ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തരാണ്. മക്കളുടെ വിവാഹങ്ങൾ നടന്നതും ഇവിടെ വച്ചു തന്നെ. നമ്മുടെ മനസ് എപ്പോഴും താഴ്മയുടെ ഭാഗത്ത് നിൽക്കണമെന്നതിൽ താൽപ്പര്യം എടുക്കാറുണ്ട്. ഒത്തിരി സന്തോഷം മനസിനുണ്ട്. ഗാന്ധിഭവൻ തരുന്നതാണു് അതെല്ലാം. പൊതുപ്രവർത്തകൻ എന്ന നിലയിൽ തുടർന്നിരുന്നുവെങ്കിൽ പല അധികാര മേഖലകളിലും എത്തുവാൻ ഒരു പക്ഷെ കഴിഞ്ഞേനെ. ഇവിടത്തെ ഒരോ അമ്മമാരുടെയും മനസിൽ എനിക്കൊരിടമുണ്ട്.അതു പുണ്യമായും ഭാഗ്യമായും കരുതാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വരുന്നവർ ഗാന്ധിഭവൻ കണ്ടിട്ട് അത്ഭുതപ്പെടാറുണ്ട്. വന്നു കാണുന്നവർ പറയുന്നതാണ് ഗാന്ധിഭവനു കിട്ടുന്ന പ്രചരണം എന്നു തന്നെയാണ് കരുതുന്നത്. 


 ? ഗാന്ധിഭവനക്കുറിച്ചുള്ള കാഴ്ച്ചപ്പാട് എന്താണ്. ഒറ്റപ്പെടലുകൾ സമൂഹത്തിൽ ഉള്ളിടത്തോളം കാലം ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ പല ശാഖകളിലായി വിപുലമായി തുടരുക തന്നെ ചെയ്യും. മാതാപിതാക്കളെ ഉപേക്ഷിക്കരുത് എന്ന പ്രചരണം ഗാന്ധിഭവൻ നിരന്തരമായി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുകയാണല്ലൊ.ഗാന്ധിഭവനക്കുറിച്ച് ഇതല്ലാതെയും എനിക്ക് രണ്ട് സ്വപ്ന പദ്ധതികളുണ്ട്. ഒരു മെഡിക്കൽ കോളേജ് എന്നത് ദീർഘകാലമായുള്ള എന്റെ അഭിലാഷമാണ്.മെഡിക്കൽ വിദ്യാഭ്യാസമല്ല മറിച്ച് ചികിത്സയും ഗവേഷണവുമായിരിക്കും അവിടെ നടക്കുക. നിലവിലുള്ള എല്ലാ ചികിത്സാ സമ്പ്രദായങ്ങളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമായിരിക്കും ഉണ്ടായിരിക്കുക.പാരമ്പര്യ ചികിത്സ, ആയുർവേദം, സിദ്ധ, ഹോമിയോ, യുനാനി, അലോപ്പതി തുടങ്ങി ഏതു ചികിത്സയും അവിടെ ലഭിക്കും.എല്ലാ സമ്പ്രദായങ്ങളിലും നിരന്തരമായ ഗവേഷണവും നടക്കും.ചികിത്സയ്ക്ക് എത്തുന്നവർക്ക് ഫീസ് ഈടാക്കില്ല, അങ്ങനെ ഒരു ബില്ലുമുണ്ടാകില്ല. സാമ്പത്തികമുള്ളവർ ഈ മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തിയാൽ പാവപ്പെട്ട രോഗികളുടെ ആവശ്യങ്ങൾക്കു വേണ്ടി വരുന്ന ഇഷ്ട്ടമുള്ള സാമ്പത്തിക സഹായം അവർക്ക് ചെയ്യാം. ഒരു രോഗി വന്നാൽ ആദ്യം എല്ലാ മെഡിക്കൽ ടെസ്റ്റുകളും നടത്തും. എല്ലാ സിസ്റ്റത്തിലുമുള്ള ഡോക്ടർമാർ ഒരുമിച്ചിരിക്കുന്ന ഇടത്തേക്കാവും പിന്നീട് രോഗിയെ ആനയിക്കുക. ആ മെഡിക്കൽ ബോർഡായിരിക്കും ചികിത്സ നിശ്ചയിക്കുന്നത്. ചിലപ്പോൾ ഒരാളുടെ രോഗം ഹോമിയോപ്പതി കൊണ്ട് മാത്രം മാറ്റാനാകും. അല്ലെ. ങ്കിൽ ആയുർവേദം, നാച്ചറോപ്പതി കൊണ്ട് മാറ്റാനാകും. രോഗം ഭേദമാകുവാൻ കുറഞ്ഞ ചെലവുള്ള ചികിത്സാ സമ്പ്രദായത്തിലേക്ക് മാറ്റുക എന്ന നയം കൂടിയാകും അവിടെ സ്വീകരിക്കുക. സർജറി ഉൾപ്പെടെ അടിയന്തിര പ്രാധാന്യമുള്ള ചികിത്സകൾ അലോപ്പതിയിലായിരിക്കും നടത്തുക. മെഡിക്കൽ കോളേജ് ആരംഭിക്കുവാൻ വസ്തു ലഭ്യമായിക്കഴിഞ്ഞാൽ ലോകത്തുള്ള എല്ലാ സമൂഹത്തോടും ഒരു രൂപ വീതം തന്ന് ഈ പ്രസ്ഥാനത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കും. ആ തുക കൊണ്ട് മെഡിക്കൽ കോളേജ് നിർമ്മിക്കുകയാണ് ലക്ഷ്യം. എല്ലാ സമ്പ്രദായങ്ങളിലുമുള്ള ഡോക്ടർമാരെ കാണുമ്പോഴെല്ലാം വർഷങ്ങളായി ഈ ആശയം പങ്കുവയ്ക്കാറുണ്ട്. ഈ ആശയത്തോട്ട് ചേരാൻ ആഗ്രഹിക്കുന്നവരാണ് അവരിലെ മിക്കവരും. വർഷത്തിൽ ഒരു പ്രാവശ്യം നിങ്ങളിവിടെ വന്ന് ഒന്നോ രണ്ടോ ദിവസത്തേക്ക് സേവനം ചെയ്യണമെന്നും അവരോട് പറയാറുണ്ട്. എല്ലാ ഡോക്ടർമാരും തന്നെ അതിന് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. സ്വതന്ത്ര കാഴ്ച്ചപ്പാടും നിലപാടും ഉള്ള ഡോക്ടർമാരുമായാണ് ഞാനെന്റെ ആശയങ്ങൾ കൂടുതലും പങ്കുവച്ചിട്ടുള്ളത്. മരുന്നു ലോബികളുടെ, അലോപ്പതി ഡോക്ടർമാരിൽ ചിലരുടെ ഒക്കെ താൽപ്പര്യക്കുറവ് ഇക്കാര്യത്തിൽ ഉണ്ടാകാം. എന്നിരുന്നാലും ഗാന്ധിഭവന്റെ ഈ ആശയം, സ്വപ്നം പ്രാവർത്തികമാകും എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരു രോഗി പോലും ചികിത്സ കിട്ടാതെ മരിക്കരുത് എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുവാനാണ് നമ്മൾ ഉദ്ദേശിക്കുന്നത്. 10 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളേജിന് നിലവിൽ വേണ്ടത്.ഏഴ് ഏക്കർ ഭൂമി മലബാറിൽ ഗാന്ധിഭവന് നൽകാമെന്ന വാഗ്ദാനം നിലവിലുണ്ട്. അവിടെ തന്നെ മൂന്ന് ഏക്കർ കൂടി ഇപ്പോഴത്തെ അവസ്ഥയിൽ കണ്ടെത്തേണ്ടി വരുമെന്ന് മാത്രം. രണ്ടാമതായി മനുഷ്യ സമൂഹം നന്നാവണമെങ്കിൽ ജീവകാരുണ്യം കൂടി വിദ്യാഭ്യാസ പദ്ധതികളിലും സിലബസിലും വരണം. നമുക്കതില്ല. നമ്മൾ പഠിക്കുന്ന കണക്കും സയൻസും ചരിത്രവും മാത്രമല്ല യഥാർത്ഥ മനുഷ്യനാകുവാൻ വേണ്ടത്. ഒരു ജീവകാരുണ്യ വിദ്യാഭ്യാസ സമ്പ്രദായം തന്നെ നമുക്ക് വേണ്ടതുണ്ട്. പ്രധാനമായും മനുഷ്യത്തത്തെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ അറിഞ്ഞിരിക്കണം. രാഷ്ട്രീയം ഉൾപ്പെടെ പൊതു പ്രർത്തന രംഗത്തുള്ളവർക്കൊക്കെ വിദ്യാഭ്യാസം കുറവാണെങ്കിൽ പോലും ജീവകാരുണ്യ പ്രവർത്തനങ്ങൾ പഠിച്ച് അറിഞ്ഞതിന്റെ സർട്ടിഫിക്കറ്റെങ്കിലും നിർബന്ധമാക്കണം. അത്തരമൊരു പoനത്തിന് ഒരു ജീവകാരുണ്യ യൂണിവേഴ്സിറ്റി എന്നത്എന്റെ ഒരു സ്വപ്നമാണ്. കുട്ടികൾക്കും, നിരക്ഷരർക്കും ഉൾപ്പെടെ ജീവകാരുണ്യം മനസിലാക്കാനും പഠിക്കാനുമുള്ള അവസരം അവിടെ ഉണ്ടാകും. രാഷ്ട്രീയ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ ഇവരൊക്കെ അവിടെ പഠിക്കണമെന്ന നിബന്ധന വരണം. കുട്ടിക്കാലം മുതൽക്കേ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നവർക്ക്‌ ഇങ്ങനെയൊരു പoനമില്ലാത്തതിന്റെ പോരായ്മയാണ് എന്തു പ്രത്യാശ ജനത്തിനു ലഭിച്ചാലും അതു് പ്രാവർത്തികമാകാതെ പോകുന്നതിന്റെ കാരണം. 

 ? ഗാന്ധിഭവന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് സാമ്പത്തികം ഇപ്പോഴും തടസമാണോ . 

 സാമ്പത്തിക ബുദ്ധിമുട്ട് നിലനിൽക്കുകയാണ്. കടബാദ്ധ്യതകൾ പുതുതായും വന്നു കൊണ്ടിരിക്കുന്നു. ചോദിക്കാതെ തന്നെ അറിഞ്ഞ് പ്രവർത്തിക്കുന്ന യൂസഫലി സാറിന്റെ ഉൾപ്പെടെ സഹായങ്ങൾ കൊണ്ടാണ് ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾക്ക് മുന്നോട്ടു പോകാനാകുന്നത്. കല്ലടയാറിനു വളരെ അടുത്തുള്ള ഗാന്ധിഭവനിൽ പ്രളയം കൺമുന്നിൽ എത്തിയിട്ടും ഭാഗ്യവശാൽ ഒന്നും സംഭവിച്ചില്ല. എന്തെങ്കിലും സഹായം വേണ്ടതുണ്ടോ എന്ന് യൂസഫലി സാറ് തിരക്കിയിരുന്നു. 350ഓളം ജീവനക്കാർ ഗാന്ധിഭവനുണ്ട്. കാരുണ്യ കുടുംബത്തിലെ 1000 പേരെങ്കിലും നിത്യവും മരുന്നു വേണ്ടവരാണ്. മനോരോഗ മരുന്നുകളാന്നും തന്നെ വില കുറച്ചു ലഭിക്കുവാനുള്ള സാഹചര്യമില്ല. തിരുവനന്തപുരം മാനസികരോഗാശുപത്രിയിൽ നിന്നു ലഭിക്കുന്ന കുറച്ച് മരുന്നുകൊണ്ടൊന്നും ഒന്നും ആവില്ല. സ്വകാര്യ മേഖലയിലെ ആശുപത്രികളെ ആശ്രയിക്കേണ്ടി വരാറുണ്ട്. അവിടെ ഇളവുകൾ ലഭിക്കുക അപൂർവം. ദിവസം കുറഞ്ഞത് മൂന്നു ലക്ഷം രൂപയെങ്കിലും വേണ്ടതുണ്ട്.നിലനിൽപ്പിനുള്ള കാര്യങ്ങളിലെ ദൈനംദിന ചെലവുകൾ, ജീവനക്കാരുടെ ശമ്പളം, തുടർച്ചയായി നടന്നു വരുന്ന നിർമാണ പ്രവർത്തനങ്ങൾ പെടും. ഗാന്ധിഭവന്റെ പത്തനാപുരം കേന്ദ്രത്തിൽ 2005ൽ തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ 13 വർഷം പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യ വികസനം മുഴുമിപ്പിക്കാനാകുന്നില്ല. പൂർണമായ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും ആയിട്ടില്ല. 


അവാര്‍ഡുകളുമായി പുനലൂര്‍ സോമരാജന്‍  

?ഉദ്ദേശിച്ച കാര്യങ്ങൾ പൂർത്തീകരിച്ചു കൊണ്ടിരിക്കയാണോ.
 തീർച്ചയായും. എല്ലാം മുന്നോട്ടാണ് എന്നതിൽ ഒത്തിരി സന്തോഷമുണ്ട് .(ചിരിക്കുന്നു)തിരുവനന്തപുരം കാസർഗോഡ്, ഇടുക്കി, പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിലും ഗാന്ധിഭവന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കേന്ദ്രങ്ങളായിരിക്കുന്നു. കേന്ദ്ര സ്ഥാനത്തെ കെട്ടിടങ്ങൾ എല്ലാം തന്നെ നല്ല മനുഷ്യരുടെ സംഭാവനകളാണ്. 

 ?മഹാത്മ ഗാന്ധിജിയുടെ തത്വസംഹിതകളെ പ്രാവർത്തികമാക്കിയതാണോ ഗാന്ധിഭവന്റെ വിജയത്തിനു നിദാനം. 

 ഗാന്ധിജി ഏഴു പതിറ്റാണ്ടിനും മുൻപ് പറഞ്ഞത്, പ്രായോഗികതയിലേക്ക് കൊണ്ടുവരികയെന്നത് തടസവലയിതമായ പ്രവർത്തികൾ തന്നെയാണ്.ഗാന്ധിജിയുടെ സ്വപ്നങ്ങളിൽ എത്തുന്നതിന് ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ ഇനിയും ബഹുദൂരം പോകേണ്ടതുണ്ട്. അതിനുള്ള പരിശ്രമം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. ഗാന്ധിജിയെപ്പോലെയാകുവാൻ നമുക്കാർക്കുമാവില്ല. അദ്ദേഹത്തിന് വിവിധ വിഷയങ്ങളിൽ ഉറച്ച തീരുമാനങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹിഷ്ണുതയൊക്കെ നമ്മളിലെ മഹാഭൂരിപക്ഷത്തിനും പകർത്താനാവില്ല. കാലഘട്ടത്തിനും അപ്പുറത്തേക്ക്, അതിനും മുന്നിലേക്ക് മനുഷ്യന് അഭൂതപൂർവമായ വികാസം, മാറ്റം സംഭവിച്ചിരിക്കുന്നു. ജീവിത സാഹചര്യങ്ങളും മാറി.ശാസ്ത്രം വികസിച്ച് സമ്പത്ത് കുന്നു കടിയതോടെ മനുഷ്യത്തം മനുഷ്യന് നഷ്ട്ടപ്പെട്ട അവസ്ഥയായിരിക്കുന്നു. ഞാൻ വിചാരിക്കുന്നതെന്തും സാധിക്കാമെന്ന ചിന്ത മനുഷ്യനെ ദോഷകരമായി ബാധിച്ചിരിക്കുന്നു.സമ്പത്ത് വരുന്നതോടെ അവന്റെ ബന്ധങ്ങളുടെ വലയം ശക്തമാകുകയും അധികാര കേന്ദ്രങ്ങളിലേക്ക് അവനെ അടുപ്പിക്കുകയും ചെയ്യുന്നു. പാവപ്പെട്ടവരെയും പ്രയാസപ്പെടുന്നവരെയും തിരിഞ്ഞു നോക്കാത്ത അവസ്ഥ സംജാതമാകും. സമ്പന്ന തലമുറയിൽ വരുന്നവരുടെ മക്കൾ പലപ്പോഴും സമൂഹത്തിന് പ്രശ്നക്കാരായി മാറുന്നു. ആരോടും സ്നേഹം വേണ്ട, പ്രതിബദ്ധത വേണ്ട .ചൂഷണത്തിലൂടെ പണം നേടാനുള്ള മനസ്ഥിതി സമ്പാദ്യം വച്ച് എന്തും നേടാവുന്ന അവസ്ഥ. മനുഷ്യ ജീവിതത്തിൽ ഒത്തിരി പ്രതിബന്ധങ്ങളും പ്രതിസന്ധികളും സൃഷ്ട്ടിരുന്ന സാഹചര്യമാണ് ഇന്ന് നമ്മുടെ സമൂഹത്തിലുള്ളത്. എല്ലാ മനുഷ്യർക്കും തുല്യത കിട്ടണമെന്ന ചിന്തയാണ് ഗാന്ധിജിയെ ഭരിച്ചിരുന്നത്. പിന്നോക്കം പോകുന്ന സമുദായങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രത്യേക ചിന്ത രാഷ്ട്രപിതാവിനുണ്ടായിരുന്നു.
പുനലൂര്‍ സോമരാജനും ബാബു ഇരുമലയും 

? പുതിയ തലമുറ ഗാന്ധിജിയെ മറന്നു കൊണ്ടിരിക്കുകയാണോ.

 മറന്നുവെന്നല്ല, പൂർണമായും മറന്നു കഴിഞ്ഞുവെന്നു തന്നെ പറയേണ്ടി വരും. (ചിരിക്കുന്നു) ഗാന്ധിജിയെ അറിയുവാനും പഠിക്കുവാനും അവർക്കാർക്കും താൽപ്പര്യവുമില്ല. ഗാന്ധിജിയെക്കുറിച്ച് പ്രസംഗിക്കുവാൻ പക്ഷെ, പലർക്കും താൽപ്പര്യമാണ്. പ്രത്യേകിച്ച് രാഷ്ട്രീയ നേതാക്കൾക്ക് . സത്യാഗ്രഹത്തിലൂടെയാണ്, സഹനത്തിലുടെയാണ് എല്ലാം നേടിയെടുത്തത് എന്നൊക്കെ പറഞ്ഞ് പ്രസംഗിച്ചുകൊള്ളും. ഗാന്ധിജിയെ പഠിക്കുകയോ, ജീവിതത്തിലേക്ക് കൊണ്ടുവരുന്നവർ സ്വാതന്ത്ര്യം ലഭിച്ച ശേഷം തീരെ കുറഞ്ഞു എന്നു തന്നെ പറയേണ്ടി വരും. അങ്ങനെ ഗാന്ധിജിയെ പകർത്തുന്നവർ പഴഞ്ചന്മാരായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യം നേടിത്തരുന്നതിൽ മുഖ്യ പങ്കുവഹിച്ച ദേശീയധാരാ രാഷ്ട്രീയ കക്ഷിക്കുൾപ്പെടെ ഇപ്പോൾ ഗാന്ധിജി ആരുമല്ലാതായിക്കൊണ്ടിരിക്കുന്നു. നല്ല മനസുള്ള ഗാന്ധിയന്മാർ ഇന്ത്യ ഭരിക്കുകയാണെങ്കിൽ ഇന്ത്യ സമത്വസുന്ദര രാഷ്ട്രമായി മാറുമെന്നതിൽ സംശയമില്ല.പക്ഷെ, അത് സംഭവിക്കുന്നില്ല. അപ്പോൾ ഗാന്ധിയൻ മനസ് അവിടെ വരുന്നില്ല. ഗാന്ധിജിയുടെ ദർശനം ഭാരതത്തിന്റെ വ്യത്യസ്തതകളിൽ ഊന്നി നിന്നുള്ളതാണ്. ആ കാഴ്ച്ചപ്പാടിലെ ഇന്ത്യക്ക് വളരെ പ്രസക്തിയുണ്ട്. സഹനവും ക്ഷമയും കൊണ്ടാണ് അദ്ദേഹം ഭാരതത്തിന്റെ വിജയം ലോകത്തിന് കാണിച്ചു കൊടുത്തത്. 

 ?രാജ്യത്തേക്കാൾ മോശമായ അവസ്ഥയിലേക്കാണോ കുടുംബം നീങ്ങുന്നത്.

 സംശയമില്ല. യഥാർത്ഥത്തിൽ കുടുംബം ഇന്ന് നഷ്ട്ടപ്പെട്ടു. ഒരോ വ്യക്തിയും ഒരോ പ്രസ്ഥാനമായി മാറിയിരിക്കുന്നു. സ്വന്തം മനസിലേക്ക് തന്നെ ഒരു മതിലു കെട്ടിയിട്ടാണ് ഒരോരുത്തരും നിൽക്കുന്നത്. ഗാന്ധിഭവനിലേക്കുള്ള ഒഴുക്കു കണ്ടാൽ തന്നെ അത് വ്യക്തമാകും. സ്വന്തം മ 

 ?വെള്ളപ്പൊക്കത്തിൽ ആ മതിലുകളെല്ലാം പോയില്ലെ. 

 പോയി.പക്ഷെ, കെട്ടാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.(ചിരിക്കുന്നു) പ്രകൃതി നമുക്ക് തന്ന ഒരു ഓർമപ്പെടുത്തലും വലിയൊരു സന്ദേശവും ആയിരുന്നു തീർച്ചയായും മതിലുകളെല്ലാം നിലംപതിച്ചതിലൂടെ നൽകിയത്. സ്വാർത്ഥത അധികരിക്കുന്നതിന് ചെറിയൊരു കടിഞ്ഞാണിട്ടു എന്നു തന്നെ പ്രളയത്തെ ചരിത്രവൽക്കരിക്കാം. എല്ലാം നമ്മുടെ കണ്ണുതുറപ്പിക്കട്ടെ.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image