മലയാള നോവല്‍ സാഹിത്യത്തെ ഖസാക്കിനു മുന്‍പും പിന്‍പും എന്ന് അടയാളപ്പെടുത്തിയ ഒ വി വിജയന്‍റെ നോവല്‍ ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരണത്തിന്‍റെ അന്‍പതാം വര്‍ഷത്തിലാണ് ഇംഗ്ലീഷില്‍ അദ്ദേഹം തന്നെ അത് ലെജണ്ട്സ് ഓഫ് ഖസാക്ക് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ട് 24 വര്‍ഷമായി .മലയാളത്തില്‍ ആ നോവല്‍ ചരിത്രം രചിക്കുമ്പോള്‍ ഇംഗ്ലീഷില്‍ എന്ത് കൊണ്ടോ ആ നോവല്‍ അത്ര ശക്തമായി അടയാളപ്പെടുത്തപ്പെട്ടിട്ടില്ല.കാര്‍ട്ടൂണിസ്റ്റ്,കോളമിസ്റ്റ് എന്നീ നിലകളില്‍ തിളങ്ങുന്ന അദ്ദേഹം ഒരു നോവല്‍ രചയിതാവ് കൂടിയായിരുന്നു എന്ന് ആംഗലേയ വേദികളില്‍ ഓര്‍മ്മിക്കപ്പെടുന്നു.തന്റെ ഒട്ടേറെ കൃതികള്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെടാന്‍ അദേഹത്തിന് ഭാഗ്യമുണ്ടായി . എങ്കിലും പൊരിഞ്ഞ  കിടമത്സരം നില്‍ക്കുന്ന ആ വേദിയില്‍ അദേഹം സമശീര്‍ഷരായ  പല എഴുത്തുകാരുടെ തലത്തില്‍ പോലും ഉയര്തപെടുകയുണ്ടായില്ല ഇതിഹാസത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ അതെന്തു കൊണ്ടു എന്ന് സ്വഭാവികമായി ചോദിക്കേണ്ടി വരുന്നു

  അന്നേ വരെ മലയാളത്തില്‍ കാണപ്പെടാത്ത ഒരു കഥാപാത്രത്തെയും  ,ആ കഥാപാത്രത്തിനു ചുറ്റും നിരവധി കഥാപാത്രങ്ങളെയും ജീവിത സന്ദര്‍ഭങ്ങളെയും ആവിഷ്കരിച്ചു കൊണ്ടാണ് ഖസാക്ക് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിക്കുന്നത്. വി  എം നായര്‍ ഇടപെട്ടതുകൊണ്ട്  മാത്രമാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടതെന്നത് മറ്റൊരു കൌതുകകരമായ കാര്യം.മലയാളസാഹിത്യത്തില്‍ പുതിയൊരു ഭാവുകത്വം രൂപപ്പെടുത്തിയ ആ നോവല്‍ പക്ഷേ വളരെ പെട്ടെന്നാണ് വായനക്കാര്‍ ഏറ്റെടുത്തത്

  തകഴിയുടെയും ബഷീറിന്റെയും കേശവ ദേവിന്റെയും ഉറൂബിന്റെയും   നോവലുകളില്‍ നിന്ന് എന്തായിരുന്നു ഒ വി വിജയന്‍റെ നോവലില്‍ വ്യത്യസ്തമായി  ഉണ്ടായിരുന്നത് ?നൂറ്റാണ്ടു കഴിഞ്ഞ മലയാള  നോവല്‍ സാഹിത്യത്തെ വിലയിരുത്തുമ്പോള്‍ അല്ലെങ്കില്‍ പുനര്‍ മൂല്യ നിര്‍ണയം ചെയ്യുമ്പോള്‍ പെട്ടെന്ന് താരതമ്യേനെ അന്ന് അപ്രശസ്തനായ ഒരു ഏഴുത്തുകാരന്‍ അന്നേ വരെയുള്ള ലോകത്തെ അമ്മാനമാടുന്നു ഇത്തരമൊരു ഭാവുകത്വ വ്യതിയാനം ഒരു പക്ഷെ സൃഷ്ട്ടിച്ചത് ബഷീര്‍ ബാല്യകാലസഖിയില്‍ കൂടിയാണ് .

  സോഷ്യല്‍ റിയലിസം എഴുത്തിനു ജീവവായുവായ ഒരു കാലഘട്ടത്തില്‍ തൊഴിലാളിയും തടികച്ചവടക്കാരനും കൂലിപ്പണിക്കാരനും വേശ്യയും  എല്ലാം നായികാ നായകന്മാരായി.ആന്തരികമായ സംഘര്‍ഷങ്ങളെക്കാള്‍ വ്യക്തിയും സമൂഹവും വ്യക്തിയും വ്യക്തിയും തമ്മിലുള്ള സംഘര്‍ഷങ്ങളായിരുന്നു ഇവയുടെ ഇതിവൃത്തം.രണ്ടിടങ്ങഴിയും സുന്ദരികളും സുന്ദരന്മാരും ബാല്യകാല സഖിയും അക്കാലഘട്ടത്തിലെ തിളക്കമാര്‍ന്ന രചനകളാണ്    

  ഇതേ കാലത്താണ് ഏറെ അവഗണിക്കപ്പെട്ട കയര്‍ പോലെയുള്ള രചനകളും നമ്മുടെ സാഹിത്യത്തെ സമ്പന്നമാക്കുന്നത്.അര്‍ജെന്ടിനയിലെ വസന്തത്തില്‍ കണ്ണ് നട്ടിരുന്ന നാം മലയാള ചരിത്രത്തിലെ ഈ മാന്ത്രിക സൌരഭം തീരെ ശ്രദ്ധിച്ചില്ല കയര്‍പോലെ ഇഴകള്‍ നീണ്ടുപോകുന്ന കഥകളുടെ ആഖ്യാനമാണ്‌ തകഴിയുടെ ഈ നോവലിനെ ശ്രദ്ധെയമാക്കിയത് ഒരു അക്ഷയഖനി എന്നാണു മലയാളത്തിലെ ഒരു ചലച്ചിത്രകാരന്‍ ഈ നോവലിനെ വിശേഷിപ്പിച്ചത്‌ ആ മാന്ത്രികതയില്‍ അതിശയത്തോടെ  ചിലര്‍ ആഴ്ന്നിറങ്ങുന്ന കാഴ്ച അടുത്തയിടെ കാണാനിടയായി

പക്ഷെ മലയാളത്തിന്റെ തനി ഇതിഹാസം ഖസാക്ക് തന്നെ .159 താളുകളില്‍ ആല്മീയാന്വേഷകനായ രവി മാത്രമല്ല,ഒരു പാലക്കാടന്‍ ഗ്രാമത്തിലെ വൈവിധ്യമാര്‍ന്ന എല്ലാ കഥാപാത്രങ്ങളും രംഗം പിടിക്കുന്നു.ചെറിയ വരകള്‍,അപൂര്‍വമായ സ്പര്‍ശങ്ങള്‍.ഒരു മിന്നലോടെ ആ കഥാപാത്രങ്ങള്‍ ഭാവനയുടെ ലോകത്ത് പൂത്തിരി കത്തിക്കുന്നു കഥകള്‍ക്കുള്ളിലെ കഥ പറഞ്ഞ അറബിക്കഥകളുടെയോ കഥാസരിത്സാഗരത്തിന്റെയോ മട്ടിലല്ല ഒരു തികഞ്ഞ അനുഭവമായാണ് വിജയന്‍റെ വര്‍ണന.അതോടൊപ്പം തികഞ്ഞ ഗ്രാമീണ ഭാഷ ഓരോ ആളും സംസാരിക്കുന്നത് തികച്ചും വ്യത്യസ്തമായ ഭാഷ.ഒരു ഗ്രാമമല്ല ഒരു വലിയ ലോകമാണിവിടം.

 ഈ ലോകത്തില്‍ മലയാളത്തിന്റെയോ തമിഴിന്റെയോ അറബി മലയാളത്തിറെയോ ലോപിച്ചരൂപങ്ങള്‍ നാദമനോഹരമായി തന്മയത്തോടെ വാര്‍ന്നു വീഴുകയാണ്.അളന്നുമുറിച്ചു കൌതുകം സൃഷ്ട്ടിക്കാന്‍ ഉപയോഗിക്കുന്ന പില്കാലത്തെ ദൃശ്യഭാഷയിലെ ദേശഷഭാഷയല്ല ഹൃദയത്തില്‍ തട്ടുന്ന വികാരനിര്‍ഭരമായ വാക്കുകളാണ് ഖസാക്കിന്റെ മുതല്‍കൂട്ട്.ഒരു ചെറിയതേങ്ങലായോ പരിഭവമായോ പൊട്ടിത്തെറിക്കുന്ന ലൈംഗികതയുടെ അനസ്യുതമായ ഒഴുക്ക് ആയോ ആ വാക്കുകള്‍ പരിണാമം പ്രാപിക്കുന്നു

 ഖസാക്ക് ഒരു വിവര്‍ത്തകന് വലിയ വെല്ലുവിളിയാണ്.എഴുത്തുകാരന്‍ തന്നെ വിവര്‍ത്തനം ചെയ്ത ഗ്രന്ഥമെന്ന നിലയില്‍ ആ ദൌത്യം കുടുതല്‍ ദുഷ്കരമാകുന്നു .വിജയന്‍ അത് തന്റെ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

“ഈ നോവല്‍ വിവര്‍ത്തനം ചെയ്യുക എളുപ്പമായിരുന്നില്ല പ്രകൃതിയുടെയു കടുത്ത ചിത്രങ്ങള്‍,പഴയ നാടന്‍ ആചാരങ്ങള്‍ ,ജാതിവ്യത്യാസങ്ങള്‍  വ്യത്യസ്തമായ ഭാഷാഭേദങ്ങള്‍ എന്നിവയെല്ലാം ഇംഗ്ലീഷില്‍ ആവിഷ്കരിക്കുക ബുദ്ധിമുട്ടാണ് ഒട്ടേറെ കാര്യങ്ങള്‍ നഷ്ടമായിരിക്കുന്നു നഷ്ടപെട്ടവ തിരികെ കൊണ്ടുവരുക സാധ്യമല്ല കഥ അതിന്റെ ഊര്‍ജ്ജത്തില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ആണ് ശ്രമം.  മൂലകൃതിയുടെ ശക്തിയും  വേഗവും ആവിഷ്ക്കരിക്കാന്‍  പരമാവധി ഞാന്‍ ശ്രമിച്ചിരിരിക്കുന്നു,” അദ്ദേഹം തന്റെ പെന്‍ഗ്വിന്‍ വിവര്‍ത്തനത്തില്‍ എഴുതുന്നു.

 മലയാളത്തില്‍ വാഴ്ത്തപ്പെട്ട ഈ കൃതി ആംഗലമാക്കിയപ്പോ.ള്‍ മറ്റൊരു വെല്ലുവിളിയും  വിജയനെ കാത്തിരിപ്പുണ്ടായിരുന്നു.ഒരു വിപ്ലവകാരിയുടെ ഗ്രാമവുമായുള്ള ഏറ്റുമുട്ടലാണ് വിജയന്‍ തന്റെ കൃതിയില്‍ പ്രതിപാദിക്കാന്‍  ആദ്യം ഉദ്ദേശിച്ചത്.എന്നാല്‍ കമ്മ്യൂണിസവുമായുള്ള ഇച്ഛാഭംഗം മൂലം അദ്ദേഹം തന്റെ കഥാപാത്രത്തെ ഒരു ആല്മീയ അന്വേഷകനാക്കി.കമ്യുവും സാര്‍ത്രും കിഴക്കന്‍ യുറോപ്പും  തിളച്ചു മറിഞ്ഞ അന്‍പതുകളില്‍ രൂപപ്പെട്ട കഥാബീജം ഖസാക്ക് എന്നകന്യാവനത്തില്‍ വലിയൊരു കൊങ്കാടുപോലെ പടര്‍ന്നു കയറുന്നു. നീണ്ട പനകളും മിനാരങ്ങളും ഉപേക്ഷിക്കപെട്ട പള്ളികളും ഹൃദയം കൊത്തിവലിക്കുന്ന കാമനകളും നിറഞ്ഞ ഏതോ ഒരു അതിര്‍ത്തി ഗ്രാമത്തില്‍ കര്‍മഫലങ്ങളുടെ  അര്‍ഥം തിരയുന്ന ഒരു സാധാരണക്കാരനായ സാഹസികന്‍ .രതിയുടെയും ലഹരിയുടെയും കടുത്ത വിഷത്തില്‍ സ്വയം കുളിച്ചു നില്‍ക്കുന്ന ശുദ്ധാല്മാവായ  എകാധ്യാപക വിദ്യാലയത്തിലെ ഒരു മാഷ്‌ ആശ്രമത്തിലെ അന്തെവാസിനിയുടെ ഒരുകാവിമുണ്ടും മാറിയുടുത്തു മറ്റൊരു ജീവിതത്തിലേക്ക് സ്വയം ഒളിക്കുന്നു . ജീവിതത്തിന്റെ അര്‍ഥം തേടുന്ന ആ യുവാവ് വല്ലാത്തൊരു പാപബോധം മനസ്സില്‍ഒളിപ്പിക്കുന്നുണ്ട്  .ആ പാവത്തിന്റെ കറുത്ത നദിയില്‍ തെളിയുകയാണ് മറ്റൊരു ജീവിതം.

 അറുപതുകളിലെ കേരളീയ ഭാവുകത്വത്തില്‍ അല്ല ,ഒരു സാര്‍വര്‍ദേശിയതയിലാണ് വിജയന്‍ തന്റെ കഥ പറയുന്നത് .സോമര്‍ സെറ്റ്  മോമിനെ  പോലെയുള്ളവര്‍ ഇത്തരം കഥകള്‍ പറഞിട്ടുണ്ട്..

പക്ഷെ ഈ ലോകം, അതിലെ മനുഷ്യര്‍ ..അവര്‍ നേരിടുന്ന ജീവിത സമസ്യകള്‍ .ഈ കൃതിയിലെ ഓരോ താളിലും നിറഞ്ഞിരിക്കുന്നു.കുഞ്ഞാമിനയോടും കൂട്ടരോടും പിറന്ന ജീവബിന്ദുവിനെപ്പോലെ

 ജീവിതം ഒരു ലഹരിപോലെ ആഘോഷമാക്കിയിരുന്ന തന്റെ മുപ്പതുകളിലാണ്  ഖസാക്ക് പിറക്കുന്നത്‌ .ഈ നോവലിന്റെ ഒരു അധ്യായം  58ഇല്‍  കഥയായി പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും .എന്തായിരുന്നു ഇതില്‍ പശ്ചാത്തലമാക്കിയിരിക്കുന്ന  ആ ലോകം?ഹിപ്പിസം,പാരിസ് വിദ്യാര്‍ഥി കലാപം,കിഴക്കന്‍ യൂറോപിലെ സോവിയറ്റ്‌ അധിനിവേശം .ഇന്ത്യയിലും  അതിന്‍റെ പ്രതിഫലനം ഉണ്ടായി .

 ഒരു പ്രാര്‍ത്ഥന പോലെ ,ഒരു ദൃശ്യാനുഭവം  പോലെയാണ് വിജയന്‍ ഖസാക്ക് രചിച്ചത് .എന്നാല്‍ അദ്ദേഹം അത് വിവര്‍ത്തനം ചെയ്യുമ്പോള്‍ ആ തീവ്രയൌവനം അഗാധമായ ആല്മീയതക്ക് വശപ്പെട്ടിരുന്നു അതിന്റെ അനുരണങ്ങള്‍ നോവലിനെ ബാധിചിരിക്കുനുവെന്നു ഇ പി ഉണ്ണി തന്റെ നിരുപണത്തില്‍ സൂചിപ്പിക്കുകയുണ്ടായി .വിജയനെ തെല്ലൊന്നുമല്ല ആ നിരീക്ഷണം വേദനിപ്പിച്ചത് സര്‍ഗല്മകമായി വിജയന്‍ മാറിയിരിക്കാം,പക്ഷെ വിവര്‍ത്തകന്‍  എന്ന നിലയില്‍ ഈ മാറ്റം നോവലിന്റെ ആല്മാവിനോടു നീതി പുലര്‍ത്തുന്നതായിരുന്നില്ല.

 വൈകാരികമായി കുലംകുത്തിയോഴുകുന്ന ഒരു വലിയനദിയുടെ ഒഴുക്കിനെ ഇത് ബാധിച്ചിരിക്കാമെങ്കിലും യഥാര്‍ത്ഥ കടമ്പ ഭാഷയായിരുന്നു.ഖസാക്കിന്റെ ആല്മാവ്‌ അതിന്റെ ഭാഷയാണ്‌ .വികാരങ്ങള്‍ വാക്കുകളില്‍ ഒരു ശില്‍പം പോലെ ചെത്തിമിനുക്കി ഇത്ര റൊമാന്റിക് ആയി മറ്റൊരാള്‍ ഈ ഭാഷ കൈകാര്യം ചെയ്തിട്ടുണ്ടാവില്ലഘനീഭവിച്ച രൂപകങ്ങള്‍ ,ഞെട്ടിപ്പിക്കുന്ന ഭാഷ,വികാരം ഉണര്‍ത്തുന്ന നിരീക്ഷണങ്ങള്‍  ,മലയാളത്തില്‍ പിറക്കാതെ പോയ ഗ്രാഫിക് നോവലാണിത്‌.അംഗലേയത്തില്‍ അവ കുറച്ചെങ്കിലും ഉപേക്ഷിക്കേണ്ടി വന്നു  

 ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ മറ്റൊരു വലിയ  പ്രശ്നം പദസമ്പത്താണ്‌ . ഒരു നാട്ടുമൊഴിയെ വിഴുങ്ങുന്ന പദരത്നാകരമാണ് അവിടെയുള്ളത് ..അവ സൃഷ്ട്ടിക്കുന്ന അര്‍ത്ഥ  തലങ്ങള്‍ വേറെ. ഖസാക്ക് കഥകളുടെ കൂടെ രത്നാകരം ആണല്ലോ.

വീണ്ടും ജീവിതം അവ്ശ്യപെടുന്ന വാക്കുകളും കഥകളും  .ഒരു വിവര്‍ത്തകന്‍ എന്ന നിലയില്‍ കഥാകാരന്‍ അഭിമുഖീകരിക്കുന്ന പ്രശ്നനിര്‍ഭരമായ മുഹൂര്‍ത്തം .

അസാമാന്യമായി ഭാഷാപാടവം ഉള്ള ഒരാള്‍ക്കേ ഇവിടെ നിന്ന് മുന്നോട്ടു പോകാനാവൂ .ഇന്ന് അത് വായിക്കുമ്പോള്‍ ഒരു പരിധി വരെ മൂലകൃതിയുടെ  ചൂടും ചൂരും ചോരാതെ വിജയന്‍ അത് വിവര്‍ത്തനം ചെയ്തു എന്നു ബോധ്യമാകും . കഥാപാത്രങ്ങള്‍ എന്നത് വലിയൊരു അനുഭവമായി മാറുന്നു .

സാധാരണത്തത്തില്‍ നിന്ന് അസാധാരണമായത്  സൃഷ്ട്ടിക്കുക എന്നതാണ് ഇവിടെ വിവര്‍ത്തകന്റെ വെല്ലുവിളി കേരളം തന്നെ അപരിചിതമായ ലോകമായ വായനക്കാരന് തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കഥയുടെ ഊടും പാവും തിരിച്ചറിയാന്‍ താല്പര്യമുണ്ടാവില്ല നാട്ടു സാഹിത്യത്തിനു മേല്‍കൈ വന്ന കാലത്തല്ല  ആല്മീയാന്വേഷകനായ രവിയുടെ പുറപ്പാട്

അര നൂറ്റാണ്ടു മുന്‍പ് മലയാളീ ഭാവുകത്തെ മാറ്റി മറിച്ച ഈ നോവല്‍ ഇനി അന്തര്‍ദേശീയമായും അംഗീകരിക്കപ്പെടെണ്ടിയിരിക്കുന്നു.  .

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image