എഴുത്തിനെ വലിയൊരു സ്വകാര്യ അനുഭവമായാണ് ഞാന്‍ കാണുന്നത് എന്നാല്‍ എഴുതിക്കഴിഞ്ഞാല്‍ അത് ക്രമേണ വായനക്കാര്‍ കണ്ടെത്തും എന്ന് ഞാന്‍ കരുതുന്നു. സമയമെടുക്കാം, കാലമെടുക്കാം, എത്ര കാലമെടുത്താലും ഒരു സൃഷ്ടിയില്‍ ഉറങ്ങുന്ന സൗന്ദര്യവും സന്ദേശവും ആരെങ്കിലും കണ്ടെത്താതിരിക്കില്ല. കെ വി മോഹന്‍ കുമാറിനെയും നാം അങ്ങനെ കണ്ടെത്തുകയാണ്.  വലിയ ഒരു അഗ്നിപര്‍വതത്തിനു മുകളിലാണ് കെ വി മോഹന്‍ കുമാര്‍ എന്ന എഴുത്തുകാരന്‍ നിലകൊണ്ടിരുന്നത് എന്ന് ഉഷ്ണരാശി എന്ന നോവലിലൂടെ കടന്നു പോകുമ്പോഴാണ് എനിക്ക് വ്യക്തമായത്.

 പുന്നപ്ര-വയലാര്‍ എന്നത് ഇന്ന് ഒരു കമ്യൂണിസ്റ്റ്‌ പില്‍ഗ്രിമേജ് എന്നോ ടൂറിസം എന്നോ വിശേഷിപ്പിക്കപ്പെടാവുന്ന ഒരു ഭൂവിഭാഗമാണ്. എന്നാല്‍ ആ നാട്ടില്‍ ജനിച്ചു, അവിടത്തെ രക്തരൂഷിതമായ കാലഘട്ടത്തിന്‍റെ കഥകള്‍ കേട്ടുവളര്‍ന്ന ഒരു വ്യക്തിക്ക് അതൊരു ചെറിയ ഭൂമിയല്ല. ഓരോ നിമിഷവും തീയില്‍ വറുത്തെടുത്ത അനുഭവങ്ങളുടെ വലിയ ഭൂമികയാണത്. ഇത്തരം ഒരു ലോകം ഒരു സര്‍ഗാത്മക എഴുത്തുകാരന് പലവിധത്തില്‍ വലിയ ഭാരമായി മാറും.

ഓര്‍മ്മ രൂപങ്ങള്‍

 ഓര്‍മകളുടെ നൊമ്പരപ്പെടുത്തുന്ന, മൂര്‍ച്ചയേറിയ സ്പര്‍ശനങ്ങള്‍, ഓരോ ഭൂസ്പര്‍ശത്തിലും നമ്മെ നോക്കി നില്‍ക്കുന്ന രൂപങ്ങള്‍, അവയില്‍ നമ്മുടെ തന്നെ എത്രയോ പൂര്‍വികര്‍ പറയാതെ പോയ കഥ പറയാന്‍ നമ്മോടാശ്യപ്പെടുന്ന ഓര്‍മ്മ രൂപങ്ങള്‍

ഒരു എഴുത്തുകാരനെ സംബന്ധിച്ച് ചേര്‍ത്തല താലുക്കില്‍ താമസിക്കുക എന്നത് ചരിത്രത്തോട് ഒത്തുചേര്‍ന്ന് ഒരു വലിയ യാത്രയ്ക്കിറങ്ങാനുള്ള ആഹ്വാനമാണ്. ഇവിടെ ഓരോ മണ്ണിലും മണലിലും ഇന്നേവരെ കേട്ടിട്ടില്ലാത്ത അതിസഹാസികതയുടെ കഥകള്‍ ഒളിച്ചിരിക്കുന്നു. അന്തമില്ലാത്ത കഥകളുടെ പ്രഭവസ്ഥലമാണ് അത്. ഈ മണ്ണിലാണ് സഖാവ് പി കൃഷ്ണപിള്ളയും എം എന്‍ ഗോവിന്ദന്‍നായരും കുന്തക്കാരന്‍ പത്രോസും ടി വി തോമസും അച്യുതാനന്ദനും സി ജി സദാശിവവും ലാത്തികള്‍ക്കും വെടിയുണ്ടകള്‍ക്കും നേരെ നിന്നത്. അവര്‍ മാത്രമോ? ഒരു എഴുത്തുകാരനെ സംബന്ധിച്ചു ഏറ്റവും വലിയ വെല്ലുവിളിയാണിത്. തന്‍റെ നാട് കടന്നു പോന്ന ഏറ്റവും സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തിന്‍റെ കഥ എങ്ങനെ പറയണമെന്നത്. 


ചരിത്ര നോവല്‍, സമകാലിക നോവല്‍ ,
ചരിത്രത്തെ കവച്ചുവയ്ക്കുന്ന നോവല്‍


 കെ വി മോഹന്‍കുമാര്‍ ചരിത്രം സൃഷ്ടിച്ച വലിയ വിപ്ലവ കഥകള്‍ ഒന്നിന്‍റെ ഈറ്റില്ലത്തില്‍ ജനിച്ചു എന്നത് ഒരു നിയോഗമാകാം. 21 ആം നൂറ്റാണ്ടില്‍ പുന്നപ്ര-വയലാറിന്‍റെ കഥ എഴുതാന്‍ പോകുന്ന ഒരു എഴുത്തുകാരന് മുന്‍കാല എഴുത്തുകാരെ തീണ്ടാത്ത ഒട്ടേറെ ധര്‍മ്മസങ്കടങ്ങളിലുടെ വേണം കടന്നു പോകാന്‍. 

1: രണ്ടിടങ്ങഴി എഴുതുമ്പോള്‍ തകഴിക്ക് ഇത്തരമൊരു പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവില്ല. കാലഹരണപ്പെട്ടതെന്നു വിമര്‍ശിക്കപ്പെടുന്ന ഒരു പ്രത്യയശാസ്ത്രത്തിനു വേണ്ടി ആത്മാഹുതി ചെയ്ത ഒരു ജനസഞ്ചയത്തിന്‍റെ കഥ അതൊരു സോദ്ദേശ സാഹിത്യം എന്ന് പറഞ്ഞു തള്ളിക്കളയാന്‍ സാധ്യതകള്‍ ഏറെയാണ്‌. 


 2: ആധുനികതയുടെയും ആധുനികോത്തരതയുടെയും ഭാവമാറ്റങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന എഴുത്തിന്‍റെ ലോകത്തില്‍ പുന്നപ്ര-വയലാര്‍ സമരത്തിനും ആ ലോകത്തിനും ആ മില്യുവില്‍ എന്താണ് പ്രത്യേകത? 

3: ഇത്രയേറെ ഡോക്യുമെന്‍റ് ചെയ്യപ്പെട്ട മറ്റൊരു സമരമുണ്ടാവില്ല. ആധുനികമായ പത്രമാധ്യമങ്ങള്‍ കടന്നു വന്ന കാലത്ത് നടന്നു എന്നതിനാല്‍, സ്വാതന്ത്ര്യാനന്തര കാലത്തെ ഒരു കമ്യുണിസ്റ്റ് വിപ്ലവം എന്ന നിലയില്‍ ഇത്രയേറെ എഴുതപ്പെട്ടിട്ടുള്ള മറ്റൊരു സമരം ഉണ്ടാവില്ല. ആ രേഖകളെ, ഇതില്‍ പങ്കെടുത്തവരുടെ ആത്മകഥകളിലെ വസ്തുതകളെ, മറ്റു ചരിത്ര രേഖകളിലെ യാഥാര്‍ത്ഥ്യങ്ങളെ മറികടക്കാന്‍ ഒരു എഴുത്തുകാരന് കഴിയുമോ? 


4: സാധാരണക്കാര്‍ ആണ് ഇതിലെ നായിക നായകന്മാര്‍. അസാധാരണമായ യശസ്സുമായി പില്‍ക്കാലം പൊതു സമൂഹത്തില്‍ നിറസാന്നിധ്യം ആയിരുന്നവര്‍ ആണിവര്‍. പലരും ഇന്നും ജീവിച്ചിരിക്കുന്നു. അവരെക്കുറിച്ച് എഴുതുമ്പോള്‍ ഒരു എഴുത്തുകാരന്‍ അവലംബിക്കേണ്ട അകല്‍ച്ച ഒരു വലിയ ബാധ്യത.

 5: അതിലും അപകട നിറഞ്ഞതാണ്‌ ഒരു സമരം ഉയര്‍ത്തുന്ന വെല്ലുവിളികള്‍. പറയാവുന്നതിലും അധികമാണ് അവിടെയുണ്ടായ ക്രൂരമായ മര്‍ദ്ദനങ്ങള്‍. വീരസഹസിക കഥകള്‍. സാധാരണ ജീവിതത്തില്‍ അതിശയോക്തി എന്ന് പറയാവുന്ന സംഭവങ്ങളും ക്രൂരതകളുമാണ് അവിടെ നടന്നത്. എഴുതുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അണുവിട വ്യതിചലിച്ചാല്‍ അത് അസ്വാഭാവികമായി മാറാം. 


അതിശയോക്തിയെ തന്നെ വെല്ലുന്ന സംഭവങ്ങള്‍ ആഖ്യാനം ചെയ്യുമ്പോള്‍ ഒരു നോവലിസ്റ്റ് എന്തു ചെയ്യും? സ്വന്തം നാടിന്‍റെ കഥ പകര്‍ത്താന്‍ ഒരുങ്ങുന്ന ആരും അഭിമുഖീകരിച്ചിട്ടില്ലാത്ത ധര്‍മ്മസങ്കടമാവും ഇവിടെ എഴുത്തുകാരന്‍ അഭിമുഖികരിച്ചിട്ടുണ്ടാവുക. കഥ വായിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ, ഇങ്ങനെ സംഭവിച്ചിട്ടുണ്ടാവില്ല എന്ന വികാരത്തോടെ കണ്ണുനീര്‍ അടക്കാന്‍ ഒരുങ്ങവെ, ഇത് നടന്നതാണ് അതിന്‍റെ ലുപ്തീകരിക്കപ്പെട്ട ആഖ്യാനമാണ് ഇത് എന്ന അറിവ് വായനക്കാരനെ കുടുതല്‍ പ്രക്ഷുബ്ധനാക്കുന്നു. ഇവിടെ യാഥാര്‍ത്ഥ്യവും ഫിക്ഷനും തമ്മില്‍ ഏറ്റുമുട്ടുകയാണ്. 
യാഥാര്‍ത്ഥ്യവും കല്‍പിത ഭാവനകളും തമ്മിലുള്ള ഈ ഏറ്റുമുട്ടലാണ് ഒരു പക്ഷെ കെ വി മോഹന്‍കുമാറിന്‍റെ നോവലിലെ ഒരു വലിയ ഘടകം

 അതിലും ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. ആരാണ് ഈ നോവലിലെ നായകന്‍? വിപ്ലവത്തിന്‍റെ അമ്മമാരെ കേന്ദ്രികരിച്ചിക്കുന്ന ഈ നോവലില്‍ നായകന്‍ എന്ന് പറയാന്‍ ആരും ഇല്ല. നോവലിലെ നിറസാന്നിധ്യമായ പോലീസും പട്ടാളവും നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ആണ് പ്രായോഗികതലത്തില്‍ വില്ലന്‍. എന്നാല്‍ നായകന്‍? പട്ടാളക്കാര്‍ക്ക് നേരെ മാറു കാട്ടി നിന്ന അസംഖ്യം പോരാളികള്‍? സഖാവിനെ രക്ഷിക്കാന്‍ സ്വന്തം ശരീരം തന്നെ വിട്ടുകൊടുക്കുന്ന അറിയപ്പെടാത്ത പോരാളികള്‍? ഡിക്റ്റേറ്റര്‍ കുന്തക്കാരന്‍ പത്രോസ്? സമരത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത ടി വി തോമസ്‌ ?ഇനിയോരാളെ മര്‍ദ്ദിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് പോലിസിനെ തടഞ്ഞു നിര്‍ത്തിയ എം എന്‍ ഗോവിന്ദന്‍ നായര്‍? ഒരു ദേശത്തിന്‍റെ കഥ എഴുതുമ്പോള്‍, ഉദാത്തമായ ഒരു അനുഭവമായി അതിനെ ഉയര്‍ത്തുമ്പോള്‍, വ്യക്ത്യാരാധന ഒരു വലിയ ദൗര്‍ബല്യം ആയി മാറും.

 ആരാധനയുടെ അംശങ്ങള്‍ ഊറ്റിമാറ്റി തികഞ്ഞ ആത്മനിഷ്ഠയോടെയാണ് മോഹന്‍കുമാര്‍ ചരിത്രപുരുഷന്മാരെ സമീപിക്കുന്നത്. ഏതു നിമിഷവും വീണു പോകാവുന്ന ഒരു ചതിക്കുഴിയില്‍ നിന്നദേഹം ഒഴിഞ്ഞു. 

 എങ്ങനെ കഥ പറയണം 

പുന്നപ്ര-വയലാറിനെ കുറിച്ച് അസംഖ്യം പുസ്തകങ്ങള്‍ ഉണ്ട്. കൂടാതെ കേട്ടറിഞ്ഞ കഥകള്‍. ആ കഥകള്‍ പറഞ്ഞു തന്ന അമ്മയ്ക്കാണ് നോവലിസ്റ്റ് കഥ സമര്‍പ്പിച്ചിരിക്കുന്നത് തന്നെ. വൈകാരികമായ മൂശയില്‍ നിന്ന് വീണവയാണ് ഈ കഥകളെങ്കിലും തികഞ്ഞ ഗവേഷണാഭിമുഖ്യത്തോടെ അതുമായി ബന്ധപ്പെട്ട ഓരോ കഥയും അന്വേഷിച്ച് നോട്ട് തയ്യാറാക്കി സ്വാംശീകരിച്ചാണ് അദ്ദേഹം എഴുതുന്നത്‌. ചരിത്രത്തിന്‍റെ നിര്‍മ്മിതി ഒരു സര്‍ഗാത്മക രചനയായി ചരിത്രത്തിനു ജീവന്‍ നല്‍കുമ്പോള്‍ ഒരു എഴുത്തുകാരന് മികച്ച ചരിത്രബോധവും തികഞ്ഞ കാഴ്ചപ്പാടും ആവശ്യമാണ്. 1940-ലെ ലോകം 21-ആം നൂറ്റാണ്ടിന്‍റെ കണ്ണുകളിലൂടെ പുനര്‍നിര്‍വചിക്കുക എന്നത് അസാധാരണമായ ഒരു ദൗത്യമാണ്.

5000-ത്തിലേറെ പേര്‍ പട്ടിണി കൊണ്ടു മരിച്ച എറണാകുളം ജില്ല അതിരുവയ്ക്കുന്ന ചേര്‍ത്തല താലുക്കില്‍ 30,000 പേര്‍ പേര്‍ പട്ടിണി മൂലം മരിച്ചുവെന്ന് കെ എസ് ജോര്‍ജ് എഴുതുന്നു. സര്‍വന്‍റ്സ് ഇന്ത്യ സൊസൈറ്റിയുടെ കണക്കുകള്‍ ഇവിടെ കെ വി മോഹന്‍ കുമാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷെ സ്ഥിതിവിവരക്കണക്കുകളല്ലല്ലോ സാഹിത്യം?

 ലിനിയര്‍ ആയി പറയാവുന്ന കഥയല്ലിത്. സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും അവരുടെ വൈകാരികമായ അനുഭവങ്ങളിലൂടെയും മാത്രമേ കഥ പറയാനാവു. അതാകട്ടെ തലമുറകള്‍ നീണ്ടു കിടക്കുന്ന അനുഭവക്കുറിപ്പുകളാണ്. അതറിയുന്ന നോവലിസ്റ്റ് പുതിയ ലോകത്ത് നിന്നുള്ള രണ്ടു പെണ്‍കുട്ടികളുടെ അന്വേഷണം കൂടിയായി ഈ നോവലിനെ മാറ്റിയിരിക്കുന്നു. ഈ തുടക്കം കാലികമായ ഒരു കാഴ്ചപ്പാടിന് വഴിതെളിക്കുന്നു. 

ഇന്നലെയും ഇന്നും തമ്മിലുള്ള അദൃശ്യമായ ഒരു സംഘര്‍ഷമാണ് ഈ നോവലിന് ഒരു മാനുഷികരേഖ എന്നതിനപ്പുറം ഒരു രൂപം നല്‍കുന്നത്. കരയിപ്പിക്കുന്ന ഒട്ടേറെ അംശങ്ങളും സന്ദര്‍ഭങ്ങളും ഉള്ള ഒരു കഥ. മുദ്രാവാക്യങ്ങള്‍ നിറയെ മുഴുകുന്ന അന്തരീക്ഷം. പക്ഷെ നോവലിസ്റ്റ് സമര്‍ത്ഥമായി ആ സാധ്യതകളെ അവഗണിക്കുന്നു. ഒരു മുദ്രാവാക്യ രചനയല്ലിത്. 

ആത്യന്തികമായി ഏതൊരു നോവലും ജീവിതത്തെ പുനസൃഷ്ടിക്കാനും അതിന് പുത്തന്‍ വ്യാഖ്യാനം നടത്താനുമാണ് ശ്രമിക്കുന്നത്. ജീവിതം മഹത്തരവും സുന്ദരവും ആണെന്ന് സന്ദര്‍ഭങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും അവ സൃഷ്ടിക്കുന്ന വൈകാരിയതയിലൂടെയും നോവലിസ്റ്റ് പറയുന്ന ആധാരശില ജീവിതമാണ്. ഭാവനയാണ് രചനയുടെ ഭൂമിക. 

ഇവിടെ കേരളത്തില്‍ സര്‍ഗാത്മക ചരിത്രത്തില്‍ ഏറെ അവഗണിക്കപ്പെട്ട ഒരു സംഭവത്തിന് ചൂടും ചൂരും നല്‍കുകയാണ്. അവ എങ്ങനെയാണ് സമകാലീന ലോകവുമായി പൊരുത്തപ്പെടുന്നതെന്ന് അന്വേഷിക്കുകയാണ്. വിപ്ലവം അവ്സാനിച്ചിട്ടില്ലെന്നും ഇനിയും "ചെ' ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും സൂചിപ്പിച്ചു കൊണ്ടാണ് കെ വി മോഹന്‍ കുമാര്‍ തന്‍റെ നോവല്‍ അവസാനിപ്പിക്കുന്നത്. 

വിപ്ലവത്തിന്‍റെ രണ്ടു ഭൂമികളില്‍ മണല്‍ മാഫിയയും വെള്ളപൂശലുകാരും നിറഞ്ഞ ലോകത്ത് എത്തിപ്പെടുന്ന, വിപ്ലവത്തിന്‍റെ ബീജം പേറുന്ന യുവാക്കളിലേക്കാണ് അദ്ദേഹം ഉറ്റു നോക്കുന്നത്. എഴുത്തു വിമോചനം ആകുമ്പോള്‍ ഏറെ വിഷമകരമായ ഒരു സര്‍ഗാത്മക വഴിയിലൂടെയാണ് കെ വി മോഹന്‍ കുമാര്‍ കടന്നുപോയിരിക്കുന്നത്. ഈ കൃതി സമഗ്രമായി വായിച്ച എന്നെ കണ്ണീര്‍ അണിയിക്കാന്‍ കെ വി മോഹന്‍കുമാറിന് കഴിഞ്ഞുവെങ്കില്‍ എത്രയോ രാവുകളില്‍, എത്രയോ ദിനങ്ങള്‍ അദ്ദേഹം കണ്ണീരണിഞ്ഞിരിക്കണം. എഴുത്ത് ആണ് വലിയ ലിബറേഷന്‍. ആ വിമോചനം വ്യക്തിപരമായി മാത്രമല്ല, സാമൂഹികമായും കഥാര്‍സിസ് സൃഷ്ടിക്കുമെന്ന് ഞാന്‍ കരുതുന്നു.

 ഉഷ്ണരാശി -കടപ്പുറത്തിന്‍റെ ഇതിഹാസം എന്ന പുസ്തകത്തിന്‍റെ ടൈറ്റില്‍ അത് അന്വര്‍ത്ഥമാക്കുന്നു. എഴുത്തിന്‍റെ വന്‍കര എത്തിപിടിക്കാന്‍ എത്രയോ രാത്രികളില്‍ ഒറ്റയ്ക്ക് തുഴഞ്ഞ് കരകാണാത്ത കടലുകളിലുടെ തുഴഞ്ഞു നീണ്ട യാതനകള്‍ പേറി യാത്ര ചെയ്യണം. അന്യജീവന്‍റെ തുടിപ്പും വേദനയും വികാരവും തന്‍റെതാണ് എന്നറിഞ്ഞ്‌, ആ വികാര വിചാരങ്ങളെ തന്‍റെതാക്കി മാറ്റി ഒരു ആത്മീയമായ രാസപരിണാമം നടത്തിയാല്‍ മാത്രമേ ഉന്നതമായ സാഹിത്യ സൃഷ്ടി ഉണ്ടാകു. ഓരോ നിമിഷവും ഇനി ഇത് എന്തിനു വേണ്ടി എന്ന ഭീതിയും പരാജയ ബോധവും എഴുത്തുകാരനെ അലട്ടാം. ഈ യത്നത്തിനു പകരം മറ്റൊന്ന് ആകില്ലേ ഭേദം എന്ന വികാരം അവനെ അലട്ടാം.


 എഴുത്ത് നമ്മുടെ ആത്മാവിനോടുള്ള വലിയൊരു വെല്ലുവിളിയാണ്. നാം ശ്രമിച്ചാലും അതില്‍ നിന്ന് മോചിതരാകുക എളുപ്പമല്ല. അതിനാല്‍ തന്‍റെ മൂര്‍ച്ചയേറിയ കത്തിയുമായി ഇറങ്ങുന്ന ഒരു വേട്ടക്കാരനെപ്പോലെ വാക്കുകളുടെ ഈ വലിയ പ്രപഞ്ചത്തില്‍ മുന്നേറുക. ഓരോ നിമിഷവും കെ വി മോഹന്‍കുമാര്‍ എന്ന എഴുത്തുകാരന് അസ്വസ്ഥതയില്‍ നിന്നു മാറി ചരിക്കാനുള്ള ശ്രമമാകണം.


കോതമംഗലം  സുവര്‍ണരേഖ സൊസൈറ്റി പ്രൊ.കെ എം തരകന്‍ അവാര്‍ഡ്‌ ഉഷ്ണരാശിക്കു  സമര്‍പ്പിച്ചപ്പോള്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്  


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image