ആരാണ് ഈ ഫ്രാങ്കോ മുളയ്ക്കല്‍? ലത്തീന്‍ രൂപതയുടെ പരമോന്നത പീഠത്തില്‍ ഇരുന്ന ഒരു മെത്രാന്‍. 1964 മാര്‍ച്ചു ഇരുപത്തിയഞ്ചാം തിയതിയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ജനിച്ചത്. 1990ല്‍ പുരോഹിതനായി. 2009ല്‍ ഡല്‍ഹി രൂപതയില്‍ സഹായ മെത്രാനായി സേവനം ചെയ്തു. 2013ല്‍ മാര്‍പാപ്പാ അദ്ദേഹത്തെ ജലന്ധര്‍ രൂപതയുടെ ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള പേപ്പല്‍ വിഞ്ജാപനം പുറപ്പെടുവിച്ചു. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ദൈവശാസ്ത്രത്തില്‍ പി.എച്ച്.ഡി യുണ്ട്. കൂടാതെ ഗുരു നാനാക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ ബിരുദവും നേടിയിരുന്നു. 2018 സെപ്റ്റംബര്‍ പതിനഞ്ചാം തിയതി വത്തിക്കാന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം മെത്രാന്‍ ചുമതലകളിലില്‍നിന്നും താല്‍ക്കാലികമായി വിരമിച്ചു. സ്ത്രീ പീഢനം മൂലം കുറ്റാരോപിതനായ ഫ്രാങ്കോയ്‌ക്കെതിരെ പ്രതിക്ഷേധങ്ങള്‍ ഇതിനിടെ നാടിന്റെ നാനാ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. 


2018 ജൂണ്‍ മാസത്തിലാണ് കന്യാസ്ത്രീ കേരളപോലീസില്‍ സ്ത്രീ പീഢനത്തിനെതിരെ പരാതി നല്‍കിയത്. അടുത്ത കാലത്ത് മൂന്നു കന്യാസ്ത്രികള്‍ കൂടി ഫ്രാങ്കോയുടെ സ്ത്രീകളോടുള്ള പീഡനങ്ങള്‍ക്കെതിരെ പരാതികള്‍കൂടി സമര്‍പ്പിച്ചിരുന്നു.. എന്നാല്‍ കന്യാസ്ത്രി മഠങ്ങളിലെ ഉന്നതാധികാരികള്‍ ഫ്രാങ്കോ നിര്‍ദ്ദോഷിയെന്ന നിലപാടായിരുന്നു എടുത്തിരുന്നത്. 2014 മുതല്‍ 2016 വരെ കന്യാസ്ത്രിയെ പീഢിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേരളാ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്ത്രീ പീഢനക്കേസില്‍ ഇന്ത്യയില്‍നിന്ന് ഒരു ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് ആദ്യത്തെ സംഭവമാണ്. 


 കേരളത്തിന്റെയെന്നല്ല ഭാരതത്തിന്റെ തന്നെ നവോധ്വാന ചരിത്രത്തിലേക്ക് കണ്ണോടിക്കുകയാണെങ്കില്‍ കത്തോലിക്ക സഭ വളരെയേറെ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്താണെങ്കിലും ആതുര സേവന രംഗത്താണെങ്കിലും സഭയുടെ സംഭാവന വിലമതിക്കേണ്ടതാണ്. എന്നാല്‍ ഇന്ന് കേരള കത്തോലിക്ക നവോധ്വാന സമിതികളും ചില സംഘടനകളും ശബ്ദമുയര്‍ത്തുന്നുണ്ടെങ്കില്‍ അത് കത്തോലിക്ക സഭയ്‌ക്കെതിരെയെന്നു തോന്നുന്നില്ല. സഭയിലെ ചില പുഴുക്കുത്തുകളെ നീക്കം ചെയ്തുകൊണ്ട് പുത്തനായ ഒരു നവോധ്വാന ചൈതന്യം ഉള്‍ക്കൊള്ളണമെന്നുള്ളതാണ് അവരുടെ ലക്ഷ്യം. സഭയെ തകര്‍ക്കണമെന്നുള്ള മോഹം സമരപന്തലില്‍ ഇരിക്കുന്ന ആര്‍ക്കുമില്ല. ഇരയാക്കപ്പെട്ട ഒരു സ്ത്രീയുടെ രോദനമാണ് ഇവിടെ കേള്‍ക്കാതെ ഇത്രയും കാലം ദീര്‍ഘിപ്പിച്ചിരുന്നത്. വെറും പാവങ്ങളായ ഈ കന്യാസ്ത്രീകളുടെ കണ്ണുനീരിനുമുമ്പില്‍ മുമ്പില്‍ സകല വാതിലുകളും അടഞ്ഞപ്പോഴായിരുന്നു അവര്‍ സമര പന്തലുകളില്‍ പ്രവേശിച്ചത്. 


 സഭ ഈ കേസിനെ തേയ്ച്ചു മായിച്ചു ഇല്ലാതാക്കാന്‍ ശ്രമിച്ചുവോ?എന്തുകൊണ്ട് ഈ കന്യാസ്ത്രികള്‍ സ്ത്രീ പീഢനത്തിന് ഇരയായി? എന്തെല്ലാമാണ് കന്യാസ്ത്രികള്‍ ബിഷപ്പിനെതിരെ ആരോപണമുന്നയിച്ചത്? ഫ്രാങ്കോയുടെ സ്ത്രീ പീഢനക്കേസുകളുമായി അനുബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഏറെയുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡ് 164 വകുപ്പനുസരിച്ചാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. കന്യസ്ത്രിയെ പതിമൂന്നു പ്രാവിശ്യം മഠത്തില്‍ വന്നു പീഢിപ്പിച്ചുവെന്ന് പരാതിപ്പെടുന്നു. കൂടാതെ അനേക തവണകള്‍ പ്രകൃതി വിരുദ്ധമായ ലൈംഗികതയ്ക്കും ഇരയായതായി ആരോപിക്കുന്നു. 'ബിഷപ്പ്' ജലന്തര്‍ രൂപത വക കുറവിലങ്ങാട്ടുളള മഠം സന്ദര്‍ശിക്കുന്ന വേളകളിലായായിരുന്നു ലൈംഗികതയ്ക്കായി കൂടെകിടക്കാന്‍ കന്യാസ്ത്രിയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. 


 ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ചും ബൈബിളിലെ വചനങ്ങള്‍ അനുസരിച്ചും പിശാച് പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതായി വായിക്കാം. ആദാമിനെ പ്രലോഭിപ്പിക്കാന്‍ പിശാച് പാമ്പിന്റെ രൂപത്തില്‍ വന്നെന്നു എഴുതിയിരിക്കുന്നു. യേശുവിന്റെ നേരെ പരീക്ഷണത്തിനായും വന്നെന്നും പുതിയ നിയമത്തിലുണ്ട്. എന്നാല്‍ ഒരു ബിഷപ്പിന്റെ രൂപത്തില്‍ പിശാചായി വന്നു കോടിക്കണക്കിനു ജനങ്ങളെ ആശങ്കയിലാക്കികൊണ്ട് അവസാനം നിയമത്തിന്റെ മുമ്പില്‍ കീഴടങ്ങിയത് ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു. ഫ്രാങ്കോ എന്ന ദുഷിച്ച ഒരു മെത്രാന്‍ ഭാരത സഭയൊന്നാകെ കളങ്കം വരുത്തിയപ്പോള്‍ ഇരയോടൊപ്പം നില്‍ക്കാതെ അയാളെ സംരക്ഷിച്ചുകൊണ്ടുള്ള നിലാപാടുകളായിരുന്നു കത്തോലിക്ക സഭ എടുത്തത്. അത് ഫ്രാങ്കോയുടെ അറസ്‌റ്റോടെ ആകമാന ഭാരതീയ കത്തോലിക്ക സഭയ്ക്ക് ഒരു പാഠമാവുകയും ചെയ്തു. 

 മെത്രാന്‍ എന്ന പദവി ഫ്രാങ്കോയ്ക്കു ലഭിച്ചതു അദ്ദേഹത്തിന്‍റെ ഇറ്റലിയിലുള്ള ചില മാഫിയാകളുടെ സഹായത്തോടെയെന്നു ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വത്തിക്കാനിലെ ചില കളങ്കിതരായ മെത്രാന്മാരുടെയും വൈദികരുടെയും ഗൂഡാലോചനപ്രകാരമാണ് അദ്ദേഹത്തിനു മെത്രാന്‍ പദവി ലഭിച്ചതെന്ന് പറയപ്പെടുന്നു. ഫ്രാന്‍സീസ് മാര്‍പാപ്പാ അധികാരമേറ്റയുടന്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന ചില വൈദികരെയും മെത്രാന്മാരെയും ചുമതലകളില്‍ നിന്നും നീക്കം ചെയ്തിരുന്നു. അവര്‍ ഒരു മാഫിയ സംഘടന രൂപീകരിക്കുകയും അവരുടെ ഭാഗമായി ഫ്രാങ്കോ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന കിംവദന്തികളും കേസിനോടനുബന്ധിച്ച് ഉയരുന്നുണ്ട്. വൈദികന്‍ എന്ന നിലയില്‍ വലിയ ഉന്നത ബന്ധങ്ങള്‍ പുലര്‍ത്തിയതു കാരണം വിദേശത്തുനിന്നും പണം ധാരാളമായി ജലന്ധര്‍ രൂപതയിലേക്ക് ഒഴുകുകയും ചെയ്തു.

 ഇന്ത്യയിലെ കത്തോലിക്ക സഭയെന്നു പറയുന്നത് ഏറ്റവും ശക്തമായ സഭയായ ലത്തീന്‍ രൂപത ഉള്‍പ്പെട്ടതാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലെ മെത്രാന്മാര്‍ ലത്തീന്‍ രൂപതകളുടെ കീഴില്‍പ്പെട്ടതാണ്. നന്നേ ചെറുപ്പത്തില്‍ത്തന്നെ ഡല്‍ഹി പോലുള്ള ഒരു പ്രധാന നഗരത്തിന്റെ സഹായ മെത്രാനാകണമെങ്കില്‍ അത്രമേല്‍ സ്വാധീനം അദ്ദേഹത്തിനു വത്തിക്കാനില്‍ ഉണ്ടായിരിക്കണം. ബിജെപിയും കോണ്‍ഗ്രസും എന്നിങ്ങനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും അദ്ദേഹത്തിന് സുദൃഢമായ ഒരു ബന്ധം സ്ഥാപിക്കാന്‍ സാധിച്ചിരുന്നു. പല സാമ്പത്തിക അട്ടിമറികളും നടത്തിയിട്ടുള്ള ഫ്രാങ്കോയെ ചോദ്യം ചെയ്യുന്ന വൈദ്യകര്‍ക്ക് പിന്നീട് അവിടെ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ ഇദ്ദേഹം സൃഷ്ടിക്കുമായിരുന്നു. 


ഫ്രാങ്കോയ്‌ക്കെതിരായി ശബ്ദിക്കുന്ന വൈദികരെ സ്ഥലം മാറ്റുകയോ അവരെ സഭയില്‍ നിന്ന് പുറത്താക്കുകയോ ചെയ്ത സംഭവങ്ങളും ജലന്തര്‍ രൂപതയില്‍ ഉണ്ടായിട്ടുണ്ട്. പഞ്ചാബിലെ മിക്ക പോലീസ് സ്‌റ്റേഷനിലും ഇദ്ദേഹത്തിന് ശക്തമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. വൈദികരുടെ ഇടയില്‍ ചാരപ്പണി നടത്തുന്ന സംവിധാനവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിനിഷ്ടമില്ലാത്ത വൈദികരെപ്പോലും പീഢനക്കേസില്‍ പ്രതികളാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് വലിയ സ്വാധീനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു അധോലോക നായകനായിട്ടായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ ആത്മീയതയെ മറയാക്കികൊണ്ടുള്ള ജൈത്ര യാത്ര. 


 അഞ്ചു മക്കളുള്ള ഒരു കുടുംബമായിരുന്നു ഇരയായ കന്യാസ്ത്രിയുടേത്. അവരില്‍ ഇളയ ആണ്‍കുട്ടിയൊഴിച്ച് ആ കുടുംബത്തില്‍ എല്ലാവരും പെണ്മക്കളായിരുന്നു. ഇളയ മകന് രണ്ടര വയസുള്ളപ്പോള്‍ അവരുടെ 'അമ്മ കാന്‍സര്‍ രോഗം വന്നു മരിച്ചു പോയിരുന്നു. അന്ന് പീഢനത്തിനിരയായ ഈ കന്യാസ്ത്രീയുടെ പ്രായം പന്ത്രണ്ടു വയസു മാത്രമായിരുന്നു. അമ്മയുടെ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ സുഖപ്പെടുമെങ്കില്‍ താന്‍ കന്യാസ്ത്രിയാകാമെന്നു നേര്‍ച്ച നേര്‍ന്നിട്ടുണ്ടായിരുന്നു. ബാല്യം മുതല്‍ ഒരു കന്യാസ്ത്രിയാകണമെന്ന മോഹത്തോടെയാണ് അവര്‍ വളര്‍ന്നത്. അപ്പന്‍ പട്ടാളത്തില്‍ ജോലി ചെയ്തിരുന്നു. ഭാര്യയുടെ രോഗം വര്‍ദ്ധിച്ചതിനാല്‍ അപ്പന്‍ സൈന്യത്തില്‍ നിന്നും വിടവാങ്ങി വീട്ടുകാര്യങ്ങളും അന്വേഷിച്ചു വന്നിരുന്നു. ചെറുകിട കച്ചവടങ്ങളും നടത്തി ഉപജീവനം നടത്തുകയും മക്കളുടെ വിദ്യാഭാസ കാര്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തിരുന്നു. അമ്മ മരിച്ചതോടെ മൂത്ത മകള്‍ അവരുടെ ഇളയ സഹോദരികളുടെയും സഹോദരന്റെയും വളര്‍ത്തമ്മയുടെ ചുമതലകള്‍ വഹിച്ചു പൊന്നു. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കാതെ മൂത്ത സഹോദരിക്ക് സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. ഒരു ഈസ്റ്റര്‍ കുര്‍ബ്ബാന കഴിഞ്ഞു വരുന്ന വഴി അവരുടെ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു പോയി. അവരുടെ അപ്പന്റെ ചേട്ടന്റെ മകന്‍ വര്‍ഷങ്ങളായി ജലന്ധര്‍ രൂപതയുടെ കീഴില്‍ പുരോഹിതനായി ജോലി ചെയ്തിരുന്നതുകൊണ്ടാണ് ഇവരില്‍ രണ്ടു സഹോദരികള്‍ ജലന്ധറിലെ മിഷ്യന്‍ മഠം തിരഞ്ഞെടുത്തത് 

 പീഢനത്തിനിരയായ ഈ കന്യാസ്ത്രി ഒമ്പതു വര്‍ഷക്കാലം മഠത്തിന്റെ ജനറാളമ്മയായിരുന്നു. "ഞാനിവള്‍ക്ക് കല്ലും മണ്ണും മാത്രമേ കൊടുത്തിട്ടുള്ളൂ. പിന്നെ പ്രാര്‍ത്ഥനയും കൂട്ടി ഇവള്‍ പണിതെടുത്താണ് ഈ സന്യാസിനിസഭയെന്ന്" ഫ്രാങ്കോയ്ക്കു മുമ്പുണ്ടായിരുന്ന അന്നത്തെ ബിഷപ്പ് പറഞ്ഞിരുന്നതായും അവരുടെ ചേച്ചി പറഞ്ഞിരുന്നു. ചേച്ചി പറയുന്നു, ”അവള്‍ സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു. പണം കൊടുക്കാതെ പോലും ആരും അവളെ കെട്ടുമായിരുന്നു. ഇങ്ങനെ മഠത്തില്‍ നിര്‍ത്തി ജീവിതം നശിപ്പിക്കേണ്ടതില്ലായിരുന്നു. അമ്മ മരിച്ചിട്ടും എന്റ ഭര്‍ത്താവ് മരിച്ചിട്ടും യാതൊരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് ഞങ്ങളിവിടെ ജീവിച്ചത്”


 പീഢനത്തിനിരയായ കന്യാസ്ത്രീയുടെ കുടുംബവുമായി ഫ്രാങ്കോയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നു. രണ്ടു കന്യാസ്ത്രികള്‍ ആ കുടുംബത്തില്‍ നിന്നുമുണ്ടായിരുന്നു. അവരുടെ സഹോദരിയുടെ കുട്ടിയുടെ ആദ്യ കുര്‍ബാന നടത്തുവാനായി ഫ്രാങ്കോയെ ക്ഷണിച്ചിരുന്നു. ആദ്യകുര്‍ബാന ആഘോഷമായി നടത്തുകയും ചെയ്തു. ബിഷപ്പ് ഫ്രാങ്കോ കുട്ടിയുടെ ആദ്യകുര്‍ബാനയ്‌ക്കെത്തുന്ന വിവരം അറിഞ്ഞപ്പോള്‍ കുടുംബം ഒന്നാകെ സന്തോഷിച്ചിരുന്നു. തന്റെ അനുജത്തിയെ പീഢിപ്പിച്ചിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അവരുടെ ചേച്ചിക്ക് ഫ്രാങ്കോയോട് കടുത്ത വിരോധവുമായി. ഇത്ര മാത്രം അധഃപതിച്ച ഒരു ബിഷപ്പിനെക്കൊണ്ട് ആദ്യകുര്‍ബാന നടത്തിച്ചതില്‍ അവര്‍ ഖേദിക്കുന്നുമുണ്ട്. ഈ വിവരങ്ങള്‍ പോലീസിനോട് സഹോദരി കൈമാറിയതും അടക്കാന്‍ വയ്യാത്ത അമര്‍ഷത്തോടെയായിരുന്നു. 

 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ അധീനതയിലുള്ള ജലന്ധര്‍ രൂപതയിലെ കന്യാസ്ത്രിയെ പീഡിപ്പിച്ചതിന്റെ പേരില്‍ ജയിലില്‍ പോയെങ്കിലും ഇന്നും മെത്രാന്‍ പദവിയില്‍ തന്നെ പിന്തുടരുന്നു. അച്ചന്‍ പട്ടത്തിന്റെ കുപ്പായം ഊരാന്‍ സഭ ഇതുവരെ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടില്ല. ജയിലില്‍ ആണെങ്കിലും കത്തോലിക്കാ സഭയുടെ മഹനീയ സ്ഥാനമായ മെത്രാന്‍ പദവിയില്‍ തന്നെ അദ്ദേഹം തുടരുന്നു. താല്‍ക്കാലികമായി കേസ് തീരുന്നവരെ ജലന്തര്‍ രൂപതയില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്ന് മാത്രം. 


മിണ്ടാപ്രാണികളായ കന്യാസ്ത്രികളെ പീഢിപ്പിച്ചുകൊണ്ടിരുന്ന ഇയാള്‍ നിരവധി തലമുറകള്‍ കടന്നുപോയാലും സഭയ്‌ക്കെന്നും കരിംനിഴലായിക്കും. 2014 മുതലാണ് ഫ്രാങ്കോയുടെ ബലാല്‍സംഗ കഥകള്‍ പുറത്തു വരാന്‍ ആരംഭിക്കുന്നത്. തുടര്‍ച്ചയായുള്ള ബലാല്‍സംഗ വിവരങ്ങള്‍ പോലീസിന്റെ അന്വേഷണത്തില്‍ക്കൂടി തെളിവുകള്‍ സഹിതം കണ്ടെത്തിയിട്ടുണ്ട്. പീഢനം നടന്ന ദിവസത്തെക്കുറിച്ച് ഫ്രാങ്കോ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടാണ് അദ്ദേഹത്തെ കൂടുതല്‍ കേസ്സുകാര്യങ്ങള്‍ക്കായി കുടുക്കിയത്. ഉഭയസമ്മതത്തോടെ നടന്ന ലൈംഗിക ബന്ധമാണ് എന്നു കാണിക്കാന്‍ ആദ്യ കുര്‍ബ്ബാന ചടങ്ങിനെത്തിയ ദിവസത്തെ ചിത്രങ്ങള്‍ ബിഷപ്പ് തെളിവെടുപ്പിനിടയില്‍ ഹാജരാക്കി. എന്നാല്‍, പൊലീസ് കുര്‍ബ്ബാന ദിവസത്തെ ചിത്രങ്ങളും വീഡിയോയും നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ആ ദിവസം കന്യാസ്ത്രീ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നു ഫോട്ടോകളില്‍നിന്നു വ്യക്തവുമാണ്. ചിരിക്കുന്ന ഒരു ചിത്രം പോലുമില്ല. 2012ല്‍ കന്യാസ്ത്രീയുടെ വളര്‍ത്തമ്മയായ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് മരിച്ചുപോയിരിന്നു. 2016 മെയിലായിരുന്നു ആദ്യ കുര്‍ബാന. ഭര്‍ത്താവില്ലാതെ ആദ്യ കുര്‍ബാന നടത്തുന്നതോര്‍ത്ത് അവരും കുടുംബക്കാരും ആ ദിവസം നല്ല സങ്കടത്തിലായിരുന്നു. അന്ന് പീഢിതയായ അനിയത്തിയും സങ്കടത്തിലായിരുന്നെങ്കിലും അതായിരിക്കാം കാരണമെന്നാണ് എല്ലാവരും കരുതിയിരുന്നത്” 

 ബിഷപ്പിനെ അറസ്റ്റ് ചെയ്യുവാന്‍ പ്രഥമദൃഷ്ട്യാ തക്കതായ തെളിവുകള്‍ ലഭിച്ചെന്നു കേരള പോലീസ് അവകാശപ്പെടുന്നു. വിവരങ്ങള്‍ ശേഖരിക്കാനും ചോദ്യം ചെയ്യാനും പോലീസ് ബിഷപ്പിന്റെ വാസസ്ഥലമായ ജലന്ധര്‍ വരെ പോയിരുന്നു. കന്യാസ്ത്രിയെ ഒരു ഡോക്ടര്‍ പരിശോധിച്ചതില്‍നിന്നും അവര്‍ ലൈംഗിക പീഢനത്തിനിരയായതായും തെളിഞ്ഞിരുന്നു. കേരളാപോലീസ് ബിഷപ്പിന്റെ വിവരങ്ങള്‍ ശേഖരിക്കാനായി പഞ്ചാബ് പോലീസിന്റെ സഹായവും അപേക്ഷിച്ചിരുന്നു. രാജ്യത്തുനിന്ന് പുറത്തു പോകാതിരിക്കാനായി പോലീസ് എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതയായി നിലകൊള്ളാന്‍ മുന്നറിയിപ്പും കൊടുത്തിട്ടുണ്ടായിരുന്നു. .

 പതിമൂന്നു തവണകള്‍ മഠത്തില്‍ താമസിച്ച് തന്നെ ബലാത്സംഗം ചെയ്ത ബിഷപ്പിനെക്കുറിച്ച് ആദ്യമായി ഈ കന്യാസ്ത്രീ വ്യക്തമാക്കിയത് തന്റെ വളര്‍ത്തമ്മയായ ചേച്ചിയോടായിരുന്നു. അവരുടെ ചേച്ചി പറഞ്ഞു, ”എപ്പോഴും ഞങ്ങള്‍ കൂടപ്പിറപ്പുകള്‍ തമ്മില്‍ ഒന്നിച്ചു സല്ലപിക്കാറുണ്ടായിരുന്നു. എന്നാല്‍ കുറേ തവണ എന്തിനു വിളിച്ചാലും ഒരു നിസഹകരണ മനോഭാവത്തോടെ അവള്‍ വരില്ലായിരുന്നു. തലവേദനയാണെന്ന് പറയും. ഇടയ്ക്കിടെ ഞങ്ങള്‍ വേളാങ്കണ്ണിക്കു പോകാറുണ്ടായിരുന്നു. അതിനു പോലും അവള്‍ വരാന്‍ തയ്യാറായിരുന്നില്ല. പലതവണ ചോദിച്ചപ്പോഴും ഒന്നും പറഞ്ഞിരുന്നില്ല. ഒരു ദിവസം മഠത്തില്‍ ചെന്ന് കാര്യം അന്വേഷിച്ചു. അപ്പോള്‍ അവള്‍ ഞാന്‍ മഠം ഉപേക്ഷിച്ച് വീട്ടിലേക്ക് വരികയാണെന്ന് പറഞ്ഞു. ‘പിതാവിന്റെ കൂടെ കിടക്കാന്‍’ തനിക്ക് പറ്റില്ലെന്നു പറഞ്ഞു. അപ്പോഴും ഞങ്ങള്‍ സ്വപ്നത്തില്‍ പോലും അങ്ങനെ വിചാരിച്ചിരുന്നില്ല. സഭയേയും ഞങ്ങളേയും അയാള്‍ നശിപ്പിച്ചു." 'നീ മഠത്തില്‍ നിന്ന് പിരിഞ്ഞു പോന്നാല്‍ ആളുകള്‍ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞുണ്ടാക്കുമെന്നു'പറഞ്ഞപ്പോള്‍ അവള്‍ പിന്നീട് മറ്റൊന്നും പറഞ്ഞില്ല. കന്യാസ്ത്രി പറയുന്നു, 

"അവരെ ബിഷപ്പ് പതിനാലു പ്രാവിശ്യം അധികാരത്തിന്റെ മറവില്‍ ലൈംഗികതയ്ക്കായി ചൂഷണം ചെയ്തു. അതിനുശേഷം തുടര്‍ച്ചയായി രണ്ടു വര്‍ഷത്തോളം മഠത്തില്‍ വരുന്ന സമയങ്ങളിലെല്ലാം കൂടെ കിടക്കാന്‍ നിര്‍ബന്ധിച്ചിരുന്നു."പരാതികള്‍ കന്യാസ്ത്രി ഉന്നയിച്ചപ്പോള്‍ കന്യാസ്ത്രീയുടെ പരാതിയെ ഇല്ലാതാക്കാന്‍ ബിഷപ്പ് സകലവിധ തന്ത്രങ്ങളും മേഞ്ഞിരുന്നു. ഈ കന്യാസ്ത്രിക്കെതിരായി കള്ളസാക്ഷി പറയാന്‍ മറ്റുള്ള കന്യാസ്ത്രീകളെ പ്രേരിപ്പിച്ചുകൊണ്ടുമിരുന്നു. സഭയില്‍ നിന്നു പുറത്താക്കുമെന്ന ഭീഷണികളും മുഴക്കിക്കൊണ്ടിരുന്നു. രാത്രി കാലങ്ങളില്‍ അന്തസില്ലാത്ത ലൈംഗിക സന്ദേശങ്ങള്‍ ബിഷപ്പ് അയച്ചിരുന്നതായും ഇരയായ കന്യാസ്ത്രിയും മറ്റു കന്യാസ്ത്രികളും പറയുന്നു.  

സീറോ മലബാര്‍ സഭയില്‍ ആലഞ്ചേരി വഹിക്കുന്നതിനേക്കാള്‍ മറ്റൊരു വലിയ പദവിയില്ല. അത്രയേറെ പ്രാധാന്യത്തോടെ സഭാമക്കള്‍ ബഹുമാനിക്കുന്ന ആലഞ്ചേരിയുടെ അടുത്തു കന്യാസ്ത്രി കുടുംബം പരാതിയുമായി ചെന്നിട്ടും യാതൊരു നടപടിയും എടുത്തില്ല. ഈ പാവപ്പെട്ട കന്യാസ്ത്രീകളുടെ കണ്ണുനീരിനെ കാണാനോ അവരെ സ്വാന്തനിപ്പിക്കാനോ കര്‍ദ്ദിനാള്‍ മെനക്കെട്ടില്ല. . കന്യാസ്ത്രീകളുടെ ദുഃഖം കേട്ടിരുന്നെങ്കില്‍ അതിനനുസരിച്ചു ധീരമായ നടപടികള്‍ അന്ന് സ്വീകരിച്ചിരുന്നെങ്കില്‍, സഭയ്ക്ക് ഇന്നു കൂടിയ അപമാനം ഒഴിവാക്കാമായിരുന്നു. ഒരു ഇടയന്റെ ജോലി ആടുകളെ പരിപാലിക്കാനുള്ളതായിരുന്നു. അതിനുപകരം ആലഞ്ചേരി മെനക്കെട്ടത് ഇടയന്‍ ഇടയനെ സംരക്ഷിക്കാനായിരുന്നു. ഫ്രാങ്കോയെ രക്ഷിക്കണമെന്നായിരുന്നു കര്‍ദ്ദിനാളും ചിന്തിച്ചിരുന്നത്. അതിനു പുറമെ അന്വേഷക സംഘത്തെ വഴി തെറ്റിക്കാന്‍ നുണകളും തൊടുത്തുവിട്ടുകൊണ്ടിരുന്നു. ഒരു കര്‍ദ്ദിനാളിനു ചേര്‍ന്ന അന്തസുള്ള കാര്യങ്ങളായിരുന്നില്ല ആലഞ്ചേരിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അത് ലത്തീന്‍ രൂപതയാണെന്നു പറഞ്ഞു കൈകഴുകിക്കൊണ്ടു പീലാത്തോസിന്റെ റോള്‍ ഭംഗിയായി അഭിനയിക്കുകയും ചെയ്തു. ഒരു വ്യക്തി സങ്കടം ബോധിപ്പിച്ചുകൊണ്ടു വന്നപ്പോള്‍ മനുഷ്യത്വത്തിന് വിലമതിക്കുന്നതിനു പകരം റീത്ത് നോക്കി പ്രശ്‌ന പരിഹാരം കാണാനാണ് ആലഞ്ചേരി ശ്രമിച്ചത്. ഒരു പീഢനവീരനെ പിന്താങ്ങുന്ന മനസ്ഥിതിയാണ് അദ്ദേഹം കന്യാസ്ത്രി വിഷയത്തില്‍ സ്വീകരിച്ചത്. ഉന്നതമായ പദവികള്‍ അലങ്കരിക്കുന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരി നുണകള്‍ മാത്രം പറയുന്ന ഒരാളായി മാറി. അടുത്ത കാലത്തായി സഭയ്ക്ക് നിരവധി അപമാനങ്ങള്‍ വരുത്തിയ അദ്ദേഹം സഭയുടെ ഉന്നതമായ സ്ഥാനമാനങ്ങള്‍ ത്യജിച്ചു വിശ്വാസികളോടു നീതി പുലര്‍ത്തുകയായിരിക്കും ഉത്തമം. 

 സമരപ്പന്തലിലിരുന്ന കന്യാസ്ത്രികള്‍ സഭയുടെ വിരോധികളെന്ന് ചില പുരോഹിത മൂലകളില്‍ നിന്നും ശബ്ദം ഉയരുന്നുണ്ട്. നീതിക്കായി പോരാടിയ ഈ കന്യാസ്ത്രീകളെ എങ്ങനെ സഭയില്‍ നിന്ന് പുകച്ചു തള്ളാന്‍ സാധിക്കും. അപ്പോള്‍ സഭയെന്നു പറയുന്നത് പീഢകനായ ഫ്രാങ്കോ മാത്രമായിരുന്നോ? സഭാ നിയമങ്ങള്‍ അനുസരിച്ച് മാമ്മോദീസാ സ്വീകരിച്ച ഏതൊരാളും സഭയുടെ അംഗം തന്നെയാണ്. അവരെ പുറത്താക്കാന്‍ സഭാനേതൃത്വം ഏതു കാനോന്‍ നിയമമാണ് തിരഞ്ഞെടുക്കാന്‍ പോവുന്നതെന്നും വ്യക്തമല്ല. ഫ്രാങ്കോ പീഢിപ്പിച്ചതായി കേരളത്തിനു പുറത്തുനിന്നും നിരവധി കന്യാസ്ത്രികളുടെ മൊഴികളുണ്ട്. അങ്ങനെയുള്ള ഫ്രാങ്കോയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന പുരോഹിത അല്മായ കന്യാസ്ത്രീകളുടെ ബുദ്ധിമാന്ദ്യം എത്ര മാത്രമെന്ന് ഊഹിക്കാന്‍ മാത്രമേ സാധിക്കുള്ളൂ.

കന്യാസ്ത്രീകളുടെ ഈ സമരം വിജയിച്ചാല്‍ സഭയ്ക്കുള്ളില്‍ ഒരു അഗ്‌നിപര്‍വ്വതം പൊട്ടി പുറപ്പെടുമെന്നു സഭ ഭയപ്പെടുന്നു. അതുകൊണ്ടു എല്ലാ വിധത്തിലും ഫ്രാങ്കോയെ രക്ഷിക്കാന്‍ സഭ ശ്രമിക്കുകയും ചെയ്യും. ഈ അഞ്ചു കന്യാസ്ത്രികള്‍ ആരോപിച്ചിരിക്കുന്ന ആരോപണങ്ങള്‍ പോലെ സഭയുടെ അലമാരിക്കുള്ളില്‍ നൂറുകണക്കിന് ഫയലുകള്‍ ചിതലരിക്കാറായ നിലയില്‍ കിടപ്പുണ്ട്. അവകളെല്ലാം പുറത്തെടുത്താല്‍ നിരവധി നാറ്റക്കേസുകളായി സഭ ചീഞ്ഞളിയുമെന്നും ഭയപ്പെടുന്നു. ഇന്ന് രാജതുല്യമായി ജീവിക്കുന്ന പുരോഹിത മല്‍പ്പാന്മാര്‍ പലരും ജയിലഴികള്‍ എണ്ണേണ്ടി വരുകയും ചെയ്യും. അത്തരം സാഹചര്യങ്ങളും സഭയെ ഭയപ്പെടുത്തുന്നുണ്ട്. ഒരു സ്ത്രീ ബലാല്‍സംഗത്തിനു ഇരയാകുന്നുവെങ്കില്‍ ഇരയാക്കപ്പെട്ട സ്ത്രീയുടെ 

പീഡനത്തിന് ഉത്തരവാദിയായവനെ നിയമം കൊണ്ട് കൈകാര്യം ചെയ്യണമെന്ന് 2013ല്‍ പാസാക്കിയ ക്രിമിനല്‍ നിയമം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇരയാകുന്ന സ്ത്രീയോടൊപ്പം നില്‍ക്കണമെന്നാണ് കോടതി വിധികളില്‍ ഏറെയും. മുട്ടാവുന്ന വാതിലുകളെല്ലാം ഈ കന്യാസ്ത്രി മുട്ടി. എന്നിട്ടും അധികാര സ്ഥാനങ്ങളിലുള്ളവരുടെ കണ്ണുകള്‍ തുറന്നില്ലായിരുന്നു. ഇവരെ തെരുവില്‍ ഇറക്കുന്നതിനുള്ള ഉത്തരവാദിത്വം ആലഞ്ചേരി മുതല്‍ സഭയുടെ ഉന്നതങ്ങളില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. . 

കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയും ഈ മിണ്ടാപ്രാണികളായ കന്യാസ്ത്രികള്‍ക്ക് പിന്തുണ നല്‍കാന്‍ എത്തിയില്ല. അവരെല്ലാം വോട്ടു ബാങ്കിനെ ഭയപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവുള്‍പ്പടെ മത രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരെല്ലാം നിശബ്ദരായി നിലകൊള്ളുകയായിരുന്നു. ഈ സമരത്തില്‍ സാധാരണക്കാരായവര്‍പോലും കന്യാസ്ത്രിക്കൊപ്പം സഹതപിച്ചിരുന്നു. പതിനായിരക്കണക്കിന് കന്യാസ്ത്രീകളുടെ കുടുംബങ്ങളെയും സംഭവങ്ങളോരോന്നും വികാരാധീനമാക്കിയിരുന്നു. ഒരു ബിഷപ്പിന്റെ മുമ്പില്‍ താണുനില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. സ്ത്രീ ശക്തികരണത്തിനായി പ്രവര്‍ത്തിക്കുന്ന മഹിളാ സമ്മേളനത്തിന്റെ പ്രവര്‍ത്തകരും എത്തിയില്ല. ഇവരില്‍ ആരും തങ്ങള്‍ ഇരയോടൊപ്പം ഉണ്ടെന്നു പറയാന്‍ തയ്യാറായില്ല.

മെത്രാന്‍ സമിതികളും ശരിയായ ഒരു നിലപാട് എടുക്കാതെ വേട്ടക്കാരനൊപ്പമായിരുന്നു. "നീതിക്കുവേണ്ടി ദാഹിക്കുന്നവരെ എന്റെ പക്കല്‍ വരൂവെന്ന്" പറയുന്ന യേശുദേവന്റെ വാക്കുകളാണ് സമരം നടത്തിയ ഈ കന്യാസ്ത്രികള്‍ക്ക് ഉത്തേജനം നല്കിക്കൊണ്ടിരുന്നത്. മുപ്പത്തിനായിരത്തില്‍പ്പരം കന്യാസ്ത്രീകളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നവും ഈ ജീവന്മരണ സമരത്തിന്റെ പിന്നിലുണ്ടായിരുന്നു. ഹിറ്റ്‌ലറെപ്പോലെ ഏകാധിപത്യ ചിന്താഗതികളുമായി സഭയെ നയിച്ച ജലന്തര്‍ രൂപതയുടെ മെത്രാന്‍ ഫ്രാങ്കോ എന്നും ചരിത്ര സത്യമായി നിലകൊള്ളും. ബിഷപ്പിന്റെ ഔദ്യോഗിക വേഷങ്ങള്‍ നീക്കം ചെയ്തു ജൂബായും വസ്ത്രവും ധരിച്ചാണ് തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ സ്ഥലത്തുനിന്നും ഫ്രാങ്കോയെ പുറത്തുകൊണ്ടുവന്നത്. വഴിമദ്ധ്യേ ജനങ്ങള്‍ രണ്ടു വശത്തുനിന്നും ആര്‍ത്തു വിളിക്കുകയും കൂവുന്നുമുണ്ടായിരുന്നു. നീതിക്കായി പൊരുതിയ ഈ കന്യാസ്ത്രീകളുടെ ഭാവി എന്താണെന്നുള്ളതാണ് അടുത്ത വിഷയം. പന്തലില്‍ ഇരുന്ന കന്യാസ്ത്രികളെ സഭാ വിരോധികളെന്നു മുദ്ര കുത്താനാണ് ചില പുരോഹിത നേതൃത്വം ആഗ്രഹിക്കുന്നത്. കന്യാസ്ത്രീയുടെ മൊഴി സത്യമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ അറിയിച്ചിരുന്നു.

 ജയിലിനകത്തുള്ള ഫ്രാങ്കോ പുറത്തുള്ള ഫ്രാങ്കോയെക്കാളും ശക്തനെന്നു തോന്നിപ്പോവും. സഭ ഫ്രാങ്കോയെ കുറ്റകൃത്യങ്ങളില്‍നിന്നും വിമുക്തനാക്കാന്‍ അങ്ങേയറ്റം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. യുക്തി വാദികളും സഭാവിരുദ്ധരും നടത്തുന്ന സമരമാണ് ഇതെന്ന് സഭയുടെ ഉന്നതരും ചില രാഷ്ട്രീയ പ്രവര്‍ത്തകരും പ്രഖ്യാപിക്കുകയുണ്ടായി. വാസ്തവത്തില്‍ ഈ സമരത്തില്‍ സഭാ വിരുദ്ധരായ ആരും പങ്കു ചേര്‍ന്നിട്ടില്ല. ക്രിസ്തു ദേവന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു പകരം സഭയെ ഒരു വ്യവസായ സ്ഥാപനമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ് കന്യാസ്ത്രികള്‍ക്കൊപ്പം ഈ സമര പന്തലില്‍ പങ്കു ചേര്‍ന്നത്. സമരത്തില്‍ ഉള്‍പ്പെട്ടിരുന്നവര്‍ വെറും നാലു കന്യാസ്ത്രികള്‍ മാത്രമായിരുന്നെകിലും സമരം കേരള മനസാക്ഷിയെ തട്ടിയുണര്‍ത്തും വിധം വളര്‍ന്നു കഴിഞ്ഞിരുന്നു. മാതൃഭൂമി പത്രം ഉള്‍പ്പടെ മിക്ക ചാനലുകളും സമരത്തിന്റെ ആഹ്വാനങ്ങളുമായി മുമ്പിലുണ്ടായിരുന്നു. അവരുടെ മുമ്പില്‍ രാഷ്ട്രീയ നേതൃത്വവും സഭാ മേല്‍ക്കോയ്മയും മുട്ടു മടക്കേണ്ടി വന്നുവെന്നുള്ളതും യാഥാര്‍ഥ്യമാണ്. സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന കന്യാസ്ത്രി മഠങ്ങള്‍ സുരക്ഷിതമല്ലെന്ന് ഈ സമരം മൂലം ലോകത്തിനു ബോധ്യമായതും ഒരു വസ്തുതയാണ്. കേരളത്തിലെ പ്രബലമായ ഒരു സമുദായത്തെ പിണക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആഗ്രഹിച്ചിരുന്നില്ല. കന്യാസ്ത്രികള്‍ സമര പന്തലില്‍ വരുന്നവരെ ഇങ്ങനെ ഒരു സംഭവം നടന്നെന്നുള്ള വസ്തുത മറച്ചുവെക്കാനായിരുന്നു മിക്ക നേതാക്കളും ശ്രമിച്ചിരുന്നത്. 

 പി.സി. ജോര്‍ജിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍ കന്യാസ്ത്രീകളെ വ്യക്തിഹത്യ നടത്താനായി ദുഷിച്ച പ്രസ്താവനകളും ഇറക്കിക്കൊണ്ടിരുന്നു. സമരത്തില്‍ അനുഭാവം കാണിച്ചതിന്റെ പേരില്‍ മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസിയെ സഭാ സംബന്ധമായ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തി. അവര്‍ക്ക് വേദം പഠിപ്പിക്കാനോ, സഭാ സംബന്ധമായ സംഘടനകളില്‍ പ്രവര്‍ത്തിക്കാനോ സാധിക്കില്ല. അവര്‍ക്കു കുര്‍ബാന കൊടുക്കാനും അനുവാദമില്ല. ഈ വിലക്ക് ഏര്‍പ്പെടുത്തിയത് സ്ഥലത്തെ വികാരിയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയാകളില്‍ പ്രതിക്ഷേധം ഉയര്‍ന്നതോടെ ഈ നടപടികളില്‍ നിന്നും മാനന്തവാടി രൂപതയുടെ വികാരി പിന്മാറി. 


 വളരെയധികം എളുപ്പത്തില്‍  കൈകാര്യം ചെയ്യാവുന്ന ഈ വിഷയം ഇത്രമാത്രം വഷളാകാന്‍ കാരണം സഭയുടെ തലപ്പത്തിരിക്കുന്ന ആലഞ്ചേരി മുതല്‍ കേരളത്തിലെ മെത്രാന്മാര്‍ വരെയുണ്ട്. തക്ക സമയത്ത് ഫ്രാങ്കോയുടെ കുപ്പായമൂരി പുറത്താക്കിയിരുന്നെങ്കില്‍ ഇത്രമാത്രം സഭ വഷളാകില്ലായിരുന്നു. നാറില്ലായിരുന്നു. ഇര പുരോഹിതനാണെങ്കില്‍ എന്തു വില കൊടുത്തും പുരോഹിതനെ രക്ഷിക്കുന്ന ഒരു അവസ്ഥയാണ് കേരള സഭകളിലുള്ളത്. മറിയക്കുട്ടി കൊലക്കേസില്‍ കുറ്റവാളിയായ ഫാദര്‍ ബെനഡിക്ക്റ്റിനെ പിന്താങ്ങിയ കാലം മുതല്‍ സഭയുടെ ഈ നിലപാടുകള്‍ നാം കണ്ടുവരുന്നതാണ്. അഭയക്കേസിലെ പ്രതികള്‍ ഇന്നും സഭയുടെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചു നടക്കുന്നതു കാണുമ്പോള്‍ ആത്മാഭിമാനമുള്ള സഭാമക്കള്‍ തല താഴ്‌ത്തേണ്ടി വരും. അതുതന്നെയാണ് ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ സംഭവിച്ചതും ഫ്രാങ്കോ എന്ന ബിഷപ്പ് കേരളത്തിന്റെ ചരിത്രമായി മാറിയതും.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image