നിങ്ങൾക്ക് മരണത്തെ പേടിയുണ്ടോ? ഇല്ലെന്നോ ഉണ്ടെന്നോ പറയാം. എന്തു പറഞ്ഞാലും പ്രശ്‌നമില്ല. നിങ്ങളുടെ മറുപടി കേൾക്കുന്ന വ്യക്തി അതംഗീകരിച്ചേ പറ്റൂ. അതാണ് ന്യായം, വ്യവസ്ഥ. ഒരു മരണത്തിനു നാം ദൈവത്തിനു കടപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞത് കിഴവനും കടലും എന്ന മഹത്തായ കലാസൃഷ്ടിയുടെ ബ്രഹ്മാവായ ഹെമിംഗ്‌വേയാണ്. മരണത്തിന്‍റെ രഹസ്യയാമങ്ങൾ കടന്നുപോകുമ്പോൾ നമുക്ക് ഹെമിംഗ്‌വേയെ ഓർക്കാതിരിക്കാനാവില്ല. 1986 ജനുവരി അവസാനം നടന്ന ഒരു മരണമാണ് ഇത്തരത്തിലൊരു കടപ്പാടിന്‍റെ കഥ മനസ്സിലെത്താൻ ഇടവരുത്തിയത്. 


എഴുപതുകളിലേയും എൺപതുകളിലേയും മലയാളസിനിമയിൽ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ ചിരിയുടെ മാലപ്പടക്കത്തിലാവാഹിച്ച മണവാളൻ ജോസഫിന്‍റെ മരണത്തിനു കണ്ണീരിന്‍റെ അകമ്പടിപോലുമില്ലായിരുന്നു. തികച്ചം അപ്രതീക്ഷിതം.


 സിനിമയുടെ മഹാനഗരത്തിന്‍റെ നെടുംശാലയായ കോടമ്പാക്കത്തിന്‍റെ അതിർത്തി അവസാനിക്കുന്നത് നുങ്കംപാക്കം വില്ലേജ്‌റോഡിലാണ്. അവിടെയാണ് ഇടത്തരം സിനിമാക്കാരുടെ താവളമായ രാജ്‌ഹോട്ടൽ. സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ വരുന്നവരുടെ ആദ്യതാവളം. നൂറോ നൂറ്റമ്പതോ രൂപ കൊടുത്താൽ മുറികിട്ടും. ഇതിന്‍റെ ഇടുങ്ങിയ 18 -ആം നമ്പർ മുറിയിലായിരുന്നു 1986 ജനുവരിയുടെ അന്ത്യത്തിൽ മണവാളൻ ജോസഫ് അന്ത്യശ്വാസം വലിച്ചത്.

 ബൈബിൾ വിശ്വാസിയായിരുന്നു മണവാളൻ എന്ന സാധാരണക്കാരനായ ഹാസ്യനടൻ. ഹാസ്യത്തിന്‍റെ മേമ്പൊടിചേർത്ത് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള മണവാളന്‍റെ വിരുത് ശ്രദ്ധേയമായിരുന്നു. പക്ഷേ മരണത്തെപ്പോലും ഹാസ്യത്തിന്‍റെ ലായിനിയിൽ കുളിപ്പിച്ചു കിടത്താൻ മണവാളൻ ശ്രമിച്ചിരുന്നില്ലേ എന്നുപോലും സംശയക്കുന്ന വിധത്തിലായിരുന്നു അന്ത്യനാളുകൾ.

 രാജ്‌ഹോട്ടലിലെ 18 -ആം നമ്പർ മുറിയിൽ മരണവുമായി മുഖാമുഖം പ്രണയത്തിലാകുന്നതിന്‍റെ തലേദിവസം അടുത്തമുറിയിലെ സുഹൃത്തുക്കളുമായി മണവാളൻ പങ്കിട്ട സ്വപ്നാനുഭവം അത്ഭുതകരമായിരുന്നു. മണവാളൻ പറഞ്ഞു, 'സുഹൃത്തുക്കളെ, ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. രാവിലെ നോക്കുമ്പോൾ ഞാനെന്‍റെ മുറിയിൽ ഒറ്റക്ക് മരിച്ചുകിടക്കുന്നു. എനിക്ക് അന്ത്യകൂദാശ ചെയ്യാൻപോലും ആരും എത്തിയില്ല. പിന്നെ ഞാൻതന്നെ എഴുന്നേറ്റ് അതങ്ങ് ചെയ്തു- അന്ത്യകൂദാശ. ഞാൻതന്നെ ശവമെടുക്കാൻ തുടങ്ങുമ്പോൾ ദേണ്ടെ ഞാനങ്ങുണർന്നു.' ഇത്രയും പറഞ്ഞ് മണവാളൻ പൊട്ടിച്ചിരിച്ചു. സുഹൃത്തുക്കളും ചിരിച്ചിരിക്കണം. അവർ ചിരിക്കുമ്പോൾ ഉള്ളിൽ ഭീതിയുടെ ഉരുൾപൊട്ടൽ ഉണ്ടായിരുന്നിരിക്കണം. 

പക്ഷേ അടുത്ത ദിവസം രാത്രിയിൽ മണവാളൻ അന്തരിച്ചു. മരണത്തറയിൽനിന്ന് എഴുന്നേറ്റ് അന്ത്യകൂദാശ നടത്താൻ മണവാളനായില്ല. ശവം കീഴ്പാക്ക് മെഡിക്കൽ കോളേജിലേയ്ക്ക് പൊലീസ് പോസ്റ്റുമാർട്ടത്തിനു കൊണ്ടുപോകുമ്പോൾ സ്വപ്നാനുഭവം പങ്കിട്ട സുഹൃത്തുക്കൾ മിഴിച്ചുനിന്നു. 

പിറ്റേ ദിവസം രാജ്‌ഹോട്ടലിൽനിന്ന് സിനിമാക്കാരായ താമസക്കാർ കുടിയൊഴിഞ്ഞുപോയപ്പോൾ മരണമെന്ന കോമാളി അവരെ ആശങ്കയിലാഴ്ത്തിയിരിക്കണം. ഹൃദ്രോഗിയായിരുന്ന മണവാളൻ കുടുസ്സുമുറിയിലെ മേശക്കരികിൽ ഉടുതുണിപോലുമില്ലാതെ മരിച്ചുകിടക്കുന്ന കാഴ്ച ആരെയും ഭയപ്പെടുത്തുന്നതായിരുന്നു.

 ഐ വി ശശി സംവിധാനം ചെയ്ത വാർത്തയിൽ മണവാളനു അഭിനയിച്ചുതീർക്കാനുണ്ടായിരുന്നത് മുന്നു സീനുകൾ മാത്രമായിരുന്നു. അതിന്‍റെ ഡബ്ബിംഗിനായിരുന്നു മണവാളൻ ജോസഫ് മദ്രാസിലെത്തിയത്. ഡബ്ബിംഗ് കഴിഞ്ഞ് ഒരു ബുധനാഴ്ച വൈകുന്നേരമാണ് മണവാളൻ മുറിയിലെത്തി കതകടച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിട്ടും മുറിതുറക്കാത്തപ്പോൾ അടുത്ത മുറിയിലുള്ളവർക്ക് സംശയമായി. പൊലീസിന്‍റെ സഹായത്തോടെ മുറിതുറന്നപ്പോൾ വെറുംനിലത്ത് മരിച്ചുകിടക്കുകയായിരുന്നു ഈ നടൻ.


ഫോർട്ടുകൊച്ചി പട്ടാളം സ്വദേശിയായ പട്ടാളം ജോസഫ് മണവാളൻ എന്ന നാടകത്തിൽ മണവാളന്‍റെ വേഷംകെട്ടിയതോടെയാണ് മണവാളൻ ജോസഫായി മാറിയത്. രാരിച്ചൻ എന്ന പൗരനിലെ കല്യാണച്ചെറുക്കന്‍റെ വേഷം ആ പേരു അന്വർത്ഥമാക്കി. നീലക്കുയിലിലെ ചായക്കടക്കാരൻ നാണുനായർ മണവാളനെ സിനിമയിലേക്ക് കൂടുതൽ അടുപ്പിച്ചു.

കാളിദാസകലാകേന്ദ്രം, കലാനിലയം തുടങ്ങിയ ട്രൂപ്പുകളിൽ പ്രവർത്തിച്ച ശേഷമാണ് മണവാളൻ സിനിമയിലെത്തുന്നത്. നീലക്കുയിൽ മുതൽ ഐ വി ശശിയുടെ വാർത്ത വരെയുള്ള നിരവധി ചിത്രങ്ങളിൽ പടർന്നുപന്തലിച്ചുകിടക്കുകയായിരുന്നു മണവാളന്‍റെ സിനിമാജീവിതം.

 ഇരുപത്തൊൻപതു വർഷക്കാലം സിനിമയുടെ പിന്നാമ്പുറങ്ങളിൽ തമാശക്കഥാപാത്രങ്ങളുമായി ഈ നടൻ അലഞ്ഞുതിരിഞ്ഞു. ഇരുന്നൂറിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു. തുച്ഛമായ പ്രതിഫലം ദരിദ്രനായ മണവാളനെ നിലനിർത്തിയെന്നു പറയാനാവില്ല. ദാരിദ്ര്യത്തെ കീഴ്‌പ്പെടുത്താൻ പാടുപെടുന്ന സ്വന്തം കുടുംബം വാടകവീട്ടിൽ ഒതുങ്ങുന്നതിനെക്കുറിച്ച് മണവാളൻ പലപ്പോഴും പറയുമായിരുന്നു. ഭയം വിതറുന്ന മരണം മണവാളനെക്കൊണ്ടുപോയി. 

പക്ഷേ ഇരുന്നൂറിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ച ഈ നടന്‍റെ മരണവാർത്ത അന്നത്തെ പത്രത്താളുകളിലെ ചരമകോളത്തിൽപ്പോലും പ്രധാനവാർത്തയായില്ല. തുടക്കത്തിൽ പറഞ്ഞ ഹെമിംഗ്‌വേയുടെ വാക്കുകൾ അന്വർത്ഥമാകുന്നത് ഇത്തരം മരണങ്ങളിലാണ്- ഒരു മരണത്തിനു നാം ദൈവത്തിനു കടപ്പെട്ടിരിക്കുന്നു.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കോടമ്പാക്കം :ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് തുടങ്ങി നിരവധി വ്യത്യസ്ത   കൃതികള്‍ എഴുതിയ പ്രശസ്ത എഴുത്തുകാരനും പ്രസാധകനുമാണ് പി കെ ശ്രീനിവാസന്‍ )

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image