ഒ ക്യാപ്ടന്‍ !

 

മഹാപ്രളയം മുഖ്യമന്ത്രി പിണറായി വിജയനെയും മാറ്റിമറിച്ചു. എല്ലാ അര്‍ത്ഥത്തിലും. വാക്കിലും പ്രവർത്തിയിലും  മനസ്സ് തുറന്നു കാട്ടുന്നതില്‍ പിശുക്കു കാട്ടാതിരുന്ന പിണറായി ഒറ്റ രാത്രികൊണ്ട് ഒത്തിരി മാറി. മുൻഗാമി വി എസ് അച്യുതാനന്ദന്‍ മാത്രമാണ് ഇത്തരമൊരു മാറ്റംവരുത്തി വിജയിച്ച ജനകീയനായ നേതാവ്.

 

അധികാരത്തില്‍ എത്തി രണ്ടു വർഷമായെങ്കിലും കർക്കശക്കാരനായ ഒരു കണ്ണൂര്‍ കമ്മ്യൂണിസ്റ്റ്‌ നേതാവിന്‍റെ ശരീരഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുമായി പൊതുവെ സംവദിച്ചിരുന്നത്. ആരെയും അടുത്തു ചെല്ലാന്‍ അനുവദിക്കാത്തഅകൽച്ച    തോന്നിപ്പിക്കുന്ന നടപ്പും കൂസലില്ലാത്ത ഭാവവും സാധാരണക്കാരെ ആകര്ഷിക്കുന്നതായിരുന്നില്ല. വേണ്ടിവന്നാല്‍ ഒരു കൈക്കു തയ്യാര്‍ എന്ന ഭാവം അദ്ദേഹത്തിന്‍റെ മുഖമുദ്രയായിരുന്നു. ശാന്തമായി സംസാരിക്കുന്ന ഇത്തരം ഒരു നേതാവ് പാർട്ടി പ്രവർത്തകരില്‍ ഭക്തിയും ആരാധനയും സൃഷ്ട്ടിച്ചിരിക്കാം. എന്നാല്‍ സാധാരണക്കാര്‍ അദ്ദേഹത്തില്‍ നിന്ന് അകന്നു തന്നെ നിന്നു. ഓഖി ദുരന്തകാലത്തെ പിണറായിയെ ഇവിടെ നമുക്ക് ഓർക്കാം.

 

എന്നാൽ മഹാദുരന്തസമയത്ത് ആർദ്രമായ ഭാവത്തോടെ ജനങ്ങളെ സമീപിച്ച പിണറായി സ്വയം മാതൃകയായി. "അതിന് നമ്മള്‍  എല്ലാവരും  ഇറങ്ങുകയല്ലേ",  എന്ന് അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ കേരളമാകെ അതൊരു  ഉത്സവപ്രതീതി സൃഷ്ടിച്ചു. ദുരിതാശ്വാസത്തിന് ഒരാളുടെ ഒരു മാസത്തെ ശമ്പളം നൽകണമെന്ന അദ്ദേഹത്തിന്‍റെ ആഹ്വാനം കേരളം ഏതാണ്ട് പൂർണ്ണമായി ഏറ്റെടുത്തു.

 

മഹാദുരന്തകാലത്ത്  മുഖ്യമന്ത്രി മികവുറ്റ നേതാവിനിണങ്ങുന്ന  രാഷ്ട്രതന്ത്രജ്ഞതയോടെ മാതൃകയായി. പുറത്ത് കേരളത്തിനു സംഭാവന നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ  മികച്ച രാഷ്ട്രതന്ത്രജ്ഞനെപ്പോലെ അദ്ദേഹം പെരുമാറി. കേന്ദ്രസഹായം സംബന്ധിച്ച രാഷ്ട്രീയ ചോദ്യങ്ങൾക്ക് മുന്നിൽ പിണറായി വിജയന്‍ എന്ന രാഷ്ട്രീയക്കാരനേക്കാൾ അദ്ദേഹത്തിലെ രാഷ്ട്രതന്ത്രജ്ഞൻ ഉയർന്നുനിന്നു. 

 

ദുരന്തകാലത്തെ രക്ഷാപ്രവർത്തന ചുമതല സൈന്യത്തെ  എൽപ്പിക്കണമെന്ന നിർദ്ദേശം അദ്ദേഹം സ്വീകരിച്ചില്ല. വലിയൊരു വെല്ലുവിളിയാണ് അദ്ദേഹം അതുവഴി എറെടുത്തത്. ചെറിയ പാളിച്ച വന്നിരുന്നെങ്കില്‍ അതുപോലും കേരളം പൊറുക്കില്ലായിരുന്നു. പക്ഷെ മത്സ്യതൊഴിലാളികളെ രക്ഷാപ്രവർത്തനത്തിന് ഇറക്കിയും സർക്കാർ സംവിധാനങ്ങളെ ഒട്ടൊക്കെ കാര്യക്ഷമമായി ഏകോപിപ്പിച്ചും  അറുപതിനായിരത്തിലേറെ പേരെ രക്ഷപ്പെടുത്താനും  മരണസംഖ്യ വല്ലാതെ ഉയരാതെ നിയന്ത്രിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

 

മഹാപ്രളയം പിണറായിയിലെ പച്ചയായ  മനുഷ്യനെ പുറത്തു കൊണ്ടുവന്നു. വാക്കിലോ നാക്കിലോ നടപ്പിലോ ഒരു പിഴയുമില്ലാതെ തികഞ്ഞ അടുപ്പത്തോടെയും കാരുണ്യത്തോടെയും അദ്ദേഹം മാധ്യമങ്ങളെയും ജനങ്ങളെയും കണ്ടു. വെള്ളപ്പൊക്കം തകർത്ത ഇടങ്ങളില്‍ കഴിയുന്നത്ര എത്തി. എല്ലാവരെയും ഉൾക്കൊള്ളാനുള്ള രാഷ്ട്രീയ മര്യാദ പ്രകടിപ്പിച്ചു. ചെറിയ നിർദ്ദേശങ്ങള്‍ക്കുപോലും അദ്ദേഹവും അദ്ദേഹന്‍റെന്റെ ടീമും  ചെവികൊടുത്തു. ഈ കൈകളില്‍ തങ്ങള്‍ ഭദ്രമാണെന്ന തോന്നല്‍ അദ്ദേഹം സൃഷ്ടിച്ചു. ജനാധിപത്യത്തില്‍ അത്ര സാധാരണമല്ലാത്ത കാര്യമാണിത്. ആപല്‍ഘട്ടത്തില്‍ പ്രതിപക്ഷം പിന്തുണച്ചതും അദ്ദേഹത്തിന് സഹായമായി.

 

ചികിത്സയ്ക്ക് വിദേശത്തേക്കുള്ള സ്വന്തം യാത്ര മാറ്റിച്ചിട്ടായിരുന്നു അദ്ദേഹത്തിന്‍റെ നിരന്തരമായ പ്രവർത്തനം. പിണറായി മുഴുവൻ കേരളീയരുടെയും  മുഖ്യമന്ത്രിയായി മാറുകയായിരുന്നു. ഇത്തരം സ്വാഭാവികമായ പരിണാമം എല്ലാവർക്കും ഉണ്ടാകാറില്ല പലപ്പോഴും ധാര്‍ഷ്ട്യമാകും അധികാരത്തില്‍ എത്തുന്നവരെ നയിക്കുയെങ്കിൽ പുതിയ പിണറായി ആൾക്കൂട്ടങ്ങളിൽ  അലിഞ്ഞു ചേർന്നുനില്‍ക്കുന്ന നേതാവും ഭരണാധികാരിയുമായിരുന്നു. ഉള്ളിന്‍റെ ഉള്ളില്‍ ആ കർക്കശ സ്വഭാവവും കണ്ണൂർക്കാരന്‍റെ സൈദ്ധാന്ധിക മെയ്‌വഴക്കങ്ങളും ഇപ്പോഴും ഉണ്ടാകാം. ഉണ്ടാകണം. 

 

പ്രളയത്തിനുത്തരവാദി എന്ന നിലയില്‍  വിമർശിക്കേണ്ട ആളെ രക്ഷാപ്രവർത്തനത്തിന്‍റെ പേരിൽ ആദരിക്കുന്നത്  ശരിയല്ലെന്ന് ഒരു പ്രൊഫസര്‍ കുറ്റപ്പെടുത്തുന്നു. കൂട്ടായ തീരുമാനങ്ങളല്ല അദ്ദേഹം നടപ്പാക്കുന്നതെന്ന് പ്രതിപക്ഷവും  ആരോപിപിക്കുന്നു. പ്രളയത്തിന്‍റെ  ഹേതു അവര്‍ പിണറായിയില്‍ ആരോപിക്കുന്നു. അതൊക്കെ വീണ്ടും ആലോചനവിഷയമാകാം. 

 

എന്നാൽ  അവസരത്തിനൊത്ത് ഉയർന്ന പിണറായി തൽക്കാലം എല്ലാവരുടെയും നാവടപ്പിച്ചിരിക്കുന്നു. ആപൽഘട്ടത്തില്‍  ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് പിണറായി ഈ മഹാദുരന്തകാലത്ത് കാട്ടിത്തന്നു. ലാളിത്യം മുഖമുദ്രയാക്കിയ എത്രയോ രാഷ്ട്രീയനേതാക്കന്മാര്‍  ഉള്ള കേരളത്തില്‍ ഇത് പുതുമയല്ലെങ്കിലും പിണറായിയുടെ  രൂപാന്തരം ഏറെ കൗതുകകരമായിരിക്കുന്നു. ഈ വിശാല സമീപനം സങ്കീർണ്ണമാകുന്ന  കേരള രാഷ്ട്രീയത്തില്‍  ഇനിയും  നമുക്ക് പ്രതീഷിക്കാം.

Comments

  1. ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് തന്റെ ചുമതലയിൽ പെട്ട കാര്യമെന്ന നിലയിൽ അങ്ങേയറ്റം ഉത്തരവാദിത്തത്തോടെയും സമചിത്തതയോടെയും പ്രളയകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനായി എന്നത് തീർച്ചയായും അഭിനന്ദനാർഹമാണ്. കടുത്ത കർക്കശക്കാരനായ കണ്ണൂർക്കാരന്റെ ശരീരഭാഷ മാറ്റി ശാന്തനായി ആർദ്രഭാവത്തോടെ ജനങ്ങളെ സമീപിച്ചതോടെ വിജയൻ ആളാകെ മാറി എന്ന തരത്തിലുള്ള പരാമർശത്തോട് ഒട്ടും യോജിപ്പില്ല. അദ്ദേഹത്തിന്റെ രീതികളിൽ വന്ന മാറ്റം പ്രളയദുരിതം വരുത്തി വച്ച ദൈന്യാവസ്ഥയോട് പ്രതികരിക്കേണ്ടി വരുന്ന ഒരു യഥാർത്ഥ ജനസേവകന്റെ സ്വാഭാവികമായ രൂപഭാവങ്ങൾ മാത്രമായിരുന്നു. തന്നെയും തന്റെ രാഷ്ട്രീയത്തെയും ദുഷ്ടലാക്കോടെ ആക്രമിക്കുന്നവർക്കെതിരെ കർക്കശഭാവത്തിലും അസഹിഷ്ണതയോടെയും അദ്ദേഹം പെരുമാറിയിട്ടുണ്ടാകും.അക്കാര്യത്തിൽ അദ്ദേഹം ഇനിയും മാറുമെന്ന് തോന്നുന്നില്ല. ചിലപ്പോൾ കുറേക്കൂടി അയഞ്ഞേക്കാം. പക്ഷെ ആ നിലപാടും പ്രളയദുരിതകാലത്തെ മുഖ്യമന്ത്രിയുടെ ജനങ്ങളോടുള്ള സമീപനവും താരതമ്യം ചെയ്യുന്നതേ ശരിയല്ല. നേതാക്കളുടെ ശരീരഭാഷയും സംസാരരീതിയും സസൂക്ഷ്മം വിലയിരുത്തി ചിലപ്പോൾ അവരെ താഴ്ത്തിക്കെട്ടാനും ( ചവുട്ടി താഴ്ത്താനും) മറ്റു ചിലപ്പോൾ ആരാധനയുടെ മണിമകുടത്തിലേറ്റി പൂജിച്ച് ആദരിക്കാനുമുള്ള നിലവാരം കുറഞ്ഞ രാഷ്ട്രീയ നിരീക്ഷകരാണ് പലപ്പോഴും പല നേതാക്കളുടെയും ശത്രുക്കൾ. അതുപോലെ തന്നെ നേതാവിന്റെ അപദാനങ്ങൾ പാടിപുകഴ്ത്തി മുഖചിത്ര പോസ്റ്ററുകൾ കക്കൂസിൽ വരെ ഒട്ടിച്ച് വിധേയത്വം കാണിക്കുന്ന പിന്നണികളും. ഏതു രാഷ്ടീയ പാർട്ടിയുടേതായാലും.പാർട്ടികളുടെ രാഷ്ട്രീയ നിലപാടുകൾ നിരീക്ഷിക്കപ്പെടട്ടെ. ചർച്ച ചെയ്യപ്പെടട്ടേ. നേതാവിന്റെ മഹത്വം മാത്രമല്ല, പ്രസ്ഥാനത്തിന്റെ പൊതു കാഴ്ചപ്പാടാണ് ഏറ്റവും പ്രധാനം എന്നു കരുതുന്ന ഇടതുപക്ഷ പാർട്ടികളാണ് വ്യക്തിപൂജകളിൽ നിന്ന് പുറത്തു വരേണ്ടത്. VS നെ ഒരു കാലത്ത് ചീത്ത വിളിച്ചവർ ഇന്ന് നെഞ്ചേറ്റി ലാളിക്കുന്നു. പിണറായി വിജയനെ ചീത്ത വിളിച്ചവർ ഇന്ന് പുകഴ്ത്തിപ്പറയുന്നെങ്കിൽ സൂക്ഷിക്കേണ്ടതുണ്ട്. വ്യക്തിപൂജയുടെ മേഖലകളിൽ ഇഷ്ടാനിഷ്ടങ്ങൾ മാറിമറിഞ്ഞേക്കാം. അതുകൊണ്ട് കേരളാ മുഖ്യന്ത്രി തന്റെ പദവിയിലിരുന്ന് ഉചിതമായി പ്രവർത്തിച്ചു എന്നു പറയുന്നത് അംഗീകരിക്കുന്നു. അദ്ദേഹം വളരെയധികം മാറി എന്നത് അംഗീകരിച്ചു തരില്ല, കാരണം ആരോടെങ്കിലും അദ്ദേഹത്തിന് ഇനി കർക്കശമായി പെരുമാറേണ്ടി വന്നാൽ അദ്ദേഹത്തെ പരമാവധി ചവിട്ടിത്താക്കാൻ ഇപ്പോൾ നിങ്ങളൊക്കെ കൊടുക്കുന്ന ഈ പൊക്കം കാരണമായി തീരും എന്നതു തന്നെ.

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image