നിഗൂഡമായ മാന്ത്രികത 
പി എസ്‌ ജോസഫ്
 
ബി എം സി നായര്‍
എന്ന മോഹനചന്ദ്രന്‍
(1941-2018)

  "ആശാനെ", ഒരു കള്ളച്ചിരിയോടെയുള്ള  .വിളി .സുഹൃദ്സദസ്സൂകളിലും നയതന്ത്ര രംഗത്തും നിറഞ്ഞു നിന്ന ആ ചിരിയും വിളിയും  ഇനി ഓര്‍മ്മ .2018 ജൂണ്‍ 15 നു അദ്ദേഹം നിത്യയാത്രയായി മദിരാശിയിലെ അണ്ണാനഗറിലെ ആ വീട്ടില്‍ രാവേറെ നീണ്ടു നില്‍ക്കുന്ന സംഭാഷണങ്ങളില്‍ ഏറെയും രാത്രിഞ്ചരന്മാരെ പറ്റിയായിരുന്നു   .മലയാളത്തിലെ ഏറ്റവും മികച്ച മാന്ത്രിക നോവലിന്റെ  സൃഷ്ടാവിന്  ഡ്രാക്കുളയും ട്രാന്‍സ്വില്‍വേനിയയും  യക്ഷിക്കഥകളും പുരാണങ്ങളും    ഒരുപോലെ ഹൃദിസ്ത്വം.     ജര്‍മനിയില്‍കഴിയവേ ഡ്രാക്കുളയുടെ നാട്ടിലൂടെ  പലവട്ടം കറങ്ങിയ സഞ്ചാരി കൂടിയായ മോഹനചന്ദ്രന്‍ എന്ന എഴുത്തുകാരനെയോ അതോ ബി എം സി നായര്‍ എന്ന നയതന്ത്രന്ജനെയോ ഞാന്‍ ഇഷ്ടപെട്ടത്.അദ്ദേഹത്തെ പരിചയപ്പെടും മുന്‍പേ  മനസ്സില്‍ ഭീതിയും രതിമൃത്യുഭയങ്ങളും ഉയര്‍ത്തിയ കലിക ഞാന്‍ വായിച്ചിരുന്നു . ആ മൂന്നക്ഷരങ്ങളിലെ മാന്ത്രികത ഹൃദയത്തില്‍ ആവാഹിച്ചിരുന്നു.
  സിംഗപ്പൂരിലും മോസാംബിക്കിലും അവസാനം കുവൈറ്റിലും അംബാസഡര്‍ ആകും മുന്‍പേ വിയറ്റ്നാമിലും ഈജിപ്തിലും ജര്‍മ്മനിയിലുമെല്ലാം  അദ്ദേഹം നയതന്ത്രപ്രതിനിധിയായിരുന്നു .ഹോചിമിന്റെ മരണം ലോകത്തെ ആദ്യമായി അറിയിച്ചത് അദ്ദേഹമായിരുന്നുഈജിപ്ടും ഇസ്രയേല്ലും യുദ്ധം നടക്കുമ്പോള്‍ ഈജിപ്തില്‍  പൊളിറ്റിക്കല്‍ സെക്രട്ടറി . ജര്‍മ്മനിയില്‍ കഴിയവേ വിഖ്യാത സാഹിത്യകാരനായ ഗുന്തര്‍  ഗ്രാസുമായുള്ള അടുപ്പത്തിന്റെ സൂചനയുമായി അദ്ദേഹത്തിന്‍റെ രേഖാചിത്രങ്ങള്‍ സ്റ്റഡി റൂമില്‍ നിറഞ്ഞു നിന്നു... അതൊരു അപൂര്‍വ ഖനിയായിരുന്നു. മലയാളത്തിലെ പ്രാചീന കൃതികള്‍ മുതല്‍ പുതിയ രചനകള്‍ വരെ അവിടെയുണ്ടായിരുന്നു.
  ചങ്ങമ്പുഴയും ഇടശേരിയും എല്ലാം നിറഞ്ഞു നില്‍കുന്ന സായാന്ഹങ്ങളില്‍  ചിലപ്പോള്‍  ജര്‍മനിയില്‍ അഖില ലോക മലയാളസമ്മേളനം നടത്തിയ ഓര്‍മ്മകള്‍ അദ്ദേഹം പങ്കിടും.എഴുത്തും ആതിഥ്യ അദ്ദേഹത്തിനു വലിയ ഹരമായിരുന്നു അതെ പോലെ സുഹൃത്തുക്കളെയും മനസ്സ് തുറന്നു സ്വീകരിച്ചു ..മദിരാശിയില്‍ നിന്ന് സുഹൃത്തക്കളെ കാണാന്‍ എല്ലാ വര്‍ഷവും ഒരു മാസം അദ്ദേഹം കാറില്‍ യാത്രചെയ്തു പോകുമായിരുന്നു. 
 1941 മെയ്‌ 20 നുആലുവയിലാണ് ജനനം .ആലുവ യു സി കോളേജില്‍ നിന്നും മഹാരാജാസില്‍ നിന്നും രൂപപ്പെട്ട ആ സൌഹൃദങ്ങള്‍ പില്‍ക്കാലത്ത്‌ ദേശീയതലത്തിലും ദൃഡമായി . 62 ഇല്‍ എം എക്ക് ചരിത്രത്തില്‍  ഒന്നാം റാങ്ക് നേടിയ അദ്ദേഹം  സിവില്‍  സര്‍വിസിലും  ഉന്നത നേട്ടം കൊയ്തു.
  ഇതിനിടെയാണ് കലികയുടെ രചന . നാട്ടില്‍ നിന്നകലെയായിരുന്ന അദ്ദേഹത്തെ ആരും കാര്യമായി കൊണ്ടാടിയില്ല .ഒരു നാടിന്റെ മിത്തും സാഹസികമായ സൌഹൃദങ്ങളും  അടിത്തറയാക്കി പ്രതികാര ത്രുഷ്ണയോടെ ജ്വലിക്കുന്ന കലികയെ മോഹനചന്ദ്രന്‍ അവതരിപ്പിച്ചപ്പോള്‍ മലയാളം ശരിക്കും ഞെട്ടെണ്ടതായിരുന്നു.ഇത്ര വൈദഗ്ദ്യത്തോടെ  ഒരു മാന്ത്രിക കഥ ആലേഖനം ചെയ്യപ്പെട്ടിട്ടില്ല.യുക്തിസഹമായി മിത്തുകള്‍ ആധാരമാക്കി സൃഷ്ടിച്ച കഥാപാത്രങ്ങള്‍ അനുനിമിഷം നിങ്ങളെ ഭീതിയുടെയും സ്തോഭത്തിന്റെയും തീരത്തെത്തിക്കും .അത് ബാലചന്ദ്രമേനോന്‍ സിനിമയാക്കിയെങ്കിലും നിര്മാതാവുമായുള്ള പ്രശ്നങ്ങളാല്‍ അത് വേണ്ടവിധം പ്രദര്‍ശിപ്പിക്കപ്പെട്ടില്ല. എങ്കിലും ഷീല അവതരിപ്പിച്ച കലികയും സുകുമാരന്‍ അവതരിപ്പിച്ച ജോസെഫും ഇന്നും നിറമുള്ള കഥാപാത്രങ്ങളായി നില്‍ക്കുന്നു  
 കലിക തമിഴിലും ഇംഗ്ലീഷിലും എത്തി .എങ്കിലും ഡിപ്ലോമാറ്റ് എന്നപ്രശസതി അതിനെ ഓവര്‍ ഷാഡോ  ചെയ്തു എന്ന് പറയാനേ കഴിയൂ .പാശ്ചാത്യവും പൌരസ്ത്യവുമായ അന്ധവിശ്വാസങ്ങളില്‍ കൂടു കെട്ടിയിരിക്കുന്ന രചനാരീതി എല്ലാവര്ക്കും അത്ര ഇഷ്ടപെടണമെന്നില്ലല്ലോ. കാക്കകളുടെ രാത്രി ,വേലന്‍ ചടയന്‍ ,സുന്ദരി ഹൈമവതി ,ഗന്ധകം ,പന്തയകുതിര ,കരിമുത്ത് എന്നിവയാണ് അദ്ദേഹത്തിന്‍റെ കൃതികള്‍ .അവസാനത്തെ കൃതി മകളുമൊത്താണ്  അദ്ദേഹം എഴുതിയത് 
 നയതന്ത്ര രംഗത്തെ നേട്ടങ്ങളെക്കുറിച്ച് പറയാന്‍ വിമുഖനായിരുന്നു അദ്ദേഹം തികഞ്ഞ ചിരിയോടെ കൌതുകകരമായ് ചില ആല്‍മ ബന്ധങ്ങളെ പറ്റി പറയാന്‍ ആയിരുന്നു അദ്ദേഹത്തിനു താല്പര്യം രാഗിണിയും വൈജയന്തിമാലയും ശിവജിയും  ജമിനി ഗണേശനും എല്ലാം ആ തമാശകളില്‍  കയറി വരും.വീണ്ടും കലിക സിനിമയാക്കിയാല്‍  ആരായിരിക്കണം നായിക എന്നുപോലും അദ്ദേഹം കണ്ടു വെച്ചിരുന്നു. 
 ഒരു ഭൂതത്താന്‍ കോട്ടട്യിലേക്ക് കേറിചെല്ലുന്ന അനുഭവമാണ് അണ്ണാനഗറിലെ അദ്ദേഹത്തിന്‍റെ  വീട്ടിലേക്കുള്ള യാത്ര .പലതരം മാസ്കുകളും ആര്ടിഫാക്ടുകളും   അലങ്കരിക്കുന്ന വിശാലമായ ആ വീട്ടില്‍ അദ്ദേഹവും ഭാര്യ  ലളിതയും  മാത്രം,മക്കള്‍ രണ്ടുപേരും വിദേശത്തു വിവാഹിതരായി കഴിയുന്നു. 
   ഭാഷയില്‍  ഉള്ള  അദ്ദേഹത്തിന്‍റെ അഗാധമായ പ്രാവീണ്യമാണ്എന്നെ ഏറെആകര്‍ഷിച്ച മറ്റൊരു ഘടകം  .തിരുക്കുറല്‍ വിവര്‍ത്തന ചെയ്തഒരാളോടു കുറളിലെ ഒരു ഈരടി ചൊല്ലി  അര്‍ഥം ചോദിച്ചു  അന്തിപ്പിച്ചത് ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു
  നയതന്ത്ര രംഗത്ത്‌ നിന്ന് കിട്ടിയതാകാം സുഹൃത്തുക്കളെ സല്ക്കരിക്കുന്നതിനുള്ള ഭ്രമം .മാമ്പഴക്കാലമെത്തിയാല്‍  കുട്ടയായി  ആ വീട്ടില്‍ നിന്ന് മാമ്പഴം കെ എ ജോണിക്കും പി കെ ശ്രീനിവാസനും  എനിക്കും അദ്ദേഹം പലപ്പോഴും നേരിട്ട് തന്നെയെത്തിക്കും .തിരിച്ചു കൊടുക്കാനാകാത്ത മാധുര്യത്തിന്റെ മുദ്രകള്‍ .
  കൂടികാഴ്ചകളില്‍ തീന്‍ മേശയില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിഭവങ്ങള്‍ നിറയും ,മദ്യം  മുറ പോലെ .പലപ്പോഴും അത് വോഡ്ക നൈറ്റ്സ് ആകും .പേരുകള്‍ മാറുമെങ്കിലും തികച്ചും സുതാര്യമായ ഡ്രിങ്ക് .മദ്യത്തിന്ആ പകരം വെള്ളം ഒഴിച്ചാലും ആരും അറിയില്ല എന്നൊരു ഗുണം വോട്കയ്ക്കുണ്ട് .ആറു കഴിഞ്ഞും  ആ കാലുകള്‍ തളരുന്നത് ഞാന്‍ കണ്ടിട്ടിട്ടില്ല. എഴാമത്തെ പെഗ്ഗും തീര്‍ത്ത്‌  നയതന്ത്ര സല്ക്കാരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന  ബി എം സി യേ എനിക്ക് ഒരത്ഭുതത്തോടെയേ ഓര്‍ക്കാനാവൂ .ക്ല്ബ്ബില്‍ എത്തിയാല്‍ പരിചാരകനു ആദ്യമേ  ടിപ് നല്‍കുന്ന ബി എം സിമറ്റൊരു കൗതുകം.വിരുന്നുകളില്‍ ഒരിക്കലും പണം നല്‍കാന്‍ അനുവദിക്കാതെ ഒരു ജേഷ്ടസഹോദരന്റെ അവകാശം എന്ന് പറഞ്ഞു പണം നല്‍കുന്ന  വ്യക്തി. ഓര്‍ക്കുമ്പോള്‍ ആ വ്യക്തിത്വം  എത്രമാത്രം ഞാനുമായി അടുത്തിരുന്നുവെന്നു ഇന്ന് ഓര്‍ത്തുപോകുന്നു.അദ്ദേഹവുമ്വുമായി അടുത്തവരുടെയെല്ലാം ചിന്ത  ഇങ്ങനെയായിരിക്കാം
 ബി എം  സി യുടെ സഹോദരന്‍ ബി  ആര്‍ നായരുമിട്ടായിരുന്നു എന്റെ ആദ്യ പരിചയം അദ്ദേഹം അന്ന് സതേണ്‍ റെയില്‍വെയില്‍ സി സി എസ ,ഞാന്‍ ചെന്നെയില്‍ മാതൃഭുമി ലേഖകന്‍  പക്ഷെ അടുപ്പം വളര്‍ന്നത് ബി എം സി  യുമായി .അതും പ്രതീക്ഷിക്കാത്ത വിധത്തില്‍.
  കുവൈറ്റില്‍ നിന്ന് വോളണ്ടറി റിട്ടയര്‍മെന്റ്റ് എടുത്തു 1998 നു ശേഷം മദിരാശിയില്‍ കഴിയുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത് സ്വാഭാവികമായും,എനിക്ക് അദ്ദേഹവുമായി ചേര്‍ത്തുകേട്ടിരുന്ന ഒരു അപവാദത്തിന്റെ  പിന്നാമ്പുറം എന്തെന്നു ചോദിക്കാതിരിക്കാനാവുമായിരുന്നില്ല .എന്തായിരൂനു അതില്‍ അദേഹത്തിന്റെ പങ്കു? അദേഹം ആ  ചോദ്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി .അശോകനഗറിലെ എന്റെ വീടിന്റെ മുന്‍പില്‍ തന്‍റെകാറില്‍ നിന്നിറങ്ങി അദ്ദേഹം ആ സമയത്ത് നടന്ന സംഭവങ്ങള്‍  ഒന്നൊന്നായി  പറഞ്ഞു .ആ സംഭവം നടക്കുമ്പോള്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നുവെന്നദ്ദേഹം ഓര്‍മിച്ചു .അദ്ദേഹത്തിനു അതില്‍ നിന്ന് ഒരു നേട്ടവും ഉണ്ടായില്ല എന്ന് മാത്രമല്ല അത് യാതൊരു കാര്യവുമില്ലാതെ  പേരു  ദോഷത്തിനു വഴി തെളിക്കുകയും ചെയ്തു എന്ന് ഞാന്‍ കരുതുന്നു  .ഉന്നതനായ ഒരു ബി ജെ പി നേതാവുമായി കുവൈറ്റില്‍ ഉണ്ടായ ഒരു ഉരസല്‍ ആണ് അദ്ദേഹത്തെ    വോളണ്ടറി റിട്ടയര്‍മെന്ടിലേക്ക്  നയിച്ചത് എതായാലും ആ ചോദ്യം  ഒരുപക്ഷെ ആ സമയത്ത് അദേഹത്തെ ആലോസരപ്പെടുത്തിയിരിക്കാമെങ്കിലും  അത്  ഞങ്ങളുടെ ബന്ധത്തെ പിന്നീടു സ്പര്‍ശിച്ചതേയില്ല.തന്റെ ബാച്ച് മൈറ്റ് സി ഡബ്ല്യു ജി സെക്രട്ടറി ജനറല്‍ ആയി എന്നറിഞ്ഞപ്പോള്‍ താനും ആ നിലയിലോ അതിനു മുകളിലോ എത്തുമായിരുന്നു എന്നദേഹം ഒരിക്കല്‍ മാത്രംപറയുകയുണ്ടായി .ആ ഭാരം ഏറ്റെടുത്തിരുന്നു എങ്കില്‍ മദിരാശിയില്‍ വായനയും എഴുത്തും നിറഞ്ഞ മധുരമായ സായാന്ഹങ്ങള്‍ അദ്ദേഹത്തിനു ലഭിക്കുമായിരുന്നില്ലല്ലോ.
   
മുന്നോട്ടും പിന്നോട്ടും ഒരേ പോലെ വായിക്കാവുന്ന മാന്ത്രികവാക്കാണ് കലിക .മലയാള ഭാഷയുടെ മാന്ത്രികതയും ആവിഷ്കരിച്ച രചന. ആ ചിരിയിലും വാക്കിലും നിഗൂഡമായ മാന്ത്രികത ഒളിപ്പിച്ചിരുന്നോ?
  

     
  

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image